ഇന്നലെ ഭ്രാന്തമായി പ്രതികരിച്ച ആ സ്ത്രീകളെ ആ നിലയ്ക്ക് ആക്കിയതിൽ ഹാദിയ കേസ് ആളി കത്തിച്ച് മുതലെടുപ്പ് നടത്തിയ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ പങ്ക് വളരെ വലുതാണ്

0
126

ശിഹാബ് അഞ്ചൽ

കുറിയും കാക്കയും ട്രോളുകളായി മറിയുമ്പോൾ ചില കാര്യങ്ങൾ കാണാതെ ഇരുന്നുകൂട .

എത്രമേൽ മതേതരത്വത്തിൽ അടിയുറച്ചവർ ആണെങ്കിലും പെൺ മക്കൾ ഉള്ള ഹൈന്ദവ കുടുംബങ്ങളെ പിടിച്ചു കുലുക്കാൻ മാത്രം ശക്തമായ ഒരു സംഭവം ആയിരുന്നു അഖില കേസ്. മിശ്ര വിവാഹങ്ങളും പ്രണയങ്ങളും ഒക്കെ സാധാരണം ആണെങ്കിലും അതിനു ഒരു സംഘടിത പരിവേഷം വന്നത് അഖില കേസിലൂടെ ആണ്.

അന്ന് വരെ കണ്ടിരുന്ന ഇന്റർ കാസ്റ്റ് പ്രണയ വിവാഹങ്ങൾ രണ്ടു കുടുംബങ്ങൾ തമ്മിലോ അവർ അധിവസിക്കുന്ന ഒരു ഗ്രാമത്തിലോ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കും ആയിരുന്നു എങ്കിലും അഖില കേസിൽ പക്ഷേ സുവർണാവസരം മുതലാക്കാൻ തക്കം പാർത്തിരുന്ന രണ്ട് പ്രസ്ഥാനങ്ങൾ ഒരു പെൺ കുട്ടിക്ക് വേണ്ടി തെരുവിലും ചാനലുകളിലും പരസ്പരം കൊലവിളി നടത്തുക ആയിരുന്നു.

അഖിലയുടെ അമ്മയുടെ നിലവിളിയും പിതാവിന്റെ നിസ്സഹായാവസ്ഥയും ഇൻകമിങ്ങിൽ ആർമാദിച്ചവരുടെ ആഘോഷവും എല്ലാം പെൺ കുഞ്ഞുങ്ങൾ ഉള്ള ഹൈന്ദവ കുടുംബങ്ങളെ വിഷമ വൃത്തത്തിൽ ആക്കിയിട്ടുണ്ട്. ആ സാഹചര്യത്തെ ഇസ്ലാമോ ഫോബിയ ആക്കി മാറ്റാൻ സംഘപരിവാറിന് വളരെ എളുപ്പവും ആയിട്ടുണ്ട്.

കേരളത്തിൽ സംഘ പരിവാറിന് ഏറ്റവും കൂടുതൽ മൈലേജ് ഉണ്ടായത് ശബരിമല പ്രശ്നത്തിൽ അല്ല. ഹാദിയ കേസിൽ ആണ്. തങ്ങളുടെ പെൺ കുഞ്ഞ് ഒരു മുസ്‌ലിമിനെ പ്രണയിച്ച് വിവാഹിതർ ആകുന്നു എന്നതിന് അപ്പുറം ആ കുഞ്ഞ് തീവ്രവാദ കേന്ദ്രത്തിലേക്ക് എത്തും എന്ന പ്രോപഗണ്ട അഖില കേസിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്രമേൽ സംഘടിതമായിട്ടാണ് ഹാദിയ കേസ് ഉണ്ടാവുകയും പുരോഗമിക്കുകയും ചെയ്തത്.

ഇന്നലെ ഭ്രാന്തമായി പ്രതികരിച്ച ആ സ്ത്രീകളെ ആ നിലയ്ക് ആക്കിയതിൽ ഹാദിയ കേസ് അഭിമാന പ്രശ്നമായി ആളി കത്തിച്ച് മുതൽ എടുപ്പ് നടത്തിയ കേരളത്തിലെ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ പങ്ക് വളരെ വലുതാണ് .