‘ഈ കൊച്ചു ടി.വി.യിലെ ഡോറയെക്കൊണ്ട് വല്യ ശല്യായിട്ടുണ്ട്’

0
755

Shihab Shadh 

 

“ഈ കൊച്ചു ടി.വി.യിലെ ഡോറയെക്കൊണ്ട് വല്യ ശല്യായിട്ടുണ്ട്.”

“അതെന്തുപറ്റി…? ”

“എന്തുപറ്റീന്നോ.. ഇതൊരു മാതിരി കുട്ടികളെ അഡിക്റ്റാക്കി മാറ്റണ പരിപാട്യല്ലേ..? ഇവർക്ക് തോന്നും പോലെ കുറെ ചോദ്യങ്ങളുണ്ടാക്കുക, അതിന്റെ ഉത്തരം ഈ എട്ടുംപൊട്ടും തിരിയാത്ത പിള്ളേരെക്കൊണ്ട് പറയിപ്പിക്കുക. ഒരർത്ഥവുമില്ലാത്ത കുറെ പാട്ടുകളുണ്ടാക്കുക,അതിവരെക്കൊണ്ടും നിർബന്ധിച്ച് പാടിക്കുക. ചുക്കിനും,ചുണ്ണാമ്പിനും കൊള്ളാത്ത കുറെ ഡയലോഗുകളുണ്ടാക്കുക, അതും ഈ കൊച്ചുങ്ങളെക്കൊണ്ട് ആവർത്തിച്ച് പറയിക്കുക…”

“അതിനെന്താ? ”

“അതിനെന്താണെന്നോ… നീയീ നാട്ടിലൊന്നുമല്ലേ? എടാ വല്ലവനുമുണ്ടാക്കിയ കെട്ടുകഥകൾ ഏറ്റുപാടാനുള്ള യന്ത്രങ്ങളാണോടാ നമ്മുടെ കുഞ്ഞുങ്ങൾ? അവരോരോരുത്തരും ഓരോ സ്വതന്ത്ര വ്യക്തികൾ തന്നെയല്ലേ? നാളത്തെ പൗരൻമാർ തന്നെയല്ലേ? ”

“ഹഹഹ….അതുകൊള്ളാം… എടാ, നിനക്കോർമ്മയില്ലേ നമ്മുടെ ചെറുപ്പത്തിൽ നാമെല്ലാം മതപാഠശാലകളിൽ പോയിരുന്നതും, അവിടത്തെ അധ്യാപകർ പറഞ്ഞു തന്നിരുന്നത് ഏറ്റുപറഞ്ഞിരുന്നതും…”

” അതുപോലെയാണോ ഇത്…? അത് നമ്മുടെ മതപരമായ കാര്യമല്ലേ? പുണ്യപ്പെട്ടത്… ഇതങ്ങനെയാണോ…? ”

“എടാ, അതുമിതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? മതം ഒരു കഥ പറയുന്നു. അതിനകത്ത് കുറച്ചു ധാർമ്മികതയും, മറുഭാഗത്ത് കൂടെ കുറച്ചു വർഗീയതയും തിരുകിക്കയറ്റുന്നു. ഒരു വിഭാഗത്തെക്കൊണ്ട് ഏറ്റുപാടിക്കുന്നു. അപ്പുറത്ത് അതേപോലെ ഡോറ ഒരു കഥ പറയുന്നു. അതിനകത്ത് കുറച്ച് അറിവും, കുറെ വിനോദവും ഇഴചേർക്കുന്നു. കുട്ടികളെക്കൊണ്ട് അതേറ്റുപാടിക്കുന്നു.
തമ്മിൽ കുറച്ചു കൂടി ഭേദം ഡോറയാണെന്നാണ് എന്റെ പക്ഷം.”

“എടാ, മതത്തെയും, ഡോറയെയും ഇങ്ങനെ കൂട്ടിക്കെട്ടാമോ? ”

“എന്താ കുഴപ്പം..? ഞാൻ രണ്ടും ഒരുപോലെ അപകടകരമാണെന്ന് തന്നയാണുദ്ദേശിക്കുന്നത്. പക്ഷെ കുറെ വർഷങ്ങൾ കഴിയുമ്പോൾ കുട്ടികളുടെ യുക്തിബോധം ഇനിയും വർധിക്കും. ഡോറ പറഞ്ഞിരുന്നതെല്ലാം കെട്ടുകഥകളാണെന്ന് അവർ മനസ്സിലാക്കും. അപ്പോഴവർ ഡോറയെ കൈവെടിയും. പുതിയ കഥാപാത്രങ്ങളെ തേടും. എന്നാൽ മതം അങ്ങനെയല്ല.സൃഷ്ടിച്ചെടുത്ത കഥകൾക്കെല്ലാം മീതെ അവർ ദൈവം എന്നൊരു അതീന്ദ്രിയശക്തിയെ സർവതിനും ഉടയവനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. അധികാരം, സമ്പത്ത് എന്നീ ശക്തികളെയെല്ലാം അതിനുചുറ്റും വിന്യസിച്ചിട്ടുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ ഘടന തന്നെ അതിനനുസൃതമായ രീതിയിൽ രൂപപ്പെടുത്തിയിട്ടുമുണ്ട്.യുക്തിയെ ക്രിയാത്മകമായി ഉപയോഗിക്കുന്നവർക്കേ അതിൽ നിന്നും പുറത്തു കടക്കാൻ കഴിയൂ.”

“മതപഠനം മോശമാണെന്നും, മതപഠനം നടത്തിയവരൊക്കെ മോശമായിപ്പോകും എന്നൊക്കയാണോ നീ ഉദ്ദേശിക്കുന്നത്? ”

“മതപഠനം നടത്തുന്നത് ഒരർത്ഥത്തിൽ നല്ലതാണ്. മതം ഒന്നുമല്ലെന്നും,മതം കൊണ്ട് തനിക്കോ, ഈ ലോകത്തിനോ പ്രത്യേകിച്ച് ഒരുപകാരവുമില്ല എന്നു മനസ്സിലാക്കാൻ മതപഠനം ഉപകരിക്കും. താൻ വളരുന്നതിനോടൊപ്പം തന്നെ വളരുന്ന യുക്തിബോധമുള്ളവരാണെങ്കിൽ വിശ്വാസികളുടെ ദൈവവാഴ്ത്തുകൾക്ക് അതേനാണയത്തിൽ മറുപടി കൊടുക്കാനും മതപഠനം കൊണ്ട് സാധിക്കും. ‘പഠിച്ചിട്ട് വിമർശിക്കൂ’ എന്ന് കേട്ടിട്ടില്ലേ…? സ്വന്തം യുക്തി കൃത്യമായി ഉപയോഗിക്കുന്നവരായിരിക്കണം എന്ന് മാത്രം.”

“ഇതൊക്കെത്തന്നെയാണ് നിന്നെപ്പോലുള്ള നാസ്തികൻമാരുടെ കുഴപ്പം… ഞാൻ നിസ്സാരമായൊരു ടീവി പ്രോഗ്രാമിനെ കുറിച്ച് പറഞ്ഞു. നീയോ അതിനകത്ത് മതത്തെയും, ദൈവത്തെയും കുത്തിക്കയറ്റി വിമർശിക്കുന്നു…”

“കൂട്ടുകാരാ, ഇത്രയും നേരം നിനക്കാ ടീവി പ്രോഗ്രാം അപകടം പിടിച്ച ഒന്നായിരുന്നു. മതത്തെ വിമർശിച്ചപ്പോൾ നിനക്കതു പോലും നിസ്സാരമായി. നിന്റെ മതക്കാർ ഒരു ടീവി ചാനൽ നടത്തുന്നു എന്ന് കരുതുക. അതിലെ ഒരു പ്രോഗ്രാമിലെ ദൈവസ്തുതിഗീതങ്ങൾക്കൊപ്പമിരുന്ന് നിന്റെ കുഞ്ഞുങ്ങൾ ഏറ്റുപാടിയാൽ നീയവരെ ശാസിക്കുമോ..? ഇല്ല.. കാരണം, അത് നിന്റെ മതവുമായും, ദൈവവുമായും ബന്ധപ്പെട്ട ഒന്നാകുന്നു. അതായത് മതവുമായി ബന്ധപ്പെടുമ്പോൾ എത്ര വലിയ തെറ്റും ശരികളായി
മാറുന്നു. ഇങ്ങനെ മതത്തിനു വേണ്ടി ആർപ്പുവിളിക്കുന്നവർ തന്നെയാണ് കൈയിൽ ചരടുകെട്ടി, നെറ്റിയിൽ കുറിയണിഞ്ഞ്, കാവിയുടുത്ത് കലാപങ്ങളുണ്ടാക്കുന്നതും; ഭീകരസംഘടനകൾക്കൊപ്പം ചേർന്ന് മനുഷ്യബോംബുകളായി പൊട്ടിച്ചിതറുന്നതും; ഒരിക്കലും കാണാനിടയില്ലാത്ത വിദൂര ദേശങ്ങളിലേക്ക് നാടും, വീടും, കുടുംബവുമുപേക്ഷിച്ച് ആടിനെയും, ഒട്ടകത്തിനെയുമൊക്കെ മേയ്ക്കാൻ പോകുന്നതും…
മതം ധാർമ്മികത പഠിപ്പിക്കുന്നു എന്നതൊക്കെ ഒരു ഭംഗിവാക്കാണ്. ധാർമ്മികത എല്ലാ ജീവിവർഗങ്ങളിലുമുണ്ട്. അതേയളവിലോ,അൽപ്പം കൂടിയ തോതിലോ മനുഷ്യനിലും. അത് മതം പഠിപ്പിച്ചു തരേണ്ട കാര്യമൊന്നുമില്ല. പക്ഷേ സ്വാർത്ഥശീലരായ
മനുഷ്യർ ധാർമ്മികതയെ മതവുമായി തന്ത്രപരമായി കൂട്ടിക്കെട്ടിയെന്ന് മാത്രം.”

“അല്ലാ ഇപ്പൊ സത്യത്തിൽ നീയെന്താണ് പറഞ്ഞു വരുന്നത് ?”

“ങാ, പറഞ്ഞു വന്നത് മറ്റൊന്നുമല്ല; ഡോറയായാലും, മൊയ്ല്യാരായാലും, അച്ചനായാലും, തിരുമേനിയായാലും മതത്തിന്റെ പേരിൽ പറഞ്ഞു തരുന്നതൊക്കെ ചുമ്മാ കഥകളാണ്. കഥകളൊക്കെ ഒരു രസത്തിന് കേൾക്കാം. കേട്ടു കഴിയുമ്പോൾ സ്വന്തം യുക്തിയെ അങ്ങോട്ട് പ്രവർത്തിപ്പിക്കുക. അപ്പോൾ അതിലെ നെല്ലും,പതിരുമെല്ലാം വേർതിരിയും. കാര്യങ്ങളെ കാര്യമായെടുക്കുക. കഥകളെ കഥകളായും. യാഥാർത്ഥ്യത്തിൽ ജീവിക്കുമ്പോഴേ ജീവിതത്തെ അതിന്റെ എല്ലാ അർത്ഥതരങ്ങളോടെയും ദർശിക്കാൻ കഴിയൂ. അതാണ് മനസ്സിലാക്കേണ്ടത്. അതുമാത്രമാണ് മനസ്സിലാക്കേണ്ടത്. അത്രേയുള്ളൂ….”

©ഷിഹാബ് ഷാദ്