ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങൾക്ക് മുന്നിൽ വേണം എഴുന്നേറ്റുനിന്നു നിലയ്ക്കാതെ കൈയടിക്കാൻ

20672

Shibu Gopalakrishnan writes…
അമ്മാവന്റെ തയ്യൽമെഷീന്റെ ചക്രങ്ങളുടെയും തടിയറപ്പുകാരനായ അച്ഛന്റെ ഈർച്ചവാളിന്റെയും ശബ്ദമായിരുന്നു എന്റെ താരാട്ട് എന്നാണ് ആത്മകഥയിൽ ഇന്ദ്രൻസ് എഴുതുന്നത്. സിനിമയിൽ താരങ്ങളുടെ അഴകളവുകൾ അണുവിട തെറ്റാതെ തുന്നുന്ന വലിയ വസ്ത്രാലങ്കാരവിദഗ്ധൻ ഒക്കെ


Shibu Gopalakrishnan

ആയെങ്കിലും ഇന്ദ്രൻസിനു നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നത് സ്‌കൂൾ യൂണിഫോം ഇല്ലാത്തതുകൊണ്ടായിരുന്നു. സിനിമാ നടനായതിനു ശേഷവും പഠിപ്പുള്ള താരസദസ്സുകളിൽ സംസാരിക്കാനാവാതെ അദ്ദേഹം അപകർഷതകളിൽ ആണ്ടുപോകുമായിരുന്നു.

ശാരീരികമായ പരിമിതികൾ നാടകങ്ങളിൽ പോലും ഇഷ്ടപ്പെട്ട വേഷങ്ങൾ അഭിനയിക്കുന്നതിനു തടസമായപ്പോൾ അദ്ദേഹം ജിമ്മിൽ പോയി. ഒടുവിൽ ആശാൻ തോറ്റുപിന്മാറി ജിമ്മിൽ നിന്നും പറഞ്ഞു വിട്ടു. അഭിനയിക്കണമെന്നുള്ള ആഗ്രഹം നല്ലതുപോലെ പുഷ്ടിപ്പെട്ടെങ്കിലും ശരീരം മാത്രം പുഷ്ടിപ്പെട്ടില്ല. ആകാരസൗകുമാര്യമുള്ള നടീനടന്മാരുടെ കൂടെ അഭിനയിക്കുമ്പോൾ സീനിന്റെ ഗൗരവം ചോർന്നുപോകാതിരിക്കാൻ ഇന്ദ്രൻസ് പലപ്പോഴും മാറ്റിനിർത്തപ്പെടുമായിരുന്നു.

തേടിവന്ന കഥാപാത്രങ്ങൾ മുഴുവൻ ബോഡി ഷേമിങിന്റെ സർവ്വസാധ്യതകളും ഉള്ള വളിപ്പൻ കോമഡികളായിരുന്നു. കൊടക്കമ്പി എന്നുള്ളത് സ്ക്രീനിനു പുറത്തും വിളിപ്പേരായി. എന്നിട്ടും പരിഭവങ്ങളൊന്നുമില്ലാതെ ഈ ചെറിയ മനുഷ്യൻ അഭിനയിച്ചുകൊണ്ടേയിരുന്നു. തലയെടുപ്പുകളില്ലാത്ത, അവകാശവാദങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത, അതിമോഹങ്ങളില്ലാത്ത ചെറിയ ജീവിതവുമായി അയാൾ ചിലവേഷങ്ങൾക്ക് പകരക്കാരൻ ഇല്ലാത്ത സൗമ്യതയായി, സാന്ദ്രതയായി.

Image may contain: one or more peopleആളൊരുക്കത്തിന് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം മറുപടി പറയുന്നത് സാറേ എന്നുവിളിച്ചു കൊണ്ടാണ്. എന്റെ ചെറിയ മുഖം ആയതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നതൊക്കെ എന്റെ മുഖത്ത് വരുമോ എന്ന ഭയമുണ്ടായിരുന്നു എന്നുപറയുമ്പോൾ ഇന്ദ്രൻസ് മികച്ച നടൻ മാത്രമല്ല, മികച്ച മനുഷ്യൻ കൂടിയാവുന്നു. എല്ലാ സംസാരങ്ങളിലും ഞാൻ ആരുമല്ല എന്നുമാത്രം ആദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ കാർപെറ്റ് വെൽക്കം കിട്ടിയ ഈ മനുഷ്യൻ ഒരു വലിയ വാർത്ത അല്ലായിരിക്കാം. ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങൾക്ക് മുന്നിൽ വേണം എഴുന്നേറ്റു നിന്നു നിലയ്ക്കാതെ കൈയടിക്കാൻ. അവർ നടന്നു തീർത്ത പെരുവഴികൾ ഒടുവിൽ അവർക്കു മുന്നിൽ ചുവപ്പൻ പരവതാനി വിരിക്കുമ്പോൾ, ആകാശത്തോളം മുഴക്കമുള്ള ആരവങ്ങൾ കൊണ്ട് വേണം നമ്മൾ അതിനെ അഭിനന്ദിക്കാൻ.