ഭരണകൂട വിമർശനങ്ങൾ എങ്ങനെയാണ് ഒരു പൗരനെ തടങ്കലിൽ എത്തിക്കുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന മാതൃകയായി സഞ്ജീവ് ഭട്ട് നിലകൊള്ളുന്നു

0
1273
Shibu Gopalakrishnan
സഞ്ജീവ് ഭട്ട് ജയിലിൽ ആയിട്ട് 481 ദിവസങ്ങൾ ആയി . ജയിലിൽ ആണെന്ന് അറിയുമ്പോഴും, അത് തുടരുകയാണ് എന്നറിയുമ്പോഴും, അതിനോട് നമ്മൾ ഏറെക്കുറെ സമരസപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം പൊള്ളിച്ചു കളഞ്ഞു. ഭരണകൂട വിമർശനങ്ങൾ എങ്ങനെയാണ് ഒരു പൗരനെ തടങ്കലിൽ എത്തിക്കുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന മാതൃകയായി, എല്ലാ പ്രതിഷേധങ്ങൾക്കും മുൻപിലുള്ള എഴുതപ്പെടാത്ത ഭീഷണിയായി, വിയോജിക്കുന്നവരുടെ വിദൂരഭാവിയായി, സഞ്ജീവ് ഭട്ട് നിലകൊള്ളുന്നു.
ഇങ്ങനെ എത്രയോ വിളക്കുകൾ സ്വയം കത്തിയെരിഞ്ഞു നിൽക്കുന്നതിന്റെ ചോട്ടിലിരുന്നാണ് ഞാനും നിങ്ങളും ഇപ്പോൾ ഇങ്ങനെ ടൈപ്പ് ചെയ്യുന്നത്. തെരുവിൽ അടികൊള്ളുകയും ജയിലിൽ അടയ്ക്കപ്പെടുകയും കൊടിയ പീഡനങ്ങളിലൂടെ ഇപ്പോഴും കടന്നുപോകുകയും ചെയ്യുന്ന എത്രയോ ആസാദുമാരുടെ ചോരയാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം.
തെരുവിൽ ഇറങ്ങി നിൽക്കുന്ന ഓരോ മനുഷ്യനും, അവർ ആകാശത്തിലേക്ക് മുഷ്ടിചുരുട്ടി മുഴക്കുന്ന ഓരോ മുദ്രാവാക്യവും, അവർക്കു വേണ്ടി മാത്രമല്ലെന്നും, നമുക്കും വരാനിരിക്കുന്ന നമ്മുടെ തലമുറകൾക്കും വേണ്ടിയാണെന്നു തിരിച്ചറിയുമ്പോൾ നമ്മളും ആ സമരത്തിന്റെ ഭാഗമാവുകയാണ്.
നഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കാത്ത അവരോടു നമ്മൾ കടപ്പെട്ടിരിക്കുന്നു.