ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്, ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല

174

Shibu Gopalakrishnan

ഇവരെ വായിക്കുകയും കേൾക്കുകയും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികളായ നികേഷും സോനുവും രണ്ടാമത്തെ ദമ്പതിമാർ ആകാൻ പോകുന്ന നിവേദും റഹീമും.

ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്. ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല, നികേഷ് പറയുന്ന ഒരു അനുഭവമുണ്ട്.

പണ്ടൊക്കെ വീട്ടുകാർക്കു പോലും എന്നെ മനസ്സിലായിരുന്നില്ല. ഒരു സാധാരണ പുരുഷനെ പോലെ വിവാഹം കഴിക്കുവാനും ജീവിതം നയിക്കുവാനും അവർ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നെ എന്നിൽ തന്നെ അടക്കം ചെയ്യാൻ അവർ കലഹിച്ചുകൊണ്ടേയിരുന്നു. വലിയ സമ്മർദ്ദവും അവഗണനയുമാണ് നേരിടേണ്ടി വന്നത്. ഈയടുത്തിടെ ഒരിക്കൽ അമ്മ എന്നെ വിളിച്ചു, എന്നിട്ടു പറഞ്ഞു നാട്ടിൽ ചിലരൊക്കെ ഞാൻ ചെയ്തതാണ് ശരിയെന്നു അമ്മയോട് പറഞ്ഞത്രേ. അമ്മയ്ക്കും ഇപ്പോൾ അങ്ങനെ തോന്നുന്നു എന്നു പറഞ്ഞപ്പോൾ അയാൾ അനുഭവിച്ച സന്തോഷം, വേണ്ടപ്പെട്ടവരാൽ അംഗീകരിക്കപ്പെടുന്നവന്റെ ആനന്ദം ആ കണ്ണുകളെ ഒരിക്കൽ കൂടി നനച്ചു.

നിവേദ് പറയുകയാണ്.

തല്ലി വളർത്താത്തതുകൊണ്ടാണ് ആളുകൾ ഗേയും ലെസ്ബിയനും ട്രാൻസും ഒക്കെ ആകുന്നതെന്നു വിശ്വസിക്കുന്ന ഒരുപാടുപേർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട്. അവർ മനസിലാക്കേണ്ടത് എല്ലാ മനുഷ്യനിലും പുരുഷ ഹോർമോണുകളും സ്ത്രീ ഹോർമോണുകളും ഉണ്ട്, അതിന്റെ ഏറ്റക്കുറച്ചിലുകൾ മാറ്റങ്ങൾക്കു കാരണമാവും. ജനിക്കുമ്പോൾ ഇതൊന്നും ആർക്കും തീരുമാനിക്കാൻ ആകില്ലല്ലോ. പരസ്പരം അംഗീകരിച്ചും സ്നേഹിച്ചും ജീവിക്കാം, നമ്മളെല്ലാം മനുഷ്യരല്ലേ?

അതെ, അവരും മനുഷ്യരാണ്. സ്വന്തം ശരീരത്തിനുള്ളിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ആത്മാക്കളുമായി ജീവിക്കുന്ന അദൃശ്യരായ മനുഷ്യർ. അവരെ അംഗീകരിക്കുക, ചേർത്തുപിടിക്കുക, നിങ്ങളും ഞങ്ങളിൽപ്പെട്ടവരെന്നു അവരോടു പറയാതെ പറയുക, ആത്മനിന്ദകളുടെ ആജീവനാന്ത തടവറകളിലേക്കു നടതള്ളാതെ അവരെ അവരായി ജീവിക്കാൻ അനുവദിക്കുക. അരികുകളിൽ നിൽക്കുന്ന എത്രയധികം മനുഷ്യന്മാരെ ഉൾക്കൊള്ളുന്നുവോ അത്രയധികം നമ്മൾ ജനാധിപത്യവത്കരിക്കപ്പെടുകയാണ്.

ഫിൻലൻഡിനെക്കുറിച്ചു ഇനി മിണ്ടരുതെന്നാണ്, എന്നാലും ഇതുംകൂടെ പറഞ്ഞു നിർത്താം.

കൊണ്ടാടപ്പെടുന്ന അവരുടെ പുതിയ പ്രധാനമന്ത്രി സന്നാ മറിൻ ലെസ്ബിയൻ ദമ്പതിമാർ വളർത്തിയ മകളാണ്. എന്റേത് ഒരു മഴവിൽ കുടുംബം ആയിരുന്നുവെന്നും അതുകൊണ്ടുതന്നെ ഞങ്ങൾ സമൂഹത്തിൽ അദൃശ്യരായിരുന്നുവെന്നും, സാധാരണകുടുംബം പോലെ ഞങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നും അവർ പറയുന്നുണ്ട്. രണ്ടുവർഷം മുമ്പുമാത്രമാണ് അത്തരം വിവാഹങ്ങൾക്ക് അവിടെ നിയമസാധുത ലഭിക്കുന്നത്. അവൻ എന്നോ അവൾ എന്നോ ഒരു വാക്കില്ലാത്ത, അതിനുപകരം ജെണ്ടർ-ന്യുട്രൽ വാക്കു മാത്രമുള്ള ഫിന്നിഷ് ഭാഷ സംസാരിക്കുന്ന മനുഷ്യന്മാരുടെ കാര്യമാണിത്. അതിനെയും അതിജീവിച്ചുകൊണ്ടാണ് സന്ന ഇപ്പോൾ ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുന്നത്.

പറഞ്ഞുവന്നത് ഫിൻലൻഡ്‌ എല്ലാം തികഞ്ഞ പറുദീസ ആണെന്നല്ല, ഹാർപ്പിക്കിനും കൊല്ലാൻ കഴിയാത്ത ചില കീടാണുക്കൾ ഇല്ലേ, അതെല്ലായിടത്തും ഉണ്ട്. അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ലിംഗസമത്വ കാഴ്ചപ്പാടിൽ നിന്നൊക്കെ ചിലതു പഠിക്കാനും പകർത്താനും ഉണ്ടെന്നുപറഞ്ഞപ്പോഴുള്ള പ്രതികരണങ്ങൾ കണ്ടു കിളിപോയതുകൊണ്ടു പറഞ്ഞതാണ്.

ഗേ-ലെസ്ബിയൻ വിവാഹങ്ങൾ പോലും നിയമപരമായിട്ടില്ലാത്ത ഒരുനാട്ടിൽ, ഒരുമിച്ചു ജീവിച്ചാൽ തന്നെ അവർക്കു കുഞ്ഞുങ്ങളെ ദത്തെടുക്കാനോ വളർത്താനോ അവകാശമില്ലാത്ത ഒരുനാട്ടിൽ ഇരുന്നുകൊണ്ട്, സന്നാ മറിനു കൈയടിക്കുമ്പോൾ ഇച്ചിരെ രോമാഞ്ചം ഒക്കെ വന്നുപോകുന്നത് ഒരു തെറ്റാണോ ഗുയ്സ്?

നാളെ നികേഷും സോനുവും നിവേദും റഹീമും ഒക്കെ വളർത്തിയ ഒരു കുട്ടി നമ്മുടെ രാജ്യം ഭരിക്കുന്ന ജനാധിപത്യ പുലരിയെക്കുറിച്ച് നിങ്ങൾ ഒന്നാലോചിച്ചു നോക്കിയേ

Advertisements