നീതി ആഗ്രഹിക്കുന്നവർക്ക് ആനന്ദിക്കാൻ എൻകൗണ്ടർ കില്ലിംഗ് വേണ്ടിവരുന്ന ഗതികേട് പരിശോധിക്കാതെ, അവരുടെ കൈയടികളെ തള്ളിപ്പറഞ്ഞിട്ടു കാര്യമുണ്ടോ ?

129

Shibu Gopalakrishnan

പലജാതി മനുഷ്യരെയാണ് ഇന്ന് സ്ട്രീമിൽ കണ്ടുമുട്ടിയത്.

  1. എൻകൗണ്ടർ കില്ലിംഗ് എന്ന ഒറ്റയുക്തിയിൽ നീതിയുടെ മറ്റെല്ലാ യുക്തികളെയും റദ്ദുചെയ്തു കളയുന്നവരെ. അവരുടെ മുന്നിലൂടെയാണ് ഉന്നാവിലെ പെൺകുട്ടി പെട്രോളിൽ കുളിച്ചുകത്തി ഇപ്പോഴും കിലോമീറ്ററുകളോളം ഓടിക്കൊണ്ടിരിക്കുന്നത്.

  2. ചിലർ ഭരണഘടനയുടെ കാവലാളുകളാണ്, അതിൽ പറയാത്തത് എന്തുനടന്നാലും അവർ അടങ്ങിയിരിക്കില്ല, ഇത്രയും കാലം എവിടെ ആയിരുന്നു എന്നൊന്നും ചോദിക്കരുത്.

3. വേറെ ചിലരുണ്ട്, പോലീസിന്റെ ശിക്ഷാവിധികളിൽ അശേഷം വിശ്വാസമില്ലാത്തവർ. വയനാടൻ വനാന്തരങ്ങളിൽ മാവോയിസ്റ്റുകളെ കൊന്നുതള്ളിയ പോലീസിന്റെ വെടിയൊച്ചകൾ അവർ ഇനിയും കേട്ടിട്ടില്ല. ഭാഗ്യം, അവരുടെ കേൾവിശക്തിക്കു തകരാറൊന്നും സംഭവിച്ചിട്ടില്ല, തെലുങ്കാനയിലെ റേപ്പിസ്റ്റുകളുടെ നെഞ്ചിൽ തുളച്ച വെടിയൊച്ചകൾ എങ്കിലും അവർ കേട്ടല്ലോ!

4. വേറെ ചിലർ പറയുന്നത്, ബലാത്‌സംഗം ചെയതതും ആണുങ്ങളാണ്, വെടിവച്ചുകൊന്നതും ആണുങ്ങളാണ്, ഇതെല്ലാം ആണുങ്ങൾ നടപ്പാക്കുന്ന നീതിയും അനീതിയുമാണ്. ഞങ്ങൾക്ക് വേണ്ടത് നിങ്ങളുടെ നീതിയല്ല, സുരക്ഷിതത്വമാണ്. ഇനി അവർ ആണുങ്ങളുടെ സുരക്ഷിതത്വം ഞങ്ങൾക്ക് വേണ്ട എന്നുകൂടി പറയുമോ എന്നേ അറിയാനുള്ളൂ. എന്തരോ എന്തോ!

5. വേറെ ചിലരുണ്ട്, അവർക്കറിയാം പൊലീസല്ല ശിക്ഷ വിധിക്കേണ്ടത്, അതല്ല നിയമം, അതല്ല ഭരണഘടന, അതല്ല നമ്മൾ പിന്തുടരേണ്ടുന്ന നീതിയുടെ മാർഗം. എങ്കിലും ഈ വാർത്ത എന്നെ സന്തോഷിപ്പിക്കുന്നു, നിരാശരും ഹതാശരുമായ ഞങ്ങൾക്ക് ഇനിയും ഇവിടെ ജീവിക്കാം എന്നൊരു ഉറപ്പു തോന്നുന്നു, അതിനുപിന്നിലെ അന്യായങ്ങളെ പോലും മറന്നുകളഞ്ഞുകൊണ്ടു ആനന്ദിക്കാൻ തക്ക ആശ്വാസം തോന്നുന്നു. അവരുടെ ആഹ്ലാദം ഒരുതുള്ളി പോലും മറച്ചുവയ്ക്കാതെ അവർ പങ്കുവയ്ക്കുന്നു.

നീതി ആഗ്രഹിക്കുന്ന മനുഷ്യന്മാർക്ക് ആനന്ദിക്കാൻ എൻകൗണ്ടർ കില്ലിംഗ് പോലെയുള്ള അന്യായമൊക്കെ ഒക്കെ വേണ്ടിവരുന്ന ഗതികേടിലേക്കു എങ്ങനെയാണു അവർ എത്തിച്ചേർന്നതെന്നു പരിശോധിക്കാതെ, അവരുടെ കൈയടികളെ തള്ളിപ്പറഞ്ഞു കൊണ്ടുമാത്രം നീതിയുടെ കാവലാളാകുവാൻ എങ്ങനെയാണു സാർ നിങ്ങൾക്ക് കഴിയുന്നത്?