ദുരഭിമാനക്കൊലകളുടെ ആന്തോളജിയാണ് പാവൈ കഥകൾ. സുധ കോംഗരെ, വിഘ്നേശ് ശിവൻ, ഗൗതം വസുദേവമേനോൻ, വെട്രിമാരൻ എന്നിവരാണ് ഈ കൊലപാതകങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച കൊട്ടേഷൻ ടീമംഗങ്ങൾ. മക്കളെ കൊല്ലുന്ന മാതാപിതാക്കളാണ് പാവൈ കഥകളിലെ നായികാനായകന്മാർ. ജാതിയും മതവും ഭിന്നലിംഗങ്ങളും എങ്ങനെയാണ് ജീവൻ നൽകിയവരെ ജീവനെടുക്കാൻ കഴിയുന്ന ദുരഭിമാനികളാക്കുന്നത് എന്നതിന്റെ ചോരൈ കഥകൾ.
സിനിമകളെല്ലാം ഡിസ്റ്റർബിങ് ആണ്. നമ്മളെ വല്ലാതെ അസ്വസ്ഥരാക്കും. കണ്ടുതീരുമ്പോഴും തീരാതെ പിന്നെയും മുറിപ്പെടുത്തും. നമ്മുടെ മുഖത്തേക്ക് കണ്ണീരും ചോരയും തെറിച്ചു വീഴും. മരണം മുന്നിൽ കാണുന്ന മനുഷ്യരുടെ വേദന കണ്ണുകളെ ഇറുക്കിയടയ്ക്കും, കാതുകളെ പൊത്തിപ്പിടിക്കും. കണ്ടിരിക്കാൻ കഴിയാത്തവണ്ണം നിലവിളികൾ നമ്മളിൽ കുത്തിയിറങ്ങും. ചൂടുചോര ഒലിച്ചിറങ്ങുന്നതുപോലെ പ്രാണവേദന നമ്മളിലും അരിച്ചിറങ്ങും. വെട്രിമാരനിലെത്തുമ്പോൾ സായി പല്ലവിക്കൊപ്പം നമ്മളും രക്തംവാർന്നു മരിച്ചുപോകും.
സുധ കോംഗരെ പ്രതീക്ഷകൾ തെറ്റിച്ചില്ല. എന്നാൽ കാളിദാസന്റെ സത്താർ അപ്രതീക്ഷിതമായ പ്രകടനം കൊണ്ട് പ്രതീക്ഷകളെ തോൽപ്പിച്ചുകളഞ്ഞു. വിഘ്നേഷ് കോമഡി കലർത്തി പരമാവധി ആസ്വാദ്യകരമാക്കാൻ ശ്രമിച്ചെങ്കിലും ചിരിക്കാൻ കഴിയാത്തവണ്ണം വിഷയം ഘനീഭവിച്ചു നിന്നു. ഗൗതംവസുദേവമേനോൻ കൃത്യതയില്ലാത്ത നിലപാട് കൊണ്ട് സിനിമയെ സംശയാസ്പദവും അപ്രസക്തവുമാക്കി. വെട്രിമാരൻ രക്തംകൊണ്ട് കൊല്ലാക്കൊല ചെയ്തു, അതിനൊത്ത ക്രൂരതയിൽ പ്രകാശ്രാജ് അയാളുടെ ഒപ്പംനിന്നു. സായിപല്ലവിയെ കണ്ടിരിക്കാൻ കഴിയാത്തവണ്ണം സ്ക്രീനിൽ നിന്നും ചോര ഒഴുകിയിറങ്ങി കാലുകളെ തൊട്ടു.