ഏട്ടൻ പ്രതികരിക്കുന്നില്ല എന്നുകിടന്നു കരയുന്നവർക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്തത്

213

Shibu Gopalakrishnan

ഏട്ടൻ പ്രതികരിക്കുന്നില്ല എന്നുകിടന്നു കരയുന്നവർക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്തത്.

ലാലേട്ടാ, സിനിമാക്കാർ പലരും പ്രതികരിച്ചു കഴിഞ്ഞു, ലാലേട്ടൻ മാത്രം ഇതുവരെ പ്രതികരിച്ചില്ല എന്നാണ് പരാതി. എന്താണ് പ്രതികരണം?

നോക്കൂ, നമുക്ക് പ്രതികരിക്കണം എന്നുതോന്നുന്ന കാര്യങ്ങളിലാണ് നമ്മൾ പ്രതികരിക്കുന്നത്, അല്ലേ. പ്രതികരണങ്ങൾ ഒരു പൂവ് വിരിയുന്നത് പോലെ, ഒരു കാറ്റു തഴുകുന്നത് പോലെ ഒക്കെ വളരെ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്, അല്ലേ? അങ്ങനെ വരുമ്പോഴാണ് അതിനു സൗന്ദര്യം ഉണ്ടാകുന്നത്, അല്ലേ? അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾക്കു നിങ്ങളുടേതായ വിശ്വാസങ്ങൾ ഉണ്ടാവാം, ഉണ്ടാവണം, അതിനെ ഞാൻ ബഹുമാനിക്കുന്നു, നിങ്ങളും ബഹുമാനിക്കൂ, നമുക്ക് രണ്ടുപേർക്കും പരസ്പരം ബഹുമാനിക്കാം, അത്രയൊക്കെ അല്ലേ നമുക്ക് ചെയ്യാൻ പറ്റൂ. അങ്ങനെ എല്ലാവർക്കും ചെയ്യാൻ പറ്റട്ടെ എന്നു പ്രാർത്ഥിക്കാം, നിങ്ങളും പ്രാർത്ഥിക്കൂ.

~അതല്ല ലാലേട്ടാ, ഇതിനു മുൻപും ഇത്തരത്തിലുള്ള പലവിഷയങ്ങളിലും ലാലേട്ടൻ ബ്ലോഗ് ഇട്ടിട്ടുണ്ട്, അതെല്ലാം ഞങ്ങൾ നെഞ്ചോട് ചേർത്തിട്ടുമുണ്ട്, അതുകൊണ്ടുതന്നെ ഏട്ടൻ എന്തുപറയുന്നു എന്നറിയാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്, എന്താണ് ഏട്ടന്റെ പ്രതികരണം?

പറ്റിയാൽ എല്ലാ മാസവും 21ആം തീയതിയാണ് ഞാൻ ബ്ലോഗ് ഇടാറുള്ളത്. എന്തോ, അതാണ് ശീലം. നോക്കൂ, യാതൊരു നിർബന്ധങ്ങളും ഇല്ലാത്ത ഒരാളാണ് ഞാൻ. ജീവിതത്തിൽ യാതൊന്നും പ്ലാൻ ചെയ്യാത്ത ഒരാൾ, ബ്ലോഗും അങ്ങനെ തന്നെ. പ്രതീക്ഷിക്കാത്ത സമയത്തു ചിലതു തോന്നുന്നു, ഒരു വിസ്മയം പോലെ ബ്ലോഗു ജനിക്കുന്നു. ബ്ലോഗുകളുടെ മുറ്റത്തു അന്തംവിട്ടു നിൽക്കുന്ന ഒരു കുട്ടി, ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളൂ, നിങ്ങളും അങ്ങനെ കാണൂ. അടുത്ത ബ്ലോഗ് എപ്പോഴാണ് എന്നു ചോദിച്ചാൽ നിങ്ങൾക്കറിയാവുന്ന ഉത്തരമേ എനിക്കും അറിയൂ, അറിയില്ല. ആ വിസ്മയത്തിനു വേണ്ടി ഞാനും കാത്തിരിക്കുകയാണ്, നിങ്ങളും..

~കാത്തിരിക്കാം, നമുക്ക് രണ്ടുപേർക്കും കാത്തിരിക്കാം. ചങ്കിനകത്തു നിന്നു ഞങ്ങൾ സ്വന്തം ഏട്ടനെ പോലും ഇതുവരെ ഏട്ടാ എന്നു വിളിച്ചിട്ടില്ല, അത് ലാലേട്ടനെ മാത്രമേ വിളിച്ചിട്ടുള്ളൂ. ആ സ്വാതന്ത്ര്യം കൊണ്ടു ഒരിക്കൽക്കൂടി ചോദിക്കുകയാണ്, എന്താണ് ഏട്ടന്റെ പ്രതികരണം?

നിങ്ങൾ ഇത്രയും നേരം ചോദിച്ചല്ലോ, എന്താണ് നിങ്ങളുടെ പ്രതികരണം? എനിക്ക് അങ്ങനെയും ചോദിക്കാമല്ലോ. ചോദ്യങ്ങൾ ആണ് നമ്മളെ ഉത്തരങ്ങളിലേക്കു നയിക്കുന്നത്, അല്ലേ. ഉത്തരം നമുക്ക് നേരത്തെ അറിയാമെങ്കിലും ചിലപ്പോൾ അവിടേക്കെത്താൻ ചോദ്യങ്ങൾ വേണ്ടിവരും. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും മുൻപേ ഇവിടെ ഉത്തരങ്ങൾ ഉണ്ട്, അല്ലേ, അങ്ങനെ അല്ലേ? ഞാൻ അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്. സ്വയം ചോദ്യങ്ങൾ ചോദിയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്, നിങ്ങളും അങ്ങനെ ചോദിക്കൂ, ഉത്തരങ്ങൾ കണ്ടെത്തൂ. എല്ലാവരും അങ്ങനെ ചോദിക്കാനായി..

~ഞാനും പ്രാർത്ഥിക്കാം. എന്നാലും ലാലേട്ടാ, ഏട്ടന് അറിയാമോ എന്നറിയില്ല. ലാലേട്ടന്റെ ബ്ലോഗ് ഒരു പോസിറ്റീവ് എനർജിപോലെ ഏറ്റുവാങ്ങുന്ന എത്രയധികം ആളുകൾ ഇവിടെയുണ്ട്, അവർക്കുവേണ്ടി ഒരിക്കൽക്കൂടി ചോദിക്കുകയാണ്, ഞങ്ങളോട് പറ, എന്താണ് പ്രതികരണം?

നോക്കൂ, ഞാൻ എല്ലാത്തിനെയും വളരെ സട്ടിൽ ആയി കാണുന്ന ഒരാളാണ്, സെറ്റിയാലാലും അതെ. കൊച്ചുകൊച്ചു കാര്യങ്ങളിലാണ് സന്തോഷങ്ങൾ എന്നു കരുതുകയും അതിനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ അറിയാതെ ചിലതൊക്കെ സംഭവിക്കുകയാണ്, അല്ലേ. നമ്മൾ പോസിറ്റീവ് എനർജി ആവണം എന്നുകരുതി ഒന്നും ചെയ്യുന്നില്ല, ചില ആളുകളുടെ അടുത്ത് നിൽക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നാറില്ലേ, ദിവസങ്ങളോളം അത് ചിലപ്പോൾ നമ്മുടെ കൂടെ ഉണ്ടാകും. മറ്റുള്ളവർക്കും അങ്ങനെ തോന്നുന്നു എന്നറിയുമ്പോൾ സന്തോഷം, ഇനിയും അങ്ങനെ സംഭവിക്കട്ടെ.

~അവസാനമായി ഒരിക്കൽക്കൂടി, അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുകയാണ്, എന്താണ് ഏട്ടന്റെ പ്രതികരണം?

അവസാനം ഒന്നും നമ്മുടെ കൈയിൽ അല്ലല്ലോ? നമ്മളെയൊക്കെയും നിയന്ത്രിക്കുന്ന ഏതോ ഒരു ശക്തി, ഈശ്വരനാവാം, ചിലർക്കത് പ്രകൃതിയാവാം, ചിലർക്കത് ഗുരുവാവാം, അങ്ങനെ ആരോ നിശ്ചയിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ, അല്ലേ. ആ ശക്തിയെ അറിയാനുള്ള ആഗ്രഹമാണ് വേണ്ടത് എന്നു കരുതുന്ന ഒരാളാണ് ഞാൻ. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന കാര്യങ്ങളാണ് അതെല്ലാം, അല്ലേ? അറിഞ്ഞുകൊണ്ട് ചെയ്യുന്നതിനേക്കാളും നമ്മൾ അറിയാതെ ചെയ്യുമ്പോഴാണ് ഈ നാച്ചുറലിറ്റി എന്നൊക്കെ പറയുന്ന..

~പറയൂല്ല എന്നു തീരുമാനിച്ചുറപ്പിച്ചു ഇറങ്ങിയിരിക്കുകയാണ്, ല്ലേ?