കീഴുദ്യോഗസ്ഥർ ഫയലുകൾ മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു, അയാളുടെ ജാതി ഏറ്റവും വലിയ അയോഗ്യതയായി മാറി

  0
  167

  Shibu Gopalakrishnan

  ആ കുട്ടി മറ്റെല്ലാവരും എത്തുന്നതിനു മുൻപേ ക്ലാസിൽ എത്തുമായിരുന്നു, കൈയിൽ ഒരു ചാക്ക് കരുതുമായിരുന്നു, സവർണ സഹപാഠികളെല്ലാം ബഞ്ചിൽ ഇരിക്കുമ്പോൾ ഏറ്റവും പിന്നിൽ തറയിൽ ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്. എല്ലാവരും ക്ലാസ് വിട്ടതിനു ശേഷം ഏറ്റവും അവസാനമായിരുന്നു വീട്ടിൽ പോയിരുന്നത്. മറ്റെല്ലാവരും ക്ലാസ്സുകളിൽ തന്നെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ, ആ കുട്ടി ഒഴിഞ്ഞ ഏതെങ്കിലും മരത്തിന്റെ തണൽ തേടി നടക്കുമായിരുന്നു. സവർണർ ഉപയോഗിച്ചിരുന്ന കിണറുകൾ ഉപയോഗിച്ച് അശുദ്ധമാക്കാൻ അനുവാദമില്ലാത്തതിനാൽ വീട്ടിൽ നിന്നും വെള്ളം കൊണ്ടു വരുമായിരുന്നു. നിങ്ങളൊക്കെ എന്തിനാണ് പഠിക്കാൻ വരുന്നതെന്ന് അധ്യാപകർ നിരന്തരം ചോദിച്ചു, എന്നിട്ടും ആ കുട്ടി പഠിക്കാൻ തന്നെ തീരുമാനിച്ചു.

  അമേരിക്കയിലും ഇംഗ്ലണ്ടിലും പോയി പഠിച്ചു വന്നു ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറി ആയിട്ടും താമസിക്കാൻ വാടകയ്‌ക്കൊരു മുറി കിട്ടിയില്ല. ഒടുവിൽ ജാതി മറച്ചുവച്ചു കിട്ടിയ മുറിയിൽ നിന്നും അർദ്ധരാത്രിയിൽ വീട്ടുടമ പുറത്താക്കി, താൻ മിലിട്ടറി സെക്രട്ടറി ആയിരിക്കുന്ന നാടിന്റെ ജാതിയിരുട്ടു വീണ തെരുവിൽ അയാൾക്കു രാത്രിമുഴുവൻ കഴിച്ചു കൂട്ടേണ്ടി വന്നു. ഉദ്യോഗത്തിൽ ഉന്നതനാകുമ്പോഴും ജാതിയിൽ അയാൾ താഴെ തന്നെ ആയിരുന്നു. കീഴുദ്യോഗസ്ഥർ ഫയലുകൾ മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുത്തു. മറ്റെല്ലാ യോഗ്യതകൾക്കു മുന്നിലും ജാതി അയാളുടെ ഏറ്റവും വലിയ അയോഗ്യതയായി മാറി.

  അയാൾ തിരഞ്ഞെടുപ്പുകൾ ജയിച്ചില്ല, എന്നിട്ടും മന്ത്രിയാവാൻ ക്ഷണിക്കപ്പെട്ടു, ഭരണഘടന എഴുതിയുണ്ടാക്കാൻ അധ്യക്ഷനാക്കപ്പെട്ടു. ഒരൊറ്റ കാരണമേ ഉള്ളൂ, ജാതിയിൽ തോൽപ്പിക്കപ്പെടുമ്പോഴും തോൽപ്പിക്കാനാവാതെ തലയുയർത്തി നിന്ന വൈഞ്ജാനികത. പണ്ടെവിടെയോ കേട്ടതാണ്, “അവർക്കു രാമായണം വേണമായിരുന്നു, അവർ ദളിതനെ വിളിച്ചു. അവർക്ക് മഹാഭാരതം വേണമായിരുന്നു, അവർ ദളിതനെ വിളിച്ചു. അവർക്ക് ഭരണഘടന വേണമായിരുന്നു, അവർ അംബേദ്കറെ വിളിച്ചു”. ജീവിതത്തിലുടനീളം ജാതിയിരുട്ടിന്റെ അവഗണനയിൽ ആണ്ടുകിടന്നപ്പോഴും അതിനെതിരെ അറിവുകൊണ്ടും അവകാശബോധം കൊണ്ടും വെളിച്ചമായി മാറിയ ആ കുട്ടി, ഡോ: ഭീം റാവു അംബേദ്‌കർ