നാട് ഒരു അസന്നിഗ്ധ ഘട്ടത്തെ നേരിടുമ്പോൾ ഇമ്മാതിരി വർത്തമാനം പറയുകയല്ല അച്ചോ വേണ്ടത്

333
ഇത്തരം ചില മതഭ്രാന്തുകയറിയ അച്ചന്മാർ മതപരിവർത്തനത്തെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചുമൊക്കെ സംഘപരിവാരത്തിന്റെ കോടാലികൾ ആയി വാതോരാതെ സംസാരിക്കും. എന്നാൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾ എങ്ങനെ ഉണ്ടായതെന്ന് കൂടി പറയേണ്ടിവരും. അവരുടെ ദൈവം നേരിട്ട് കയറുകെട്ടി ഇറക്കിയതാണോ ? ഇന്ത്യയിൽ ചിലവായ ഗോതമ്പ് മാവിനും മൈദാമാവിനും കണക്കുണ്ടോ? പട്ടിണിയും അനാചാരങ്ങളും ആയി പ്രാകൃതരായി കിടന്ന ജനങ്ങളെ കുറേയൊക്കെ വിദ്യാസമ്പന്നരാക്കാൻ മിഷണറി പ്രവർത്തനങ്ങൾക്ക് സാധിച്ചു എന്നാൽ ദാരിദ്ര്യത്തെ മുതലെടുത്തു തന്നെയാണ് ഇവിടെ ക്രിസ്തുമതത്തെ വളർത്തിയത്. അല്ലെങ്കിൽ തന്നെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ എന്ത് ദൈവം. അപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ മതപരിവത്തനം നടത്തിയ ക്രിസ്ത്യ മിഷനറിമാർക്കില്ലാത്ത എന്ത് തെറ്റാണ് മറ്റു മതസ്ഥക്കുള്ളത് ? ഇതൊക്കെ പറയുമ്പോൾ ചുട്ടുകരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്സിനെയും അയാളുടെ ആ പിഞ്ചോമനകളെയും കൂടി ഓർക്കണം അച്ചോ. നിങ്ങളുടെ മതം എന്നല്ല എല്ലാ മതവും ഇന്നത്തെ ലോകത്തു അശ്ലീലം ആണ്. മറ്റുള്ളവന്റെ അധ്വാനം ആണ് നിങ്ങളെ പോലുള്ളവരുടെ അടിവസ്ത്രം പോലും. അതുകൊണ്ടു കിട്ടുന്ന വീഞ്ഞും വൈനും മോന്തി മതത്തൊഴുത്തുകളിൽ പണ്ടാരമടങ്ങുക. നിങ്ങളുടെ അബദ്ധ ജല്പനങ്ങൾ ജനം മടുത്തുകഴിഞ്ഞു.
Shibu Gopalakrishnan എഴുതുന്നു 
പ്രസംഗത്തിനിടയ്ക്കു ഒരുപാട് കെട്ടുകഥകൾ പറയുന്ന ആളാണ് പുത്തൻപുരയ്ക്കൽ അച്ചൻ. സരസത കൈവിടാതെ അവതരിപ്പിക്കും. പൊളിറ്റിക്കൽ കറക്ടനസ്സും സ്ത്രീവിരുദ്ധതയും വിഷയമല്ലാത്തവർക്കു പൊട്ടിച്ചിരിക്കാനുള്ളതൊക്കെ ഉണ്ടായിരിക്കും. കഥയിൽ ചോദ്യമില്ല.
ദാമ്പത്യ കാര്യങ്ങളിൽ ആണ് സ്പെഷ്യലൈസേഷൻ എന്നു തോന്നിയിട്ടുണ്ട്. ഭാര്യ എങ്ങനെയായിരിക്കണം, ഭർത്താവ് എങ്ങനെയായിരിക്കണം എന്നൊക്കെ പറയുന്നത് കേട്ടാൽ ചിരിച്ചു ചിരിച്ചു മനുഷ്യനു പത വരും, യേത്? അങ്ങനെയൊരു കെട്ടുകഥ ആണെങ്കിൽ മാവു വളയുകയോ തലകുത്തി നിൽക്കുകയോ കുന്തം വിഴുങ്ങുകയോ എന്തേലും ആവട്ടെ എന്നുകരുതാമായിരുന്നു.
എന്നാൽ ഇത് സുവിശേഷത്തിനു മറവിലുള്ള പച്ചയായ വിദ്വേഷ പ്രഘോഷണമാണ്. മതമെന്നാൽ അത് മുന്നോട്ടു വയ്ക്കുന്ന മൂല്യവ്യവസ്ഥയാണ്. അതിന്റെ അംബാസ്സഡർമാരാണ് പുരോഹിതന്മാർ, ആയിരിക്കണം പുരോഹിതന്മാർ.
നാട് ഒരു അസന്നിഗ്ധ ഘട്ടത്തെ നേരിടുമ്പോൾ ഇമ്മാതിരി വർത്തമാനം പറയുകയല്ല അച്ചോ വേണ്ടത്. ഇപ്പോൾ നമ്മളെ ഒഴിവാക്കിയത് പോലും ഇത്തമൊരു കടിപിടിയും തമ്മിൽത്തല്ലും കാണാനുള്ള ചോരക്കൊതി കൊണ്ടാണെന്നു മനസിലാക്കാനുള്ള വകതിരിവും ചരിത്രബോധവും അപരസ്നേഹവും ഒരു പുരോഹിതന് ഉണ്ടാകണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ അച്ചോ?
ഭരണഘടന ദുർബലപ്പെടുന്ന ഓരോ നിമിഷവും മതഭേദമെന്യേ എല്ലാവരും അപകടപ്പെടുകയാണ്. അതിനിടയ്ക്ക് ഒരുമാതിരി പണിയായിപ്പോയി അച്ചോ. പുര കത്തുമ്പോൾ വാഴ വെട്ടുന്നത് പോലെയുള്ള ഒരു കൂദാശ ആയിപ്പോയി അച്ചന്റെ വളഞ്ഞമാവും കോടമഞ്ഞും.
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ യാദൃച്ഛികതയാണ് അച്ചോ മതം. ഏതൊക്കെയോ മതത്തിൽ മനുഷ്യർ തന്റേതല്ലാത്ത കാരണത്താൽ ജനിച്ചു വീഴുന്നു. അത് എല്ലാ നീതിക്കും അനീതിക്കുമുള്ള മാനദണ്ഡമായി മാറുമ്പോൾ ഒരു ക്രിസ്തുവിന്റെ അനുയായി വ്യാകുലപ്പെടുകയല്ലിയോ അച്ചോ വേണ്ടത്. ഇവരും എന്റെ സഹോദരർ എന്നു ഉറക്കെ വിളിച്ചു പറയുകയല്ലിയോ അച്ചോ വേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പിനു ഓശാന പാടുകയല്ല അച്ചോ വേണ്ടത്. യാദൃച്ഛികതകളുടെ പേരിൽ അന്ധമായി അഭിമാനപ്പെടാനും ആനന്ദപ്പെടാനും അന്യന്റെ ആപത്തിൽ കരുണയില്ലാതെ കണക്കായിപ്പോയി എന്നുപറയാനും പഠിപ്പിക്കുന്ന ഒരു മതമാണ് അങ്ങയുടേത് എന്നു കേൾപ്പിക്കുന്നത് കർത്താവിനു നിരക്കുന്ന പണിയാണോ അച്ചോ?
ഒരു മതപുരോഹിതൻ വാചാലനാവേണ്ടത് തന്റെ മതം മുന്നോട്ടു വയ്ക്കുന്ന മൂല്യവ്യവസ്ഥയെക്കുറിച്ചാണ്, അത്തരമൊരു ആത്മീയജീവിതത്തിലേക്ക് തന്റെ അനുയായികളെ ആനയിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ ആയിരിക്കണം അദ്ദേഹത്തിന്റെ വാക്കുകൾ. അല്ലെങ്കിൽ ജനം അതിനു നേരെ കല്ലെറിയും, കാർക്കിച്ചു തുപ്പും. ക്ഷമിക്കണം അച്ചോ.
Advertisements