അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്ന ശ്രീധന്യ സുരേഷ് ഐഎഎസ്സിന് അനുമോദനങ്ങൾ

0
128

Shibu Gopalakrishnan

ജീവിതത്തിൽ അന്നുവരെ കളക്ടറെ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി അപ്പോഴുണ്ടായിരുന്ന താൽക്കാലിക ജോലിയുടെ ഭാഗമായി പങ്കെടുത്ത മീറ്റിങ്ങിൽ കളക്ടറിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഭാഗമാവുന്നു. ഗൺമാൻ സമേതനായി കളക്ടർ വന്നുകയറിയപ്പോൾ, ബഹുമാനപൂരിതമായ സദസ്സിന്റെ നിശബ്ദത കേട്ടപ്പോൾ, ആദരവ് അദ്ദേഹത്തെ അനുഗമിക്കുന്നത് കണ്ടപ്പോൾ, എനിക്കും ഇത്രയധികം ആദരിക്കപ്പെടണമെന്നു തോന്നുന്നു, അതായിരുന്നു തുടക്കം.

വയനാട്ടിലെ ഒരു കുഗ്രാമത്തിൽ, പിന്നോക്കജീവിതത്തിനും പിന്നിൽ, അതിജീവനത്തിന്റെ പണി പൂർത്തിയായിട്ടില്ലാത്ത വീട്ടിൽ, ഒൻപതാം ക്‌ളാസ്സുവരെ പഠിച്ച അച്ഛന്റെ കൂലിപ്പണിക്കും ആറാം ക്‌ളാസ്സുവരെ പഠിച്ച അമ്മയുടെ തൊഴിലുറപ്പിനും നടുവിൽ, ഏതെങ്കിലും ഒരു ജോലി എന്നതുതന്നെ ജീവിതനേട്ടത്തിന്റെ പരമാവധിയായി തീരാമായിരുന്ന പരിമിതികളിൽ, അവിടെയൊന്നും നിർത്താതെ ഇച്ഛകൾക്കു പിന്നാലെ പിന്നെയും പോരിനിറങ്ങി എന്നുള്ളതാണ് ശ്രീധന്യയെ അനന്യ ആക്കുന്നത്. വേണ്ടെന്നു വച്ചത് മൂന്നോളം ജോലികളാണ്.

പരീക്ഷ എഴുതുന്ന പതിനായിരത്തിൽ ഒരാളായിരിക്കും സിവിൽ സർവീസ് നേടുന്നത്, എന്നാൽ അങ്ങനെ നേടുന്ന ഒരാളുണ്ടല്ലോ, അയാൾ അത്തരമൊരു കണക്കിൽ വിശ്വസിക്കാത്ത ഒരാളാണ്. അതിനുവേണ്ടി അവർ സുരക്ഷിതത്വത്തിന്റെ എല്ലാ ഇടങ്ങളും വിട്ടിറങ്ങും.പതിനെട്ടു വയസ്സിൽ ഞാനെന്റെ സ്വപ്നങ്ങളുടെ കാലാവധി അവസാനിപ്പിക്കില്ലെന്നു തീരുമാനിച്ചിരുന്നു എന്നും, എത്തേണ്ടിടത്തു എത്താതെ കല്യാണത്തെ കുറിച്ചു ആലോചിക്കുക പോലുമില്ലായിരുന്നുവെന്നും പറയുമ്പോൾ, മധ്യവർഗത്തിനോ ഉപരിമധ്യവർഗത്തിനോ പോലും പരിപൂർണമായി നടപ്പിലാക്കാനാവാത്ത ആത്മബോധത്തിന്റെ പെൺപ്രതീകമായി ശ്രീധന്യ മാറുന്നു. നാനൂറ്റി പത്താമത്തെ റാങ്ക് കിട്ടി എന്നുവിളിച്ചു പറഞ്ഞപ്പോൾ അതിന്റെ വലിപ്പം എന്താണെന്നു പോലും മനസിലാകാതെ യാതൊരുവിധ ആഹ്ലാദങ്ങളുമില്ലാതെ ഫോൺ വച്ചതിനു ശേഷം പണിതുടർന്ന അമ്മയെക്കുറിച്ചു ശ്രീധന്യ പറയുന്നുണ്ട്. തനിയെ ജയിച്ചു കയറിയൊരു യുദ്ധമായിരുന്നു അത്. തന്റെ മകൾ നയിച്ചുകൊണ്ടിരിക്കുന്ന യുദ്ധം എന്താണെന്നു പോലും മനസിലാവാത്ത മാതാപിതാക്കളുടെ പിന്തുണ ആയിരുന്നു അത്.

എന്തിനാണ് സംവരണമെന്നു കേൾക്കാതെ ഒരുദിവസം പോലും കടന്നുപോകാത്ത ജീവിതമാണ് സോഷ്യൽ മീഡിയയിലേത്. അവർ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ടുന്ന വിജയമാണ് ശ്രീധന്യയുടേത്. നിങ്ങൾ പറയുന്ന സംവരണത്തിന്റെ ഔദാര്യം ഇത്രയധികം നൽകിയിട്ടും കേരളത്തിനു എസ്ടി വിഭാഗത്തിൽ നിന്നുമൊരു ഐഎഎസ് വിജയമുണ്ടാകാൻ ശ്രീധന്യ വരെ കാത്തിരിക്കേണ്ടി വന്നു.
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്ന ശ്രീധന്യ സുരേഷ് ഐഎഎസ്സിന് അനുമോദനങ്ങൾ,