Shibu Gopalakrishnan
ഇന്നൊരു സുഹൃത്ത് ചോദിച്ചു, അമിത് ഷായേക്കാൾ പാവമാണല്ലേ നരേന്ദ്ര മോദി, അങ്ങനെ ചിലർക്കെങ്കിലും തോന്നിയിരിക്കാം, അവരോടാണ്.
അധികാരത്തിന്റെ ഈ ദ്വന്ദ്വമുഖം ബിജെപിക്ക് എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഏറ്റവും ജനകീയനായ സൗമ്യനായ നേതാവ് മുന്നിൽ നിന്നു നയിക്കും, വികസനം, അഴിമതിരാഹിത്യം ഇതൊക്കെയായിരിക്കും മെയിൻ. കൂടെ മറ്റൊരു നേതാവ് ഉണ്ടായിരിക്കും, അയാളുടെ നേതൃത്വത്തിലായിരിക്കും ഹിന്ദുത്വ അജണ്ടകൾ ഒളിച്ചു കടത്തുക. അതിനെ മുന്നിൽ നിർത്തിയാൽ അധികാരം ലഭിക്കില്ല, അതിനു വികസനവും ദേശീയതയും സുരക്ഷയും ഒക്കെ പറയണം, എന്നാൽ സ്വന്തം രാഷ്ട്രസങ്കല്പങ്ങൾ കൈയൊഴിയാനും പാടില്ല. അതിനെ നിയമപരമായി തന്നെ ഘട്ടം ഘട്ടമായി നടപ്പാക്കുകയും വേണം.
വാജ്പേയി-അദ്വാനി ആയിരുന്നു ആദ്യത്തെ ദ്വന്ദം. കവിയും നയതന്ത്രജ്ഞനും ആയ വാജ്പേയി ബിജെപിയുടെ ജനകീയ മുഖമായപ്പോൾ അദ്വാനി ഹിന്ദുഹൃദയസാമ്രാട്ടായി പരിവാരങ്ങളുടെ പ്രിയങ്കരനായി. പതുക്കെ അദ്വാനി സൗമ്യനാക്കപ്പെടുകയും തൽസ്ഥാനത്തു മോദി തീവ്രത ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ മോദി സൗമ്യഭാവത്തിലേക്ക് കടക്കുകയും അമിത് ഷാ അജണ്ടകളുടെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
ഇതൊരു തുടർച്ചയാണ്, അങ്ങനെയാണ് അത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുവരെ നമ്മൾ കണ്ട തീവ്രനിലപാടുകളെയും കടത്തിവെട്ടി മറ്റൊരാൾ വരുമ്പോൾ തൊട്ടുമുൻപിലത്തെ ആൾ പാവമാണെന്നു നമുക്കു തോന്നുകയാണ്, ഭേദമാണെന്നു നമുക്കു അനുഭവപ്പെടുകയാണ്, അതിലും കഠിനമായ മറ്റൊന്നിനെ നേരിടാൻ നമ്മൾ പാകപ്പെടുകയാണ്. അങ്ങനെയാണ് ഫാസിസത്തിന്റെ വിക്രം ലാൻഡറുകൾ ജനാധിപത്യത്തിന്റെ നെഞ്ചത്തു സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത്.
ചരിത്രം ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും ആവർത്തിക്കും, അവരെ നമ്മൾ ആദ്യം സജിയെന്നും പിന്നെ ഹിറ്റ്ലറെന്നും വിളിക്കും.