ശംഖുമുഖത്തു വച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ആക്രമണം നടന്നത് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട പ്രമുഖർ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചു രംഗത്തു എത്തുകയും ചെയ്തു. സാധാരണക്കാർ വിട്ടുകളയുമായിരുന്ന ഒരു സംഭവത്തെ പൊതുസമൂഹത്തിന്റെയും നിയമത്തിന്റെയും മുന്നിലെത്തിച്ച ശ്രീലക്ഷ്മിയ്ക്ക് ആഭിനന്ദനങ്ങൾ. ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പ് വയ്ക്കാം. ഈ വിഷയത്തെ കുറിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ചേർക്കുന്നു

Shibu Gopalakrishnan

ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്ന ഒരു പാതിരാ തിണ്ണമിടുക്ക്, സദാചാരപോലീസിങ്ങിന്റെ കടപ്പുറം വേർഷൻ, അതായിരുന്നു ശംഖുമുഖത്തു ഉണ്ടായത്. എന്തിനാണ് പെണ്ണുങ്ങൾ പാതിരാത്രിയിൽ ഇറങ്ങി നടക്കുന്നത്, എന്തിനാണ് അവർ കടപ്പുറത്തു വന്നിരിക്കുന്നത്, എന്തിനാണ് അവർ ആൺസുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത്, എന്നൊക്കെ ചോദിക്കുന്ന, ചോദിച്ചില്ലെങ്കിലും അത്തരം ചോദ്യങ്ങൾ ഉള്ളിൽകൊണ്ടുനടക്കുന്ന, ഒരു സമൂഹത്തിന്റെ ഇരുട്ടിന്റെ മറവിലുള്ള കുരുപൊട്ടൽ.

(ചിത്രം പോസ്റ്റിന്റെ ലിങ്ക്)

അടിയുറച്ചുപോയ ധാരണകളെ ഒരൊറ്റ രാത്രികൊണ്ട് തിരുത്താൻ കഴിയുമെന്നല്ല. പെണ്ണുങ്ങൾ ഒരു രാത്രിയിൽ ഇറങ്ങിനടന്നതുകൊണ്ടു മാത്രം പൊതുയിടങ്ങൾ അവർക്കു പിടിച്ചടക്കാൻ കഴിയുമെന്നല്ല. അതൊരു തുടർച്ചയാണ്, ഒരുപാടു രാത്രികൾ കൊണ്ടുമാത്രമാണ് നഷ്ടപ്പെട്ട ഇടങ്ങൾ അവർക്കു പതിച്ചുകിട്ടാൻ പോവുക. അതിലേക്കുള്ള യാത്രയുടെ ഒരു വലിയ കാതമാണ് ശ്രീലക്ഷ്മിയുടെ തന്റേടം ഇന്നു ഒറ്റയടിക്കു മറികടന്നത്. ഇങ്ങനെ ചിലർ ഇവിടെ ഇതിനുമുൻപും ജീവിച്ചിരുന്നതുകൊണ്ടാണ് പെണ്ണുങ്ങൾ ഇന്നിരിക്കുന്ന പലയിടങ്ങളിലും അവർക്കു കയറി ഇരിക്കാൻ പറ്റുന്നത്.

(ചിത്രം പോസ്റ്റിന്റെ ലിങ്ക്)

നിങ്ങൾക്കു വേണമെങ്കിൽ പോട്ടെ എന്നുവച്ചു വിട്ടുകളയാം, എന്നാൽ അതുപറ്റാതെ വരുന്ന ഒരു നിമിഷം, നിങ്ങൾ ഇറങ്ങിത്തിരിക്കുന്നത് നിങ്ങൾക്കു വേണ്ടി മാത്രമല്ല, ഇനി വരാനിരിക്കുന്ന എത്രയോ പെണ്ണുങ്ങൾക്കും അവരുടെ പാതിരകൾക്കും നിലാവിനും നക്ഷത്രങ്ങൾക്കും വേണ്ടിയാണ്. അഭിനന്ദനങ്ങൾ Sreelakshmi Arackal, ഒത്തുതീർപ്പുകൾക്കു മുന്നിൽ അടിയറവുപറയാനോ പേടിച്ചുപിന്മാറാനോ ഉള്ളതല്ല ഞങ്ങളുടെ പാതിരകൾ എന്നു ഉറക്കെ പ്രഖ്യാപിച്ചതിനു കടലോളം അഭിനന്ദനങ്ങൾ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.