ആശുപത്രിയിൽ മകന്റെ ഐസിയു ബെഡിനരികിലെ സത്യപ്രതിജ്ഞ, ഈ ബ്ലാക് & വൈറ്റ് ചിത്രം നമ്മുടെ മനസ്സിൽ ഉടക്കും

71

Shibu Gopalakrishnan

1972 നവംബറിൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബൈഡനു സത്യപ്രതിജ്ഞ ചെയ്യാനുള്ള പ്രായം തികഞ്ഞിരുന്നില്ല. ഫലം വന്നു രണ്ടാഴ്ച കഴിഞ്ഞു മുപ്പതാമത്തെ ജന്മദിനം ആഘോഷിച്ചതിനു ശേഷമാണ് ബൈഡൻ അതിനുള്ള ഭരണഘടനാ യോഗ്യത നേടിയത്. എന്നാൽ ജനുവരിയിൽ സത്യപ്രതിജ്ഞ നടന്നത് സെനറ്റ് ഹോളിൽ ആയിരുന്നില്ല, ആശുപത്രിയിൽ മകന്റെ ഐസിയു ബെഡിനരികിൽ ആയിരുന്നു. അതിനു കാരണമായ കാറപകടത്തിൽ ബൈഡനു ഭാര്യയും മകൾ നവോമിയും നഷ്ടപ്പെട്ടിരുന്നു. സെനറ്ററായി അധികാരമേൽക്കണോ എന്നുള്ള കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. വേറെയൊരു സെനറ്ററെ തിരഞ്ഞെടുക്കാൻ കഴിയും, എന്നാൽ തനിച്ചായ രണ്ടു ആൺമക്കൾക്കു മറ്റൊരു അച്ഛനെ തിരഞ്ഞെടുക്കാനാവില്ല. ബൈഡനെ കുറിച്ചുള്ള അന്വേഷണങ്ങളിൽ ആദ്യം ഹൃദയത്തിലുടക്കിയത് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു. ദിവസവും നാലു മണിക്കൂർ യാത്ര ചെയ്താണ് ബൈഡൻ സെനറ്ററുടെ പണി ചെയ്യാൻ വാഷിംഗ്ടണിൽ പോയിവന്നത്. മക്കൾക്കൊപ്പം കഴിയാൻ വേണ്ടിയുള്ള അച്ഛന്റെ മണിക്കൂറുകൾ നീളുന്ന ട്രെയിൻ യാത്രകൾ.

ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററിനും ഏറ്റവും പ്രായം കൂടിയ പ്രസിഡന്റിനും ഇടയിൽ 36 സെനറ്റർ വർഷങ്ങൾ, ഒബാമയുടെ വലംകൈയായി നിന്ന 8 വൈസ് പ്രസിഡന്റു വർഷങ്ങൾ. രണ്ടുതവണ പ്രസിഡന്റ് സ്ഥാനാർഥി പോരാട്ടത്തിൽ നിന്നും പിന്മാറി. 2015ൽ മകൻ ബോ ബൈഡൻ ബ്രെയിൻ ക്യാൻസറിനു കീഴടങ്ങുമ്പോൾ ജോ ബൈഡൻ തളർന്നു. ബോ എന്റെ ആത്മാവായിരുന്നു എന്നുപറഞ്ഞു വിതുമ്പി. 2016ലെ പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിനു പോലും തയ്യാറായില്ല.

എന്നാൽ, മൂന്നാമത്തെ തവണ മത്സരിക്കാൻ ഇറങ്ങിയപ്പോൾ വയലൻസ് എഗൈൻസ്റ്റ് വിമെൻ ആക്ട് സ്വന്തം കൈപ്പടയിൽ എഴുതി ഉണ്ടാക്കിയ സെനറ്റർ ബൈഡൻ, വലംകൈയായി ഒരു ഇന്തോ-ജമൈക്കൻ വംശജയെ കൂടെ കൂട്ടി, മറ്റൊരു ഒന്നാംസ്ഥാനം കൂടി സ്വന്തം കൈപ്പടയിൽ എഴുതി ചേർത്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പ്രസിഡന്റായി. ഇനി 78മത്തെ ജന്മദിനമാണ്, അതിനുശേഷം ജനുവരിയിൽ, 46മത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ.

വിദ്വേഷത്തിന്റെയും വംശീയതയുടെയും അപരവത്കരണത്തിന്റെയും അസത്യങ്ങളുടെയും കൈപ്പിടിയിൽ നിന്നും അമേരിക്കയെ മോചിപ്പിക്കുക. അനൈക്യനാടുകളിൽ നിന്നും ഐക്യനാടുകളിലേക്ക് അമേരിക്കയെ ആനയിക്കുക. നാലുവർഷത്തെ അവമതിപ്പിൽ നിന്നും രാജ്യത്തെ വിമോചിപ്പിക്കുക.
“It’s easier to be a parent this morning, it’s easier to be a dad. It’s easier to tell your kids, character matters, it matters. Telling the truth matters, being a good person matters.”
ജോ ബൈഡൻ വിജയം ഉറപ്പിച്ച ദിവസം CNNന്റെ അവതാരകൻ വാൻ ജോൺസ് ഇതുപറയുമ്പോൾ ലൈവിൽ വിതുമ്പിപ്പോയത് വെറുതെയല്ല. മക്കൾക്ക് ചൂണ്ടിക്കാണിക്കാൻ നല്ലൊരു നേതാവുണ്ടായിരിക്കുക എന്നതും ഒരു ജനാധിപത്യാവകാശമാണ്.