ഇത്രയും വലിയ ഒരു ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീ സംവിധായിക ഇതുവരെ സാക്ഷാത്കരിച്ചിട്ടുണ്ടോ എന്നറിയില്ല

0
148

Shibu Gopalakrishnan

സൂര്യയെ ഇഷ്ടപ്പെട്ടവർ, അപർണയെ ഇഷ്ടപ്പെട്ടവർ, ഉർവശിയെ ഇഷ്ടപ്പെട്ടവർ; എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ക്യാമറക്ക് പിന്നിൽ നിന്നു സൂര്യറെ പൊട്രൂ അണിയിച്ചൊരുക്കിയ സംവിധായിക സുധ കോംഗരെയാണ്‌. എന്തൊരു ബ്രില്യന്റായ സ്ക്രിപ്റ്റാണ്. ഒരു കഴഞ്ചു പോലും ചോർന്നുപോകാതെ അതിനെ അടിമുടി സ്‌ക്രീനിൽ എത്തിച്ച കൈത്തഴക്കം. ഒരു ബ്ലോക്ക് ബസ്റ്ററിനു വേണ്ടുന്ന ചേരുവകൾ ഒന്നൊഴിയാതെ അണിനിരത്തിയ സംവിധാനം, സംഘാടനം ❤️

Sudha Kongara (@DirSudhaKongara) | Twitterനായകന്റെ അചഞ്ചലമായ സ്വപ്നം, അതിനുവേണ്ടി വീടുപോലും വിട്ടിറങ്ങേണ്ടി വന്ന മുറിവുകൾ, ആ സ്വപ്നത്തെ തഴച്ചു വളർത്തിയ ദുഃഖങ്ങൾ, ജീവിതം കൊണ്ടു നികത്താനാവാത്ത കടങ്ങൾ, കടമ്പകൾ, കട്ടയ്ക്ക് കൂടെനിന്ന നായിക, ഇഷ്ടം പിടിച്ചുപറ്റാൻ മാത്രം കഴിഞ്ഞ കൈയടിപ്പിക്കുന്ന നായികയുടെ നിലപാടുകൾ, കണ്ണുനിറയാതെ കണ്ടിരിക്കാനാവാത്ത തോൽവികൾ, കൂടെ ചേർന്നു നിൽക്കാതെ തരമില്ലാത്ത പരിശ്രമങ്ങൾ, നമ്മളെയും കൂടെകൂട്ടുന്ന വിജയിച്ചേ മതിയാവൂ എന്നുള്ള ഐക്യപ്പെടലുകൾ ❤️

സംവിധായികയ്‌ക്കൊപ്പം തോളോടുതോൾ ചേർന്നുനിന്ന സൂര്യ, അപർണ, ഉർവശി. സൂര്യയുടെ ഇതുവരെ കാണാത്ത ആഴത്തിലുള്ള പകർന്നാട്ടമാണ്. അയാൾ കരയുമ്പോഴൊക്കെയും നമ്മളുടെ കണ്ണുകളും നിറയുന്നു. അയാൾ ഓടുമ്പോഴൊക്കെയും നമ്മളും തളരുന്നു. അയാൾ ഇടറുമ്പോഴൊക്കെയും നമ്മളും വീഴുന്നു. അയാൾ പറക്കുമ്പോഴൊക്കെയും നമ്മളും ജയിക്കുന്നു ❤️

ഇത്രയും വലിയ ഒരു ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീ സംവിധായിക ഇതുവരെ സാക്ഷാത്കരിച്ചിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ ഇത് ആകാശത്തോളം ഉയരമുള്ള പറക്കലാണ്. വമ്പൻ സിനിമകളുടെ അമരത്തേക്കുള്ള വാതിൽ വരാനിരിക്കുന്നവർക്കായി സുധ കോംഗരെ മലർക്കെ തുറന്നിടുന്നു ❤️

ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ കളിക്കേണ്ട സിനിമയല്ല ഇത്, തീയറ്ററിന്റെ ഇരുട്ടിൽ, മുഖത്തേക്ക് തെറിച്ചുവീഴുന്ന വികാരവിക്ഷോഭങ്ങളുടെ വെള്ളിവെളിച്ചത്തിൽ അമർത്തിപ്പിടിച്ചിരുന്നു കാണേണ്ടുന്ന സിനിമയാണ്. കൂക്കിവിളികളുടെയും ആരവങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയിൽ കൊടിയിറങ്ങേണ്ടുന്ന സിനിമ ❤️
സുധ കോംഗരെ 👏