മൂന്നാംവയസ്സിൽ ഒരു പന്ത് ആദ്യമായി കിട്ടിയപ്പോൾ അതു കളഞ്ഞുപോകാതിരിക്കാൻ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചുറങ്ങിയ ബ്യുണസ് അയേഴ്സിലെ തെരുവുബാലൻ

    55

    Shibu Gopalakrishnan

    വെറും അറുപത് വർഷങ്ങൾ കൊണ്ട് എത്രയധികം നൂറ്റാണ്ടുകളാണ് ഈ മനുഷ്യൻ ജീവിച്ചു തീർത്തത്. എല്ലാമെല്ലാമായ ദൈവമായും വെറും മനുഷ്യനായും കയറിയും ഇറങ്ങിയും കാലവും കളവും നിറഞ്ഞു കളിച്ചത്. എത്രയധികം ജീവിതങ്ങൾ! മൂന്നാമത്തെ വയസ്സിൽ ഒരു പന്ത് ആദ്യമായി കിട്ടിയപ്പോൾ അതു കളഞ്ഞുപോകാതിരിക്കാൻ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചുറങ്ങിയ ബ്യുണസ് അയേഴ്സിലെ തെരുവുബാലൻ. അയാൾ ഏറ്റവും അധികം ചുംബിച്ചത് കപ്പുകളെ ആയിരുന്നില്ല, പന്തുകളെ ആയിരുന്നു. ഒരു പന്തുകിട്ടിയാൽ ആദ്യം ചെയ്തിരുന്നത് കളഞ്ഞുപോയ അമൂല്യമായ എന്തോ ഒന്നു തിരിച്ചെത്തിയതുപോലെ വാരിപ്പുണർന്നു ചുണ്ടുകളാൽ നെഞ്ചോട് ചേർക്കുമായിരുന്നു.

    ഫുട്‍ബോളിനെ ദൈവം ഉള്ള ലോകത്തെ ഏറ്റവും വലിയ മതമാക്കി മാറ്റിയ മനുഷ്യാ. ഇതിലും വലിയ മതിലുകൾ നിങ്ങൾ മറികടന്നിട്ടുണ്ട്, അതുകണ്ടു ഞങ്ങൾക്ക് ശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്, ഇത്രമേൽ നിരുപാധികം ആരെയും സ്നേഹിച്ചിട്ടില്ല. തോൽക്കുമ്പോഴും, പിന്നെയും പിന്നെയും തോൽക്കാൻ തീരുമാനിക്കുമ്പോഴും, ആരോടും ഇത്രയധികം ക്ഷമിക്കാൻ തോന്നിയിട്ടില്ല.ഈ കളിയിലും നിങ്ങൾ തോൽക്കുന്നില്ല, കാലുകളിൽ ദൈവത്തിന്റെ കൈയൊപ്പുള്ള മനുഷ്യാ. ഭൂമിയിൽ നിന്നും ആരും യാതൊന്നും ഇതുവരെ കൊണ്ടുപോയിട്ടില്ല, എന്നാൽ നിങ്ങൾ ഒരു കാല്പന്തെങ്കിലും ഒളിച്ചു കടത്തിയിട്ടുണ്ടാവും.ലോകമെമ്പാടുമുള്ള നെഞ്ചിടിപ്പുള്ള എത്രയോ അധികം മനുഷ്യരാണ് നിങ്ങളില്ലാത്ത ലോകത്തിന്റെ ഗ്യാലറിയിലിരുന്നു ഇപ്പോൾ കണ്ണീർവാർക്കുന്നത്. നിലച്ചുപോയ ഈ നിമിഷത്തെയോർത്തു നിലയില്ലാതെ നിലവിളിക്കുന്നത്. മരിക്കുന്നില്ല…