എന്ത് വന്നാലും മറ്റുള്ളവരെ ചൂഷണം ചെയ്തു പൂജയും ഹോമവും നടത്തി പണമുണ്ടാക്കാൻ ഒരു വിഭാഗമുണ്ട്

72
Shibu Sadanandan
കോവിഡ് 19ൽ നിന്നു രക്ഷ നേടാൻ തന്ത്രി സമാജം ഹോമം നടത്തിയത്രെ. എല്ലാ ബ്രാഹ്മണ ഭവനങ്ങളിലും പൂജകൾ നടത്തി കൊറോണയെ ഓടിക്കാം എന്നോർത്തല്ല ഈ നമ്പൂതിരി സമൂഹം ഇത് ചെയുന്നത് എന്നു തിരിച്ചറിയേണ്ടതുണ്ട്. ഒറ്റ നോട്ടത്തിൽ വിശ്വാസത്തിന്റെ ഭാഗമാണെന്നു തോന്നുമെങ്കിലും അതിനുമപ്പുറത്തേക്ക് ചില കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
കൊറോണ പടർന്നു ഭീകരമായി നിൽക്കുന്ന ഈ അവസ്ഥയിൽ ആധുനിക വൈദ്യ ശാസ്ത്രത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്ന ബോധ്യം എല്ലാവർക്കുമുണ്ട്. ഇപ്പോൾ കൊറോണയെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും വരും കാലങ്ങളിൽ കൊറോണ എന്നത് വെറും പനി വരുന്ന പോലെ നമ്മൾ നിസാരമായി കാണുന്ന അവസ്ഥയിലേക് വൈദ്യശാസ്ത്രം മാറ്റിയെടുക്കും എന്നതിൽ സംശയമില്ല.
ഈ പൂജ നടത്തുന്ന നമ്പൂതിരിമാർക്കും ഇക്കാര്യത്തിൽ സംശയം ഉണ്ടാകാൻ ഇടയില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു പ്രഹസനം. അതും വിശ്വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
ഒരാൾ സ്വയം പ്രാർത്ഥിക്കുന്നത് വിശ്വാസവുമായി ബന്ധപ്പെട്ടാണ്. അതിൽ തെറ്റു പറയാനും കഴിയില്ല. എത്ര മരുന്നുണ്ടെങ്കിലും ആ പ്രാർത്ഥന ഭൂരിഭാഗം മനുഷ്യരും നടത്തുന്നതാണ്. പക്ഷേ ഇത്തരം ഈ സമയത്തുള്ള ഹോമങ്ങളെ വിശ്വാസമായിട്ടല്ല കാണേണ്ടത്. മറിച്ചു ഇവിടുത്തെ വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായിട്ടാണ്. ഹോമങ്ങളും യാഗങ്ങളുമാണ് ഇവിടെയുള്ള നമ്പൂതിരി ബ്രാഹ്മണ സമൂഹങ്ങളുടെ പ്രധാന വരുമാന മാർഗവും സാമൂഹിക മേൽക്കോയ്മയുടെ കാരണവും. എല്ലാ പ്രശ്നങ്ങളും യാഗത്തിലൂടെയും ഹോമത്തിലൂടെയും മാറ്റിയെടുക്കാം എന്ന പൊതു ധാരണയാണ് നമ്പൂതിരി സമൂഹങ്ങൾക് വിശ്വാസികളായ പിന്നോക്ക ദളിത് സമൂഹങ്ങളെ ചൂഷണം ചെയ്യാനുള്ള എളുപ്പ മാർഗമായി മാറുന്നത്. മഴ പെയ്യിക്കാനും സാമ്പത്തിക മാന്ദ്യം മാറാനുമുൾപ്പെടെ എല്ലാത്തിനും പൂജകൾ ചെയ്യുന്ന ജനത ആ പൊതുബോധത്തിന്റെ ഫലമാണ്.
ആ പൊതുബോധം സൃഷ്ടിക്കുന്നതും അതിനെ മുന്നോട്ട് കൊണ്ട് പോകുന്നതും ആ പൂജയുടെ ഗുണഫലം അനുഭവിക്കുന്ന പൂജ നടത്തുന്ന നമ്പൂതിരി ബ്രാഹ്മണ വർഗ്ഗമാണ്. അതിനു വേണ്ടിയാണ് ഇത്തരം അഭ്യാസങ്ങൾ. ഈ അപകട കാലത്ത് പൂജ ചെയ്യുന്നതിലൂടെ തങ്ങൾക് എന്തും നേരിടാനുള്ള വഴി അറിയാമെന്നും പൂജകളാണ് അതിനുള്ള പരിഹാരമെന്നുമുള്ള പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് ഇതൊക്കെ എല്ലാ ബ്രാഹ്മണ ഭവനങ്ങളിലും ചെയുന്നത്. അതിലൂടെ ലഭിക്കുന്ന സാമ്പത്തിക, സാമൂഹിക നേട്ടങ്ങളാണ് അവരുടെ ലക്ഷ്യം. ഇത്തരം ചെയ്തികളുടെ ഇരകളാകുന്നത് ഇവിടുത്തെ പിന്നോക്ക ദളിത് ജനങ്ങളാണ്. തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്ത് വളരെയെളുപ്പത്തിൽ ഈ നമ്പൂതിരി വിഭാഗത്തിന് വിട്ടുകൊടുക്കുന്നു. കൂടാതെ ദൈവങ്ങളെപോലെ ഈ നമ്പൂതിരിമാരെ കാണുകയും വിശ്വസിക്കുകയും താണു വീണു ബഹുമാനിക്കുകയും ചെയ്യും. ഇത് തന്നെയാണ് അവരുടെ ആവശ്യവും. അത് നിലനിർത്തിക്കൊണ്ട് പോകുന്നതിനാണ് ഇത്തരത്തിൽ ഉള്ള കണ്ണിൽ പൊടിയിടുന്ന പരിപാടികളും.
എല്ലാ ആവശ്യങ്ങൾക്കും പൂജ വിധിക്കുന്ന ഈ നമ്പൂതിരി സമൂഹത്തിലെ ഒരു പ്രധാന ജ്യോതിഷി സ്വന്തം കുടുംബത്തിലൊരാളെ കാണാതായപ്പോൾ മഷി നോക്കി കണ്ടു പിടിക്കാതെ നേരെ പോലീസിൽ ചെന്നു പരാതിപ്പെട്ടത് നമ്മളെല്ലാരും കണ്ടതാണ്. അത്രയേ ഉള്ളു ഇവരുടെ വിശ്വാസം. സ്വന്തം വീട്ടിൽ അപകടം എത്തുമ്പോൾ ഇല്ലാതാകുന്ന വിശ്വാസം. ശ്രദ്ധിക്കേണ്ടത് ഇവിടുത്തെ പിന്നോക്ക ദളിത് വിശ്വാസി സമൂഹമാണ്. നമ്മളെ ചൂഷണം ചെയ്തുകൊണ്ടാണവർ നമ്മുടെ മുകളിൽ നിലനിന്നുകൊണ്ടേയിരിക്കുന്നത്. നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നത്. വീണുപോകാതിരിക്കുക. വിശ്വാസത്തിന്റെ പേരിൽ ഇത്തരത്തിലുള്ള കാട്ടിക്കൂട്ടലുകൾക് തല വെക്കാതിരിക്കുക. വിശ്വാസം ദൈവത്തിലായാലും ഇത്തരം ദൈവത്തിന്റെ പേരിൽ ജീവിക്കുന്നവരിലാകാതിരിക്കട്ടെ.
Advertisements