കണ്ണൻ ഗോപിനാഥൻ ഒരു അപവാദമാണ്, ഞങ്ങൾ മില്ലേനിയൽസിനു മുഴുവൻ അയാൾ ഒരു അപവാദമാണ്. ജീവിക്കാനൊരു ജോലി, അതിനുവേണ്ടി ഏതു നാട്ടിലും, ഏതു നിയമങ്ങളും അനുസരിച്ചു ജീവിക്കാൻ തയ്യാറാവുന്ന തൻകാര്യങ്ങളുടെ അപ്പോസ്തലന്മാരാണ് ഫേസ്ബുക്കിൽ വിരൽവിപ്ലവങ്ങൾ നടത്തുന്ന ഞാനുൾപ്പെടെയുള്ള പ്രതിഷേധക്കാർ.
അതിനപ്പുറം നഷ്ടങ്ങളുടെ ഒരു ഇലത്തണലുപോലും താങ്ങാൻ കഴിയാത്ത സൈബർ പരാക്രമികൾ, പ്രാരാബ്ധക്കാർ.നിങ്ങൾ വേറെ ലെവലാണ് കണ്ണൻ ! ഐഎഎസ് എന്ന അധികാരത്തിന്റെ അത്യന്നതങ്ങളെ വലിച്ചെറിഞ്ഞ് നീതിക്കും ന്യായത്തിനും ശരിക്കും വേണ്ടി നിങ്ങൾ തെരുവിലാണ്.
സമാധാനമായി മറൈൻ ഡ്രൈവിൽ പ്രതിഷേധിക്കാൻ എത്തിയ കണ്ണൻ ഗോപിനാഥൻ അടക്കമുള്ളവരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ചപ്പോഴുള്ള ചോദ്യങ്ങൾക്ക് അയാൾ മറുപടി പറയുകയാണ്.
“ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത് NRCയും CABയും ഭരണഘടനാവിരുദ്ധമാണെന്നാണ്, ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നാണ്. പൊലീസിന് ഞങ്ങൾ ആർട്ടിക്കിൾ 19 കാണിച്ചു കൊടുത്തു, സമാധാനമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്ന്, എന്നിട്ടും അവർ അനുവദിക്കുന്നില്ല. ഞങ്ങൾ നിയമം ലംഘിച്ചു എന്നുപറഞ്ഞു ആർട്ടിക്കിൾ 49 പ്രകാരം അവർ ഞങ്ങൾക്ക് നോട്ടീസ് തരികയാണ്”
ഭരണഘടനയും കൈയിൽ പിടിച്ചുകൊണ്ടു ജീവിക്കേണ്ടിവരുന്ന മനുഷ്യന്മാർ പെരുകുകയാണ്.
“ഞാൻ എന്റെ പ്രതിഷേധം തുടരും, കാരണം എന്റെ കുട്ടി വെറുപ്പു നിറഞ്ഞ ഒരു രാജ്യത്തല്ല ജീവിക്കേണ്ടത്. എനിക്ക് അവനുവേണ്ടി ഈ രാജ്യത്തെ നല്ല ഒരു രാജ്യമാക്കി മാറ്റണം. ഇത് ഞാനിപ്പോൾ ചെയ്തില്ലെങ്കിൽ നാളെ അവൻ എന്നോട് ചോദിക്കും, ഇങ്ങനെ ഒരു രാജ്യത്ത് എന്നെ ജീവിക്കാൻ വിട്ടത് എന്തിന്?”