‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദേവദൂതർ പാടി എന്ന കാതോടുകാതോരത്തിലെ പാട്ടിനൊപ്പമാണ് ചാക്കോച്ചൻ ഡാൻസ് കളിച്ചത്. ഇതുവരെ കാണാത്ത വ്യത്യസ്ത ലുക്കിൽ ആണ് ചാക്കോച്ചൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചാക്കോച്ചന്റെ ഡാൻസിനെ കുറിച്ച് അനവധി പോസ്റ്റുകൾ ആണ് വരുന്നത് എങ്കിലും തികച്ചും ഹാസ്യാത്മകമായ ഒരു പോസ്റ്റ് ഇതുതന്നെ എന്ന് പറയാം. Shibu Gopalakrishnan എഴുതിയത്.
shibu Gopalakrishnan
ഒരു കാലത്തു മമ്മൂട്ടി എന്ന നടനേക്കാൾ ഇഷ്ടം എന്തുവന്നാലും പിന്തിരിയാത്ത ഇക്കയിലെ ഡാൻസറെ ആയിരുന്നു. അത്രയ്ക്ക് പരിതാപകരമായിരുന്നു നൃത്തനൃത്യങ്ങളിൽ. പലപ്പോഴും കളിച്ചു നോക്കിയെങ്കിലും മനസ്സെത്തുന്നിടത്തു കൈയോ കാലോ എത്തുന്നില്ല എന്നുകണ്ടു അവസാനിപ്പിക്കുക ആയിരുന്നു. അല്ലെങ്കിൽ കാണാമായിരുന്നു! ഇക്ക ഡാൻസ് ചെയ്യുന്നതു കാണുമ്പോൾ ഈ ലോകത്തോടും ജീവിതത്തോടും അപാരമായൊരു ആത്മവിശ്വാസം തോന്നിയിരുന്നു. നിസ്സാരം എന്നൊരു വൈബ് അടിച്ചിരുന്നു.
കോളേജിൽ എന്തുപരിപാടി വന്നാലും കാണും കൈയടി മേടിക്കാൻ കൊറേ സിനിമാറ്റിക് ഡാൻസർമാർ. വൈകുന്നേരം ആകുമ്പോൾ ക്ലാസുറൂമിലെ വാതിൽ അടച്ചിട്ടുള്ള ഒരു പ്രാക്ടീസും, ടേപ്പ് റിക്കോർഡറും, കോസ്റ്യൂമും, അങ്ങോട്ടേക്ക് ഒരാളെ പോലും കടത്തിവിടാതെയുള്ള സെഡ് കാറ്റഗറി സുരക്ഷയും, അവിടെ കതകും പിടിച്ചു നിക്കുന്ന എർത്തിന്റെ വിചാരം അവൻ സ്ഥലം സിഐ ആണെന്നാണ്. അന്നു ഫ്ലാഷ്മോബ് ഒന്നും ആയിട്ടില്ല. നന്നായിപ്പോയി.
യൂണിയൻ ഉദ്‌ഘാടനം കഴിഞ്ഞു, അതിനുശേഷമുള്ള കലാപരിപാടികൾ അരങ്ങേറുകയാണ്. ഏറ്റവും ഗ്ലാമർ പരിപാടി ഇപ്പറഞ്ഞ സിനിമാറ്റിക് ഡാൻസാണല്ലോ. രാത്രിയിലാണ്. മുൻനിരയിൽ അടങ്ങിയൊതുങ്ങി പഠിപ്പിസ്റ്റുകളെ പോലെ ഇരിക്കുന്ന അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും കാഴ്ചയെ മറയ്ക്കാതെ സീനിയേഴ്സ് അങ്ങേയറ്റം അടക്കവും ഒതുക്കവും ഉള്ള കുഞ്ഞാടുകളെപോലെ തറടിക്കറ്റിൽ ഇരിക്കുന്നു. എൽഎച്ചിൽ നിന്നും താളം പിടിക്കാനായി കൊണ്ടുവന്ന സ്റ്റീൽ പാത്രങ്ങളിൽ സ്പൂണിനിട്ടു മൈക്ക് ടെസ്റ്റ് നടത്തുന്ന ഫൈനലിയർ ചേച്ചിമാർ. അതെ, പ്രായത്തെയും പക്വതയെയും ബഹുമാനിക്കുന്ന ഒരു മോഡേൺ കോളേജ് ആയിരുന്നു ഞങ്ങളുടേത്. സ്ഥിതി പൊതുവിൽ ശാന്തമാണ്. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡാൻസ് തുടങ്ങി. സദസ്സ് ഇളകിമറിയുകയാണ്. തറടിക്കറ്റുകാരൊക്കെ സ്ഥലകാലബോധം നഷ്ടപ്പെട്ടു തുള്ളുകയാണ്. കൊറേ കണ്ടതാണെന്ന ഭാവത്തിൽ മസിലുവിടാതെ ഒരു ഭാഗത്തു മാറിനിന്നു. എപ്പോഴാണ് ആ പുരുഷാരം അങ്ങോട്ടു വന്നതെന്നും എടുത്തോണ്ടു പോയതെന്നും അറിയില്ല. മസിലുപിടിത്തം പരമാവധി തുടരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തദിവസം സാർ ഡിപ്പാർട്ട്മെന്റിലേക്കു വിളിപ്പിച്ചു. പതിവില്ലാതെ ക്ഷുഭിതനായിരുന്നു.നിങ്ങളൊക്കെയല്ലേ അവരെ അടക്കിയിരുത്തേണ്ടത്? എന്നിട്ടു അവർക്കൊപ്പം നിന്നു ഡാൻസ് കളിക്ക്യാ? കണ്ണു നിറഞ്ഞുപോയി. ആദ്യമായിട്ടായിരുന്നു ഒരാള് ഡാൻസ് കളിച്ചു എന്നു പറയുന്നത്. അതിനു ശേഷം പിന്നെ അത്രയും ക്വാളിറ്റി ഉള്ള ഒരു ഡാൻസ് കാണുന്നത് ഇപ്പോഴാണ്.
***
മറ്റൊരു ഹാസ്യാത്മകമായ പോസ്റ്റ് ആണിത്. സംഗീതജ്ഞൻ ലിനുലാൽ നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് കിട്ടിയതിനെ വിമർശിച്ചുകൊണ്ട് ചെയ്ത പോസ്റ്റിന്റെ പാരഡി ആയാണ് ഈ പോസ്റ്റ്. Sreesobh Us എഴുതിയത്
ഇയാളെന്ത് തേങ്ങയാണീ കാണിക്കുന്നത്… 😮
ഇന്ത്യയിലെ ഏറ്റവും നല്ല ഡാൻസായിരുന്നോ കുഞ്ചാക്കോ കളിച്ചത്, അല്ലെങ്കിൽ ഏറ്റവും നന്നായി കളിച്ച ഡാൻസായിരുന്നോ ? എനിക്കതിൽ സംശയമുണ്ട്. ചാക്കോച്ചനോട് എനിക്ക് യാതൊരു വിരോധവുമില്ല. അയാളെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഗാനമേള ഡാൻസ് അയാൾ നല്ല രസമായി കിളിച്ചിട്ടുണ്ട്. താളം ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് ആടാനൊന്നും ചാക്കോച്ചന് കഴിയില്ല. കലാമണ്ഡലം ക്ഷേമാവതി ടീച്ചറൊക്കെ ഒരു ദിവസം എട്ടും പത്തും ഡാൻസൊക്കെ കളിച്ചിട്ടുണ്ട്. അതുപോലെ മഞ്ജുഭാർഗവി. അനുപമ മോഹനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു ഡാൻസ് കളിച്ചു പോകും.
ഡാൻസിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർക്ക് ഇങ്ങനെയൊരു കാര്യം കേൾക്കുമ്പോൾ അപമാനമായി തോന്നില്ലേ എന്ന് എനിക്ക് തോന്നി.എന്നെ വിമർശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്. ഇങ്ങനെയെങ്കിലും എന്നെയൊന്ന് രക്ഷിക്കടേ…. 🙁 അഞ്ചുപത്ത് കൊല്ലം FB യിൽ കയില് കുത്തിയിട്ട് കിട്ടുന്നത് 50 ലൈക്ക്. ച്ചിരി ദണ്ണം കാണില്ലേ ആർക്കായാലും. ന്റെ ചാക്കോച്ചാ തലമുറകളായി മലയാളി കൈമാറിവന്ന ഒരു കലാരൂപത്തെയാണ് താങ്കൾ ഒറ്റ പാട്ടുസീൻ കൊണ്ട് വീണ്ടും ചർച്ചാവിഷയമാക്കിയത്. എന്നാലും ഇങ്ങനെയുണ്ടോ ഒരു മെറ്റാമോഫേസിസ്. എജ്ജാദി…!
ഉത്സവപ്പറമ്പ് ഗാനമേളകളിലും ചില തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും ഇത്തരക്കാരിപ്പാേഴും ഉണർന്നെണീറ്റ് വരാറുണ്ട്. എരവിമംഗലം കാവടിക്കും പള്ളിപ്പെരുന്നാളിൻ്റെ ബാൻ്റ് സെറ്റിലും മതിമറന്നാടി തിമിർക്കുന്ന ചില നാട്ടുകാരെയും സന്ദർഭവശാ ഓർക്കുന്നു. പേരെടുത്ത് അയവിറക്കുന്നില്ല. കാരണം അവർക്കാർക്കും അതോന്നുമോർമ കാണില്ല.”ദുന്തൂട്ടാദ് ഞെട്ടുവാദമോ…?” എന്ന അടക്കിയ ചോദ്യം ഫേസ് ചെയ്യേണ്ടി വന്നിട്ടില്ലാത്ത നാഗ് പുരുഷന്മാർക്ക് എന്നെ കല്ലെറിയാം.