Shibu Gopalakrishnan ന്റെ കുറിപ്പ്
ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന ഈ മനുഷ്യൻ ഒരു ഇന്ത്യാക്കാരനല്ല. അപ്പുറത്ത് വിജയികൾക്കുള്ള ക്യാമറകൾ തിക്കിത്തിരക്കുമ്പോൾ, മെഡലുകൾക്കൊപ്പമുള്ള ദേശീയഗാനത്തിനു തൊണ്ടതെളിയുമ്പോൾ, ഇപ്പുറത്ത് 135 കോടി ഇന്ത്യാക്കാർക്കുവേണ്ടി ത്രിവർണ പതാക നിവർത്തുകയാണ് ദക്ഷിണ കൊറിയക്കാരനായ പാർക്ക് ടാവൂ സാങ്.
ടോക്കിയോയിൽ ഓരോ മത്സരവും ചവിട്ടിക്കയറുമ്പോൾ സിന്ധുവിനൊപ്പം കോർട്ടിനുപുറത്തു കോട്ട പോലെ ഉറച്ചുനിന്ന ഒരാൾ.എതിരാളികളുടെ ദൗർബല്യങ്ങൾ കണ്ടെത്തി സിന്ധുവിനെ രണ്ടാം ഒളിമ്പിക് മെഡലിന്റെ ചരിത്രനേട്ടത്തിലേക്കു ആനയിച്ച ഒരാൾ.ഓരോ പോയന്റിനും സിന്ധുവിനേക്കാൾ തുള്ളിച്ചാടിയ ഒരാൾ, ഓരോ പരാജയത്തിനും സിന്ധുവിനേക്കാൾ സങ്കടപ്പെട്ട ഒരാൾ.
രണ്ടാം സെറ്റിലെ അവസാനത്തെ പോയിന്റിനും വെങ്കല മെഡലിനും നേർക്കു നിറയൊഴിക്കും പോലെ സിന്ധു ബാറ്റ് പായിക്കുമ്പോൾ ലോകം കീഴടക്കിയവനെ പോലെ നിലയ്ക്കാതെ തുള്ളിച്ചാടിയ ഒരാൾ. 2004 ലെ ഏതൻസ് ഒളിപിക്‌സിൽ പുരുഷന്മാരുടെ ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്താകുമ്പോൾ ഉണ്ടായ സങ്കടത്തോടു അയാൾ കണക്കു തീർത്തതായിരിക്കണം.സ്വന്തം രാജ്യത്തിനു വേണ്ടി ഒരിക്കൽ തോറ്റുപുറത്തായ ഒരാൾ മറ്റൊരു രാജ്യത്തിനുവേണ്ടി മെഡൽ നേടുമ്പോൾ നിവർത്തുന്ന പതാക അതിരുകളില്ലാത്ത സന്തോഷത്തിന്റെയാണ്, അഭിമാനത്തിന്റെയാണ്. നന്ദി, പാർക്ക് ടാവൂ സാങ്.
**