കൃത്യസമയത്തു ജനങ്ങളെ കൈയൊഴിയുന്ന ആളാണ് നിങ്ങളെങ്കിൽ അവർ നിങ്ങൾക്കു വേണ്ടിയും നിലകൊള്ളില്ല

105
Shibu Gopalakrishnan
നേതൃത്വത്തെ കുറിച്ചുള്ള ഏതു കോർപ്പറേറ്റു ക്ലാസിലും പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്, എന്താണ് ഒരു നേതാവിനു ഏറ്റവും ആദ്യം വേണ്ടത്?
നിങ്ങൾ ആരെയാണോ നയിക്കുന്നത് അവരുടെ വിശ്വാസം. അതു ആർജ്ജിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു പരാജയപ്പെട്ട നേതാവാണ്. നിങ്ങളുടെ കൂടെയുള്ളവർ എത്ര വലിയ സമർത്ഥന്മാരും കേമന്മാരും ആയിക്കൊള്ളട്ടെ, നിങ്ങൾക്കു വേണ്ടി അതെല്ലാം അതിന്റെ പരമാവധിയിൽ എടുത്തു പ്രയോഗിക്കാൻ അവർക്കു തോന്നണമെങ്കിൽ നിങ്ങളിൽ അവർക്കു വിശ്വാസം ഉണ്ടായിരിക്കണം.
എങ്ങനെയാണു ആ വിശ്വാസം ആർജ്ജിക്കുന്നത്?
അവരുടെ കഷ്ടകാലത്തു അവരെ സംരക്ഷിക്കാൻ ഒരു രക്ഷാകർത്താവിനെപോലെ നിങ്ങൾ ഉണ്ടാകും എന്ന തോന്നലിൽ നിന്നാണ് ആ വിശ്വാസം ഉണ്ടാകുന്നത്. കൃത്യസമയത്തു അവരെ കൈയൊഴിയുന്ന ആളാണ് നിങ്ങളെങ്കിൽ അവർ നിങ്ങൾക്കു വേണ്ടിയും നിലകൊള്ളില്ല. നിങ്ങളുടെ വിജയങ്ങൾ അവർക്കൊരു വേവലാതിയേ ആയിരിക്കില്ല. അവരുടെ പരാജയങ്ങൾ സ്വന്തം പരാജയങ്ങളായും, സ്വന്തം വിജയം അവരുടെ വിജയമായും പങ്കുവച്ചു കൊടുക്കുന്നവരാണ് മികച്ച നേതാക്കൾ. ആ മനോഭാവമാണ് അവർക്കു പിന്നിൽ അനുയായികളെ അണിനിരത്തുന്നത്.
അവിടെയാണ് രാഹുൽ ഗാന്ധി പരാജയങ്ങളുടെ ഒരു പിന്തുടർച്ച ആവുന്നത്. കഷ്ടകാലത്ത് ജനങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങാനും അവർക്കു വേണ്ടി വെയിലുകൊള്ളാനും അങ്ങനെ ഒരാളുണ്ട് എന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല. നമുക്കൊരു ആവശ്യം വന്നാൽ നമ്മളെ സംരക്ഷിക്കാൻ അയാൾ ഈ രാജ്യത്തു തന്നെയുണ്ടാവും എന്നു യാതൊരു ഉറപ്പും അവർക്കു ഉണ്ടാകുന്നില്ല. കിട്ടിയ അവസരങ്ങളെല്ലാം ധാരാളിത്തത്തോടെ കളഞ്ഞുകുളിക്കുന്ന അവസരങ്ങളുടെ ധൂർത്തുപുത്രനാണ് രാഹുൽ ഗാന്ധി.
പറയുമ്പോൾ എട്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് ഭരിക്കുന്നുണ്ട്, മുന്നേറ്റമുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല. ദേശീയരാഷ്ട്രീയത്തിൽ ബലാബലം നിൽക്കണമെങ്കിൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ 2024-ൽ അമിത് ഷായോ യോഗി ആദിത്യനാഥോ രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും, അപ്പോൾ രാഹുൽ ഗാന്ധി കോൺഗ്രസ്സ് ആസ്ഥാനത്തു കതകടച്ചിരുന്നു തന്റെ രാജിക്കത്തു തയ്യാറാക്കുകയാവും.
മകനേ മടങ്ങിവരൂ.
Advertisements