ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ ചിത്രം ! അതിമനോഹരമായ വിശദാംശങ്ങളിൽ പകർത്തിയ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ചിത്രം, വലിയ ഷോക്ക് വേവുകളും, ഗ്രാവിറ്റി വേവുകളും കാണിക്കുന്നു ! ബഹിരാകാശ മേഘപടലങ്ങളിൽ മറഞ്ഞു, നമുക്ക് കാണാൻ വയ്യാത്ത ഇടത്തുകൂടെ നൂണ്ടിറങ്ങി എടുത്ത ഇൻഫ്രാ റെഡ് ചിത്രമാണ് ഇത് !.ഈ ഭീമാകാരമായ ആകാശ ചതുര ഭാഗം ചന്ദ്രന്റെ വ്യാസത്തിന്റെ അഞ്ചിലൊന്ന് മാത്രം ഉൾക്കൊള്ളുന്നു. വെബിന്റെ ഇന്നുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് ഇത്. ഇതിൽ 150 ദശലക്ഷത്തിലധികം പിക്സലുകൾ അടങ്ങിയിരിക്കുന്നു.ഏകദേശം 1,000 വ്യത്യസ്ത ഇമേജ് ഫയലുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Shibu Gopalakrishnan
1989 ൽ അതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ കാഴ്ചശേഷിയുള്ള സ്പേസ് ടെലിസ്‌കോപ്പ് ഹബിൾ സ്ഥാപിക്കാനൊരുങ്ങുമ്പോൾ ഇങ്ങു താഴെ ഭൂമിയിൽ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ ഒത്തുകൂടി ഒരു ചോദ്യം ചോദിച്ചു.ഇനിയെന്ത്? 33 വർഷങ്ങൾ എടുത്ത് അവരും അവർക്കു പിന്നാലെ വന്നവരും ചേർന്നു ആ ചോദ്യത്തിനു നൽകിയ ഉത്തരമാണ് ഇന്നലെയും ഇന്നുമായി നാസ പുറത്തുവിട്ട ഈ ചിത്രങ്ങൾ. ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ് പകർത്തിയ പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയ ദൃശ്യങ്ങൾ, ഏറ്റവും ഭംഗിയേറിയ ദൃശ്യങ്ങൾ!
ഇക്കാണുന്ന തിളങ്ങുന്ന ഓരോ ബിന്ദുവും 300 ബില്യണിലധികം നക്ഷത്രങ്ങൾ ചേർന്ന ഗ്യാലക്സിയാണ്. അതിലെവിടെയോ ഭൂമി എന്നുപേരുള്ള ഇത്തിരിപ്പോന്ന ഒരു ഗോളത്തിൽ ജീവിക്കുന്ന കടുകുമണിയോളം പോന്ന മനുഷ്യൻ തന്റെ കണ്ണുകൾക്ക് അപ്രാപ്യമായ കൗതുകത്തെ ഇൻഫ്രാറെഡ് ഉപയോഗിച്ചു ഒപ്പിയെടുത്തു കാണുകയാണ്. ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല എന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തുറപ്പിക്കുകയാണ്.
രണ്ടു കാലങ്ങൾ ഈ ചിത്രങ്ങളിൽ മുഖാമുഖം വരുന്നു. 1380 കോടി വർഷങ്ങൾക്കു മുൻപ് ബിഗ് ബാംഗ് പൊട്ടിത്തെറിയിലൂടെ പ്രപഞ്ചം ഉരുവപ്പെടുമ്പോൾ ഈ ഗാലക്സികളിൽ നിന്നും പുറപ്പെട്ട പ്രകാശം ഇവിടെ എത്തിപ്പെടാൻ വേണ്ടിവന്ന കാലമാണ് പ്രപഞ്ചത്തിന്റെ പ്രായം. ആദ്യത്തെ നക്ഷത്രക്കുഞ്ഞുങ്ങളിൽ നിന്നും പുറപ്പെട്ട പ്രകാശം എത്തിച്ചേരാൻ 1350 കോടി വർഷങ്ങൾ വേണ്ടിവന്നു, ആ ദൃശ്യമാണ് ഇപ്പോൾ മനുഷ്യൻ പകർത്തിയത്. അങ്ങനെയെങ്കിൽ അത്രയും പ്രകാശ വർഷങ്ങൾക്കു മുൻപ് ജനിച്ചിട്ടില്ലാത്ത മനുഷ്യൻ അത്രയും കാലത്തിനു പിന്നിലേക്കു സഞ്ചരിച്ചു സ്വന്തം കണ്ണുകൾ കൊണ്ട് ആദിമ പ്രപഞ്ചത്തെ നോക്കിക്കാണുകയാണ്. രോമാഞ്ചം എന്നല്ലാതെ എന്താണ് പറയേണ്ടത്!
മനുഷ്യന്റെ ജിജ്ഞാസ അനന്തതയുടെ മറ്റൊരു കൂറ്റൻ പടവുകൂടി പിന്നിട്ടിരിക്കുന്നു. മനുഷ്യന്റെ കൗതുകം അപാരവും അജ്ഞാതവുമായ പ്രപഞ്ചത്തിനു നേർക്കു കൂടുതൽ തെളിമയോടെ മിഴികൾ തുറക്കുന്നു. കാൾ സാഗൻ പറഞ്ഞതുപോലെ, എവിടെയോ അവിശ്വസനീയമായ ഒന്ന് എപ്പോഴും അറിയാനായി കാത്തിരിക്കുന്നു, അതിലേക്കുള്ള മനുഷ്യന്റെ ജൈത്രയാത്ര തുടരുന്നു. ഇപ്പോൾ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒത്തുകൂടി ആ പഴയചോദ്യം വീണ്ടും ചോദിച്ചു തുടങ്ങിയിരിക്കണം. ഇനിയെന്ത് ?