ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും വിജയിച്ചു കൊണ്ടിരിക്കുന്നതും – പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം

169
Shibu Gopalakrishnan
ശരിയല്ലാത്ത ഒരു കാര്യത്തെ ശരിയെന്നു തോന്നിപ്പിക്കുംവിധം ശരിയായ സമയത്തു അവതരിപ്പിക്കുക എന്നതാണ് പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സിന്റെ തന്ത്രം. അതാണ് ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അഭൂതപൂർവ്വമാംവിധം വിജയിച്ചു കൊണ്ടിരിക്കുന്നതും.
നോട്ടുനിരോധന സമയത്തു കള്ളപ്പണം പിടിക്കാനും അങ്ങനെ തിരിച്ചുവരാത്ത പണം റിസർവ് ബാങ്കിനോട് ചോദിച്ചു വാങ്ങി രാജ്യപുരോഗതിക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്നും വാട്ട്സാപ്പിൽ വായിച്ചപ്പോൾ നിങ്ങളിൽ ചിലരെങ്കിലും കൈയടിച്ചുപോയതു അതുകൊണ്ടാണ്, എന്നിട്ട് എന്തുസംഭവിച്ചു എന്നു നിങ്ങൾ ആലോചിക്കുക?
കാശ്മീരിൽ നിന്നും 370ആം അനുച്ഛേദത്തെ എടുത്തുകളഞ്ഞപ്പോൾ അവർ പറഞ്ഞു, അവിടുത്തെ സർക്കാർ ജോലി നമുക്കുകൂടി ലഭിച്ചാൽ, അവിടെപ്പോയി നാലുസെന്റ് വാങ്ങി ഒരു വേനൽക്കാല വസതി പണിഞ്ഞാൽ നമുക്കെന്താ പുളിക്കുമോ, അപ്പോഴും നല്ല നീളത്തിൽ കൈയടിച്ചു, കൊള്ളാമല്ലോ വീഡിയോൺ എന്നു അത്ഭുതംകൂറി.
ഇപ്പോൾ ILP നടപ്പാക്കുമ്പോൾ, അയൽസംസഥാനങ്ങൾ പോലും അന്യസംസ്ഥാനങ്ങൾ ആകുമ്പോൾ, അവിടേക്കു പ്രവേശിക്കാൻ അനുമതിവേണമെന്നു പറയുമ്പോൾ, കാശ്മീരിനെ കുറിച്ച് പറഞ്ഞത് എവിടെപ്പോയി എന്നു നിങ്ങൾ ആലോചിക്കുക?
ഇപ്പോൾ കലാപങ്ങൾക്കെതിരെ, പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവർ അവതരിക്കുമ്പോൾ, ശബരിമലക്കാലത്ത് നെയ്‌ത്തേങ്ങയും മൂടിക്കെട്ടിയ മുഖവുമായി ചിലർ തെരുവുകൾ കീഴടക്കിയപ്പോൾ അവർ എവിടെ ആയിരുന്നു എന്നു നിങ്ങൾ ആലോചിക്കുക?
ഇവിടുത്തെ ഒരു പൗരനും CAA വഴി പുറത്താവില്ല എന്നു പറയുമ്പോൾ, ശരിയാണല്ലോ എന്നു വാപൊളിക്കുന്നവർ, NRC വഴി പുറത്താകുന്ന CAA സംരക്ഷണം ഇല്ലാത്ത ഇതരമതവിഭാഗക്കാർ എങ്ങോട്ടു പോകുമെന്നു പറയുന്നില്ല, NRC വഴി പുറത്താകാൻ ഇടയുള്ള ഒരു വിഭാഗത്തെ ചേർത്തുനിർത്താനും മറ്റൊരു വിഭാഗത്തെ കൈയൊഴിയാനുമുള്ള ഒരുമുഴം മുൻപേയുള്ള ഏറാണിതെന്നു മനസ്സ് തുറക്കുന്നില്ല.
കേൾക്കുമ്പോൾ എല്ലാം സുഭദ്രമാണ്, കയ്യടിക്കാൻ പാകത്തിനുള്ളതാണ്. അങ്ങനെയാണ് സത്യാനന്തര കാലം പ്രവർത്തിക്കുന്നത്. സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ നാലുതവണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും. നുണയ്ക്ക് നമ്മൾ കൈയടിച്ചു കഴിഞ്ഞിരിക്കും.