കല്ലട ഒരു പ്രതീകം മാത്രമാണ്

427

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് (Shihabuddin Poithumkadavu)എഴുതുന്നു 

കല്ലട ഒരു പ്രതീകം മാത്രമാണ്

അനധികൃതമായി ഉണ്ടാക്കുന്ന ഭാരിച്ച പണം, അതുപയോഗിച്ച് അധികാരസ്ഥാനങ്ങളിലെ പൊളിറ്റിക്കൽ പിമ്പുകളെ ഉപയോഗിച്ച് വമ്പിച്ച നിലയിൽ സ്വാധീനിക്കൽ, പോലീസ് സഹായത്തോടെയുള്ള ഗുണ്ടായിസം -ഇവ മൂന്നും ചേർന്ന് ചെറുതും വലുതുമായ സമാന്തര നിയമം നടത്തിപ്പുകാർ ഇന്ത്യയിൽ വർധിച്ചുവരുന്നു. ഇത്തരം ആളുകൾ ചെറിയ പ്രതിസന്ധിയിലാകുമ്പോഴേക്കും ജാതി മത രാഷ്ട്രീയ സംഘടനകൾ പോലും യാതൊരു നാണവുമില്ലാതെ രക്ഷിക്കാനായി ഓടിയെത്തുന്നത് നാം കാണുന്നു

സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് ഇവയിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് എന്നു തന്നെ വേണം പറയാൻ. ഈ പശ്ചാത്തലത്തിൽ സർക്കാർ എങ്ങനെ ഇടപെടുന്നു എന്നത് കേരളം മുഴുവൻ ഉറ്റുനോക്കുന്നു എന്ന കാര്യം ഭരണകൂടം മറന്നു കൂടാത്തതാണ്
കുറേ കഴിയുമ്പോൾ ആളുകൾ ഇതൊക്കെ മറന്നു പോകുമെന്ന പ്രത്യാശയാണ് ഭരണകൂടം പുലർത്തുന്നതെങ്കിൽ മറ്റൊന്നും പറയാനില്ല. ഇതുവരെയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രതീക്ഷാജനകമാണെന്നു പറയാം.

ഈ കുറിപ്പുകാരൻ കല്ലടയിൽ യാത്ര ചെയ്തിട്ടുണ്ട്. ജീവനക്കാർക്ക് ഇത്രയേറെ ധാർഷ്ട്യം എങ്ങനെ കൈവരുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്.

കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഒരു കമ്മീഷനെ നിയമിക്കണം. ഇത്തരം ബസ്സുകാർ എങ്ങനെയാണു് പ്രവർത്തിക്കുന്നതെന്ന വിശദമായ പരിശോധനകളും അന്വേഷണങ്ങളും ഉണ്ടാവണം.ഇതോടൊപ്പം , നേരത്തെ ഇത്തരം പീഡനങ്ങൾക്ക് വിധേയമായ യാത്രക്കാർക്ക് മുൻകാല പ്രാബല്യത്തോടെ പരാതിപ്പെടാൻ ഒരു സെല്ല് ഉണ്ടാക്കണം.

പലപ്പോഴും ഇത്തരം അന്തർ സംസ്ഥാന ലക്ഷ്വറി ബസുകൾ എന്തുകൊണ്ടാണ് കൃത്യസമയം പാലിക്കാത്തതെന്നും സ്റ്റാർട്ടിങ്ങ് പോയൻറിലേക്ക് നാലും അഞ്ചും മണിക്കൂർ വൈകുതെന്നും ഈ സമയത്ത് വണ്ടികൾ ദുരൂഹമായി എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്നും അന്വേഷണ വിധേയമാക്കണം. ചിലപ്പോൾ നമ്മെ ഞെട്ടിക്കുന്ന ഒരു ക്രൈം ശൃംഗലയെപ്പറ്റിത്തന്നെ വിവരങ്ങൾ പുറത്ത് വന്നുകൂടെന്നില്ല.

ഇവർ സർക്കാർ ബസുകളെ വരുതിയിൽ വരുത്തുന്നുണ്ടെന്നും റെയിൽവേ സർവ്വീസുകളിൽ ഇടപെടുന്നുണ്ടെന്നതും കറേക്കാലമായി കേൾക്കുന്നു .പ്രത്യേകിച്ച് ബാംഗ്ലൂർ റൂട്ടിൽ. ഇതിൽ വല്ല വാസ്തവമുണ്ടോ എന്നതും സർക്കാർ അന്വേഷിക്കേണ്ടതുണ്ട്
.
സർക്കാരിന് തങ്ങളുടെ പൗരന്മാരോടുള്ളത് ഒരു രക്ഷിതാവിന്റെ റോളാണെന്നത് നാം മറന്നു കൂടാ.

ഒപ്പം യാത്ര ചെയ്തവർ എല്ലാവർക്കും വേണ്ടിയാണ് പ്രതികരിച്ചതെന്നാണ് നമുക്ക് മനസ്സിലാകുന്നത്.ഈ ചെറുപ്പക്കാരെ അതിക്രൂരമായി തല്ലിച്ചതക്കുമ്പോൾ യാതൊന്നുമറിയാത്തത് പോലെ സീറ്റിലമർന്നിരുന്ന മാന്യന്മാരായ പെരുച്ചാഴികളെപ്പറ്റിയും നാം ഓർക്കേണ്ടതുണ്ട്