പ്രളയം തുടർക്കഥയാകുമ്പോൾ നമുക്കും മറ്റു സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളെ കണ്ടുപഠിക്കാം

710

Shiby PK എഴുതുന്നു 

രണ്ടു പതിറ്റാണ്ടുകൾ മുൻപ് ഞാൻ ആന്ധ്രയിൽ ഒരു ചെറിയ കാലം ഉണ്ടായിരുന്നു… അന്നവിടെ കണ്ട ഒരു കാര്യം…!!

ഞാൻ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഉടമയുടെ സഹോദരനും മറ്റും രാഷ്ട്രീയക്കാർ ആയിരുന്നു… പ്രളയം കഴിഞ്ഞ സമയത്തു് അവർ ഒരുപാട് ബെഡ്ഷീറ്റുകൾ, സാരികൾ, കൈലി മുണ്ടുകൾ, ബെനിയനുകൾ എന്നിവ ഞങ്ങൾക്ക് കൊണ്ടുവന്നു തരും, അതും വളരെ ചെറിയ വിലക്ക്, ഒരെണ്ണം 20 രൂപ

Shiby PK

അത്രേയൊക്കെയേ ഉള്ളൂ… പ്രളയത്തിന് വിതരണം ചെയ്യാൻ വേണ്ടി സർക്കാർ പ്രത്യേകം ചെയ്യിക്കുന്നതാണ്… നല്ല ഗുണനിലവാരമുള്ള ഒരേ ഡിസൈനിൽ, പല കളറിൽ ഉള്ള സാരിയും, ബെഡ് ഷീറ്റും, മുണ്ടുകളും ഒക്കെ…!! എല്ലാ കൊല്ലവും ആന്ധ്ര സർക്കാർ അങ്ങനെ ചെയ്യും എന്ന് കേട്ടിട്ടുണ്ട്…!!

ഇത്രയും കൊല്ലം കേരളത്തിനും പ്രളയം എന്നത് കേട്ടുകേഴ്വി മാത്രം ആയിരുന്നു.. ഇനിയിപ്പോൾ നമ്മളും പ്രളയത്തിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തണം, ഓരോ കൊല്ലവും..!! അല്ലാതെ, പ്രളയം വന്ന ശേഷം രാപ്പകൽ നോട്ടോട്ടം ഓടുക എന്നത് കേരളം പോലെയൊരു വികസിത സംസ്ഥാനത്തിന് ഭൂഷണമല്ല…!!

മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ക്യാമ്പുകളുടെ എണ്ണം നേരത്തെ നിശ്ചയിക്കണം… ക്യാമ്പുകൾ നടത്താൻ ഉദ്ദേശിക്കുന്ന സ്‌കൂളുകളിൽ അല്ലെങ്കിൽ കെട്ടിടങ്ങളിൽ ആവശ്യത്തിന് ശൗച്യാലയങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ നേരത്തെ തന്നെ ഉണ്ടാക്കണം…!! പ്രായമായവർ, രോഗികൾ, കുട്ടികൾ, ഗർഭിണികൾ എന്നിങ്ങനെയുള്ള ആളുകൾക്ക് കിടക്കാനും മറ്റുമായി ഒരു നിലയെങ്കിലും കൂടുതൽ പണിയണം… മറ്റുസമയങ്ങളിൽ സ്‌കൂളിന് അതവരുടെ ഓഡിറ്റോറിയമായോ ഒക്കെ ഉപയോഗിക്കുകയും ചെയ്യാം…!!

ഓരോ ക്യാമ്പുകളിലും എത്രപേർ എത്തും എന്ന് മുൻകാല കണക്കുകൾ നോക്കി ആവശ്യമായ വസ്ത്രങ്ങൾ, പുതപ്പുകൾ, സാനിറ്ററി നാപ്കിനുകൾ, ഭക്ഷ്യവസ്തുക്കൾ ഒക്കെ മെയ്മാസത്തിൽ തന്നെ സംഭരിക്കണം…!!

ക്യാമ്പുകളിലെ കാര്യങ്ങൾ നോക്കി നടത്താൻ നേരത്തെ തന്നെ കമ്മറ്റികൾ ഉണ്ടാക്കണം… ഭക്ഷണം, വസ്ത്രം, ആരോഗ്യം, സാമ്പത്തികം, ലോജിസ്റ്റിക്സ് എന്നിങ്ങനെ പ്രത്യേകം കമ്മറ്റികൾ… ഓരോന്നിലും അതാതു സ്ഥലത്തെ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്സ്, വോളന്റിയേഴ്‌സ് എന്നിങ്ങനെയുള്ള ആളുകളുടെ സംഘം ഉണ്ടായിരിക്കണം… ഓരോരുത്തരുടെയും ജോലികൾ കൃത്യമായി നിർവചിച്ചിരിക്കണം..!! അവർക്ക് നേരത്തെ തന്നെ ആവശ്യത്തിന് പരിശീലനം നൽകിയിരിക്കണം…!!

ക്യാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആധാർ ലിങ്ക് ചെയ്ത് ഒരു സോഫ്ട്‍വെയർ ഉണ്ടാക്കണം… ക്യാംപിൽ എത്തുന്നവരുടെ കൈവിരൽ അല്ലെങ്കിൽ കൃഷ്ണമണി സ്കാൻ ചെയ്തു രെജിസ്റ്റർ ചെയ്യുക… അവരുടെ ആരോഗ്യസ്ഥിതിയും… ആധാർ ലിങ്ക് ചെയ്ത സോഫ്റ്റ്വെയറിൽ കൂടി എല്ലാവരുടെയും കുടുംബാങ്ങങ്ങൾ മറ്റേതെങ്കിലും ക്യാംപുകളിൽ ഉണ്ടോ എന്നറിയാൻ സാധിക്കും…!! ഉറ്റവരെ തേടി ക്യാമ്പുകൾ തോറും കയറി ഇറങ്ങാതെ നമുക്കുപോലും വീട്ടിൽ ഇരുന്നു അവരുടെ ആധാർ നമ്പർ അടിച്ചാൽ അറിയാൻ കഴിയണം അവർ എവിടെ ഉണ്ടെന്ന്…!! ഉറ്റവരുടെ നമ്പർ സോഫ്ട്‍വെയറിൽ ഫീഡ് ചെയ്തു വെച്ചാൽ (ICE – In Case Of Emergency ), രെജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അവർക്കൊക്കെ മെസ്സേജ് പോകുകയും ചെയ്യും.. ആശുപത്രികളിൽ എത്തുന്നവരുടെയും, മരണപ്പെടുന്നവരുടെയും വിവരങ്ങൾ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യണം.. ഇതിനൊന്നും വലിയ പ്രയാസമില്ല.. ഒരു ലാപ്ടോപ്പും, നെറ്റ് കണക്ഷനും ഉള്ള ഏതു രജിസ്റ്റേർഡ് വോളന്റിയർക്കും എവിടെ നിന്നും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കണം…!!

ക്യാംപിൽ എത്തുന്നവർക്ക് ഓരോ കിറ്റ് കൊടുക്കണം.. അതിൽ ആശുപത്രികളിലെപോലെ എല്ലാവര്ക്കും ഒരേ വേഷം മതി… ഓരോ ബെഡ്ഷീറ്റും, ഒരു ജോഡി ചെരുപ്പും, ബ്രഷ്, പേസ്റ്റ്, സോപ്പ് എന്നിവ കൊടുക്കുക.. ആൾക്ക് രണ്ടു ജോഡി വസ്ത്രങ്ങൾ മതിയാകുമല്ലോ ? വസ്ത്രങ്ങൾ കൈത്തറി നെയ്ത്തുകാരെക്കൊണ്ട് നെയ്‌തെടുത്താൽ അതവർക്കും ഒരു വരുമാനമാകും..!!

ഭക്ഷണത്തിന്റെ മെനു എല്ലാ ക്യാമ്പുകളിലും ഒന്നായിരിക്കണം.. അത്, പാചകം ചെയ്യാനുള്ള ആൾക്കാരെ വെച്ച് പാചകം ചെയ്തു സമയാസമയത്തു് കൊടുക്കണം..!! (ഇപ്പോഴത്തെ പ്രധാന പ്രശനം കുറച്ചു പേർക്ക് ബിരിയാണി കിട്ടുന്നു, കുറച്ചു പേർക്ക് കഞ്ഞി കിട്ടുന്നു.. അത്തരം പരാതികൾ എല്ലാം ഒഴിവാകും)

ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേകം ഫണ്ട് ഓരോ ക്യാമ്പിനും നൽകുക.. പണമായി വേണമെന്നില്ല, അക്കൗണ്ടിൽ പൈസ കിടന്നാൽ മതി…. അത് ഉപയോഗിക്കാൻ ഒരു കമ്മറ്റിയെ നിയോഗിക്കണം… ക്യാമ്പ് പൂട്ടുന്ന അടുത്ത ആഴ്ചയിൽ അക്കൗണ്ട് ഓഡിറ്റ് ചെയ്യുക..!!

ക്യാംപിൽ നിന്ന് പോകുന്നവരുടെ വിവരം, ആരോഗ്യസ്ഥിതി ഒക്കെ സോഫ്ട്‍വെയറിൽ അപ്‌ഡേറ്റ് ചെയ്യുക… പുനരധിവാസ പ്രവർത്തനങ്ങളും അപ്‌ഡേറ്റ് ചെയ്യാം.. ഓരോ വീടിനും പറ്റിയ കേടുപാടുകൾ, കൊടുത്ത ധനസഹായ ഡീറ്റെയിൽസ് ഒക്കെ അതെ സോഫ്ട്വെയറിൽ അപ്‌ഡേറ്റ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് സാധിക്കും…!!

ഇനിയിപ്പോൾ, പ്രളയം വന്നില്ലെങ്കിൽ, ഭക്ഷണസാധനങ്ങൾ മാവേലി സ്റ്റോറുകളിലേക്കു മാറ്റാൻ സാധിക്കും, അല്ലെങ്കിൽ സർക്കാർ വക അനാഥശാലകളിലേക്ക്…. തുണിത്തരങ്ങൾ സർക്കാർ നിയന്ത്രിത ഖാദി/കൈത്തറി സ്റ്റോറുകളിൽ കൂടി വിൽക്കാൻ സാധിക്കും… തുണിത്തരങ്ങൾ മൂന്നാലു കൊല്ലം ഒരു കേടും കൂടാതെ ഇരിക്കുന്നതാണ്…!! അല്ലെങ്കിൽ, ഓണമേളയിൽ പ്രത്യേക സ്റ്റാളിൽ വിറ്റുതീർക്കണം…!!

ക്യാംപുകളിൽ കഴിയുന്നവർ നാട്ടുകാരുടെ സൗമനസ്യത്തിലല്ല ജീവിക്കേണ്ടത്.. അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടത് സർക്കാരിന്റെ കടമയാണ്… !! അതുതന്നെയാണ് ശെരി..!! തങ്ങൾ കഴിയുന്നത് നാട്ടുകാരുടെ ഔദാര്യത്തിലല്ല എന്ന തോന്നൽ തന്നെ ക്യാംപിൽ കഴിയുന്നവർക്ക് ഒരു പ്രചോദനം ആയിരിക്കും..!!

ഓരോ വർഷവും എത്ര പേര് ക്യാംപുകളിൽ കഴിഞ്ഞു ? എത്ര രൂപ സർക്കാരിന് ചെലവായി ? ഓരോരുത്തരെയും എങ്ങനെ പുനരധിവസിപ്പിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയും..!!

പ്രളയത്തിൽ ചെലവായ തുക, കേന്ദ്ര ഫണ്ട് മാറ്റിയാൽ ബാക്കി ജനങളുടെ കയ്യിൽ നിന്നും കളക്ട് ചെയ്യാം… സുതാര്യത ഉണ്ടെങ്കിൽ ഞാനടക്കമുള്ളവർ കാശുതരും, സംശയമില്ല…!! അല്ലാതെ “കണക്കു കാണിക്കാൻ സൗകര്യമില്ല” എന്ന മനോഭാവം കൊണ്ടുനടന്നാൽ ജനവും തിരികെ അതെ വിധത്തിൽ പ്രതികരിക്കും..!!

ഇത്രയും ചെയ്‌താൽ

കളക്ടർ അല്ലെങ്കിൽ തഹസീൽദാർ എല്ലാം ഒന്ന് ഏകോപിപ്പിച്ചാൽ മാത്രം മതി… ബാക്കി മറ്റുള്ളവർ ചെയ്തോളും..!! ഇപ്പോഴത്തെപ്പോലെ, പ്രളയം വന്നുകഴിയുമ്പോൾ, കളക്ഷൻ സെന്ററുകൾ തുറക്കുക, നാട്ടുകാരോട് സഹായം ചോദിക്കുക, വോളന്റിയേഴ്സിനെ തപ്പി നടക്കുക എന്നിങ്ങനെയുള്ള കഷ്ടപ്പാടുകൾ ഉണ്ടാവില്ല..!!

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയിൽ, ദുരിതാശ്വാസ സാധനങ്ങൾ കയറ്റി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന വണ്ടികളുടെ കാര്യവും കൂടി നോക്കേണ്ട ആവശ്യം ഉണ്ടാവില്ല.. ഇത്തരം വണ്ടികൾ ഉണ്ടാക്കുന്ന ഗതാഗത പ്രശനവും, അപകടങ്ങളും വേറെ..!!

പ്രളയത്തിൽ പെടാത്തവർക്കു മറ്റു പല ജോലികളും ചെയ്യാൻ സാധിക്കും…!! സാധനങ്ങൾ തേടി അലയേണ്ടിവരില്ല..!!

ക്യാംപുകളിൽ കഴിയുന്ന എല്ലാവര്ക്കും ഒരേ ഭക്ഷണം, ഒരേ വസ്ത്രം, ഒരേ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാം, പരാതികൾ കുറയും..!! സാധനങ്ങളും, അങ്ങനെ ജനങ്ങളുടെ കാശും പാഴാകില്ല..!!

രാഷ്ട്രീയക്കാർ ദുരിതാശ്വാസ സാമഗ്രികൾ അടിച്ചു മാറ്റുന്ന ഏർപ്പാട് കുറയും..!!

ധനസഹായവും, പുനരധിവാസവും സുതാര്യമാവും..!!

ക്യാമ്പുകൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കും..!! വോളന്റിയേഴ്സിന് പരീക്ഷയിലും, സർക്കാർ ജോലിയിലും ഗ്രേസ് മാർക്ക് കൊടുത്ത് പ്രോത്സാഹിപ്പിക്കുക..!!

ഇതേ മാതൃകയിൽ, പ്രളയത്തോടനുബന്ധിച്ചു വരുന്ന തിരച്ചിൽ, ഗതാഗതം, വൈദ്യുതി, വെള്ളം എന്നിവക്കു വേണ്ടിയുള്ള ജോലികൾ, പ്രളയാനന്തരം ഉള്ള വൃത്തിയാക്കൽ എന്നിവക്കും പ്രത്യേക ഗൈഡ്‌ലൈൻസ് ഉണ്ടാക്കി പ്രാവർത്തികമാക്കാവുന്നതാണ്..!!

രാജ്യത്തെ ആദ്യത്തെ ഇ-സംസ്ഥാനമായ കേരളം ഇത്രയെങ്കിലും അടുത്ത പ്രളയത്തിന് മുൻപ് ചെയ്യണം.. മറ്റു സംസ്ഥാനങ്ങൾ കേരളത്തെ കണ്ടു പഠിക്കട്ടെ…!!

പികെ ഷിബി