പള്ളിക്കൂടങ്ങളിൽ മതത്തിനു പ്രവേശനം ഉണ്ടായിരിക്കാൻ പാടില്ല എന്നു വിധിക്കുന്നതിന്റെ അർത്ഥം, ഭരണഘടന എല്ലാ മതഗ്രന്ഥങ്ങൾക്കും മീതെ ഉയർന്നു നിൽക്കുന്ന ആധികാരിക ഗ്രന്ഥമാണെന്നാണ്

99
Shibu Gopalakrishnan
ദൈവനാമത്തിൽ ആരംഭിക്കുന്ന ഒരു ഭരണഘടന വേണമോ എന്ന കാര്യത്തിൽ കോൺസ്റ്റിട്യുൻറ് അസംബ്ലിയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ വോട്ടിനിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്നും ദൈവനാമം നാടുകടത്തപ്പെടുന്നത്.
അന്നും നിരീശ്വരവാദികൾ ഒരു ന്യൂനപക്ഷമാണ്. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളുടെയും ദൈവവിശ്വാസികളുടെയും താല്പര്യപ്രകാരം വേണമെങ്കിൽ ദൈവനാമത്തിൽ ആരംഭിക്കുന്ന ഒരു ആമുഖം ആകാമായിരുന്നു. എന്നാൽ ഒരു നിരീശ്വരവാദിയുടെ കൂടി പുസ്തകമായിരിക്കണം ഇന്ത്യൻ ഭരണഘടന എന്നു വിഭാവനം ചെയ്തിടത്താണ് നമ്മുടെ ഭരണഘടന ജനാധിപത്യ മൂല്യങ്ങളുടെ ഒരു അമൂല്യ റഫറൻസ് ഗ്രന്ഥമായി മാറുന്നത്.
പഠിപ്പിക്കുന്നതെല്ലാം പഠിക്കാനുള്ളതാണ് എന്നുകരുതുന്ന കാലമാണ് പഠനകാലം. എന്തു പഠിപ്പിച്ചാലും അതേപടി അനുവർത്തിക്കുന്ന അനുശീലനത്തിന്റെ കാലമാണ്. മതത്തിന്റെ സിലബസ് പാഠ്യപദ്ധതികളിൽ കുത്തിത്തിരുകുന്നത് ഇന്ത്യൻ മതേതര സങ്കൽപങ്ങൾക്ക് വിരുദ്ധമാണ് എന്നൊരു ഹൈക്കോടതി പ്രഖ്യാപിക്കുന്നത് ഈ പുസ്തകത്തിന്റെ അന്തസത്തയിൽ നിന്നുമാണ്.
പള്ളിക്കൂടങ്ങളിൽ മതത്തിനു പ്രവേശനം ഉണ്ടായിരിക്കാൻ പാടില്ല എന്നു വിധിക്കുന്നതിന്റെ അർത്ഥം, ഭരണഘടന എല്ലാ മതഗ്രന്ഥങ്ങൾക്കും മീതെ ഉയർന്നു നിൽക്കുന്ന ആധികാരിക ഗ്രന്ഥമാണെന്നാണ്. അതിന്റെ പരമമായ ലക്ഷ്യം വിവേചനബുദ്ധിയുള്ള പൗരന്മാരെ സൃഷ്ടിച്ചെടുക്കുക ആണെന്നാണ്. പാഠ്യപദ്ധതികൾ പിടിച്ചെടുത്തുകൊണ്ട് വിദ്യാലയങ്ങളെ മതപാഠശാലകളാക്കാൻ അനുവദിക്കില്ല എന്നാണ്.
രാജ്യം പരമാധികാര റിപ്പബ്ലിക് ആയതിന്റെ സ്മരണകൾക്ക് കൊടിയേറുമ്പോൾ നമ്മൾ നൽകുന്ന ഓരോ സല്യൂട്ടും ഈ ഭരണഘടനയ്ക്കുള്ളതാണ്. മതത്തിന്റെ പേരിൽ നശിച്ചു നാമാവശേഷമായി പോകാതിരിക്കാൻ നമുക്ക് കാവൽനിൽക്കുന്ന, നമ്മളെ തോളോടുതോൾ ചേർത്തുനിർത്തുന്ന, നമ്മുടെ ഭരണഘടന.