Shibu Gopalakrishnan

ലാലേട്ടനൊപ്പം കൂപ്പുകൈയോടെ 🙏

1. ലാലേട്ടന്റെ ഏറ്റവും പുതിയ ബ്ലോഗ് കേട്ടു, നല്ല ഒരിതായിരുന്നു, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

എല്ലാം സംഭവിക്കുകയാണ്, അല്ലേ. മഞ്ഞും മലയും കാടും കടലും കടലാടിയും പോലെ അതും സംഭവിക്കുകയാണ്. പ്രകൃതിക്ക് അതിന്റേതായ കലണ്ടറുകൾ ഉണ്ട് എന്നുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ, അതിനനുസരിച്ചു സമയാസമയങ്ങളിൽ സംഭവിക്കേണ്ടത് സംഭവിക്കുന്നു, ബ്ലോഗും അങ്ങനെ തന്നെ. നമ്മൾ മറന്നാലും, പ്രകൃതി ഒന്നും മറക്കുന്നില്ല. നോക്കൂ, നിങ്ങളും മറക്കാറുണ്ട്, ഞാനും മറക്കാറുണ്ട്‌, എന്നാൽ പ്രകൃതിക്ക് മറക്കാറില്ല, മഴക്കാറേ ഉള്ളൂ. മഴക്കാർ കലിതുള്ളി പെയ്യുമ്പോഴാണ് പ്രളയം ഉണ്ടാവുന്നത്, അല്ലേ? അതുകണ്ടു നിങ്ങളെപ്പോലെ അന്തംവിട്ടു വിസ്മയിച്ചു നിൽക്കുന്ന ഒരു കുന്തംവിഴുങ്ങി കുട്ടിയാണ് ഞാൻ.

2. ലാലേട്ടന്റെ സദുദ്ദേശത്തെ തെറ്റിദ്ധരിക്കുന്നു, എന്തുപറഞ്ഞാലും ആനക്കൊമ്പുമായും തടി ഉരുപ്പടികളോടുള്ള അടങ്ങാത്ത താല്പര്യവുമായും ബന്ധപ്പെടുത്തി കുറ്റപ്പെടുത്തുന്നു, വിഷമം തോന്നാറുണ്ടോ?

നോക്കൂ, എല്ലാവരും പറയുന്നത് കേൾക്കാൻ നിന്നാൽ നമുക്ക് ഒന്നും കേൾക്കാൻ കഴിയില്ല, അല്ലേ. ഇപ്പോൾ ഞാൻ സംസാരിക്കുന്നു, നിങ്ങൾ കേൾക്കുന്നു. നമ്മൾ രണ്ടുപേരുംകൂടി സംസാരിച്ചാൽ ആർക്കും ഒന്നും കേൾക്കാൻ കഴിയില്ല, എന്തോ അതങ്ങനെയാണ്. അതങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾകൂടിയാണ് ഞാൻ. അതുപോലെയാണ് എല്ലാ സംഭാഷണങ്ങളും. ഞാൻ എന്നോട് തന്നെ പറയുന്ന എന്റെ സ്വകാര്യങ്ങളാണ് എന്റെ ബ്ലോഗുകൾ, അത് നിങ്ങൾ കേൾക്കുന്നു, അതൊരു സഞ്ചാരമാണ് അല്ലേ. ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് സഞ്ചരിക്കുന്ന വാക്കിന്റെ വിസ്മയം. ഞാനൊരുപാട് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്, ഞാനെങ്ങനെയാണ് അതിനെ കാണുന്നത്. പിന്നെ ആനക്കൊമ്പ്, കറുകറുത്ത കാർമുകിലിനെ പോലും കൊമ്പനാനകളോടാണ് നമ്മുടെ കവികൾ ഉപമിച്ചിട്ടുള്ളത് അല്ലേ. മഴയെക്കുറിച്ചും പ്രളയത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ കൊമ്പനാനകളെ ഓർമ്മവരുന്നത് അതുകൊണ്ടാണെന്നു ഞാൻ കരുതുന്നു. നിങ്ങളും അങ്ങനെ കരുതൂ, നമുക്ക് ഒരുമിച്ചു അങ്ങനെ കരുതാം, എല്ലാ കരുതലും നല്ലതിനാവാൻ നമുക്ക് പ്രാർത്ഥിക്കാം.

3. അനുതാപത്തെ കുറിച്ചു ലാലേട്ടൻ പറയുന്ന ഒരു ഭാഗമുണ്ട് ബ്ലോഗിൽ, എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത്?

അതിപ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ആയിരിക്കണമെന്നില്ലല്ലോ, മറ്റൊരാൾ ഉദ്ദേശിക്കുന്നത്. എല്ലാവർക്കും അവരവരുടെ ഉദ്ദേശം ഉണ്ടെന്നു ഞാൻ കരുതുന്നു. നോക്കൂ, നിങ്ങൾ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നതിനു ഒരു ഉദ്ദേശമുണ്ടല്ലേ, അതുപോലെ ഞാൻ വന്നിരിക്കുന്നതിനും ഒരു ഉദ്ദേശമുണ്ട്. എല്ലാ ജന്മങ്ങൾക്കും ഉദ്ദേശമുണ്ട്, എല്ലാ നിമിഷങ്ങൾക്കും ഉദ്ദേശമുണ്ട്. അതുപോലെ അനുതാപത്തിനും ഒരു ഉദ്ദേശമുണ്ട്. അതൊരു സ്വപ്നമാണ്. സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് ജീവിതം, അല്ലേ. വെള്ളക്കാർക്കു ഞാറ്റുവേല കൊണ്ടുപോകാൻ കഴിയാത്തതുപോലെ, വെള്ളത്തിനു നമ്മുടെ വൈകുന്നേരങ്ങളെയും കൊണ്ടുപോകാൻ കഴിയാതെയിരിക്കട്ടെ. നമുക്ക് കൂടുതൽ വിനയമുള്ളവരാവാം. പ്രതിബദ്ധതയുള്ളവരാവാം.

4. ഇത്തവണത്തെ ബ്ലോഗിൽ ശ്രദ്ധിച്ച മറ്റൊരു കാര്യം, തുരന്നു തുരന്നു എന്നു മാത്രമായിരുന്നെങ്കിൽ അതൊരു ഒറ്റപ്പെട്ട പ്രയോഗമായി കാണാമായിരുന്നു, എന്നാൽ മാന്തിയെടുത്തു തിന്നുക എന്നുകൂടി കണ്ടതോടെ പ്രമുഖ ഡിങ്കോയിസ്റ്റുകൾ വിലയിരുത്തുന്നത് ഓഷോയിസത്തിൽ നിന്നും ഡിങ്കോയിസത്തിലേക്കുള്ള ലാലേട്ടന്റെ കടന്നുവരവായിട്ടാണ്, എന്തെങ്കിലും സത്യമുണ്ടോ?

ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല, ജീവിതത്തിൽ ഇന്നുവരെ യാതൊന്നും പ്ലാൻ ചെയ്തിട്ടില്ലാത്ത ഒരാളാണ് ഞാൻ. അതൊന്നും നമ്മുടെ കൈയിൽ അല്ലല്ലോ. ഈ നിമിഷത്തെ എത്രയും സുന്ദരമാക്കാമോ, അത്രയും സുന്ദരമാക്കുക. എല്ലാം മാറുകയാണ് അല്ലേ, നമ്മളും മാറുന്നുണ്ടാവാം, ആരുടെയൊക്കെയോ സ്വപ്നത്തിലെ വെറും കഥാപാത്രങ്ങൾ മാത്രമായിരിക്കാം നമ്മൾ. എല്ലാം ഓരോ അവസ്ഥകളാണ് അല്ലേ. അതാണ് നമ്മളെ ഓരോ മനുഷ്യരാക്കുന്നത്. നിങ്ങളുടേതും ഒരു അവസ്ഥയാണ്. കാലാവസ്ഥ മനുഷ്യനെ സുഖിമാന്മാർ ആക്കുന്നതുപോലെ, എല്ലാ അവസ്ഥകൾക്കും ഓരോ ധർമമുണ്ട്, ആ അത്ഭുതത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം. എല്ലാം നല്ലതിനാവട്ടെ.

5. കൂപ്പുകൈയോടെ എന്നാണ് ഇത്തവണത്തെ ബ്ലോഗിന്റെ പേര്, എന്താണ് അങ്ങനെയൊരു പേരിടാൻ കാരണം?

പ്രളയം കഴിയുന്നതോടെ അഴിഞ്ഞുപോകാനുള്ളതല്ല സഹജീവികളോടുള്ള നമ്മളുടെ സാരോപദേശങ്ങൾ. വെയിൽ പരക്കുന്നതോടുകൂടി അതും പരക്കട്ടെ. അപ്പോഴും നന്ദിയുള്ളവരായിരിക്കുക, വിനയമുള്ളവരായിരിക്കുക. അതൊരു പ്രതിബദ്ധത കൂടിയാണ് എന്ന് ഞാൻ കരുതുന്നു. ഇത്തരം കരുതലുകളാണ് നമ്മളുടെ കേമത്തം എന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും പ്രണയം നിറഞ്ഞ എന്റെ ശ്രീകൃഷ്ണജയന്തി ആശംസകൾ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.