കപ്പലിലെ ജോലിയിൽ പ്രവേശിക്കാനായില്ല, കൈത്താങ്ങായത്ത് വൈക്കം കായലിലെ കക്ക

31
Shihan Salim
കപ്പലിലെ ജോലിയിൽ പ്രവേശിക്കാനായില്ല; കക്ക വിറ്റ് അജ്മലിന്റെ അതിജീവനം
സ്വപ്നം കണ്ട ജോലി വിരൽത്തുമ്പിൽ നഷ്ടമാകുന്നതിന്റെ വേദന രണ്ടാം തവണയാണ് അജ്മലിനെ തേടിയെത്തുന്നത്. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം നേടിയശേഷം ദുബായിയിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് കോട്ടയത്തെ പ്രശസ്തമായ ഒരു ഹോട്ടലിൽ എത്തി. എന്നാൽ ആഡംബര കപ്പലിൽ ജോലി ചെയ്യണം എന്നതായിരുന്നു പഠനകാലം മുതലേയുള്ള ആഗ്രഹം.
അതിനുവേണ്ടി മൂന്നു വർഷങ്ങൾക്ക് മുൻപ് നടത്തിയ ശ്രമങ്ങൾ അവസാന റൗണ്ടിൽ അവസാനിച്ചു. പക്ഷേ, അജ്മൽ വീണ്ടും ശ്രമിച്ചു. ഒടുവിൽ ആറു മാസങ്ങൾക്ക് മുൻപ് നാലു റൗണ്ടുകളിലായി നടന്ന അഭിമുഖങ്ങളും ടെസ്റ്റുകളും കടന്ന് അജ്മൽ തന്റെ ലക്ഷ്യത്തിലേക്ക് എത്തി. ഒരു ഇറ്റാലിയൻ ഫൈവ് സ്റ്റാർ കപ്പലിലാണ് ജോലി ലഭിച്ചത്.
പഠന കാലം മുതലേ സ്വപ്നം കാണുന്ന ജോലി, ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹം അതെല്ലാം യാഥാർഥ്യമാകുന്നതിന്റെ സന്തേഷത്തിലായിരുന്നു അജ്മൽ. ഇറ്റലിയിലേക്കുള്ള ടിക്കറ്റും വിസയും വന്നു. എന്നാൽ കോവിഡ് വ്യാപിച്ചതോടെ യാത്ര മുടങ്ങി. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ഉണ്ടായിരുന്ന ജോലി ഇതിനിടെ രാജി വച്ചിരുന്നു. ഇതോടെ കോവിഡ് കാലം ദുരിതപൂർണമായി.
കോവിഡ് വ്യാപനത്തോടെ ടൂറിസം, ഹോട്ടൽ മേഖലയിൽ പുതിയൊരു ജോലി കണ്ടെത്തുക അസാധ്യമായി. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുണ്ട് എന്നു ചിന്തിച്ച് വീട്ടിൽ തന്നെ ഇരുന്നാൽ നഷ്ടം തനിക്ക് മാത്രമാണെന്നായിരുന്നു അജ്മൽ ചിന്തിച്ചത്. ഇതാണ് എളുപ്പം ചെയ്യാനാവുന്ന ഒരു തൊഴിൽ എന്ന അന്വേഷണത്തിലേക്ക് എത്തിക്കുന്നത്. കൊറോണക്കാലം ആയതിനാൽ ആർക്കും പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ പച്ചക്കറികൾ വീട്ടിൽ കൊണ്ട് പോയി വിൽക്കുന്ന ജോലി ആരംഭിച്ചു. മാർക്കറ്റിൽ നിന്നും ഹോൾസെയിൽ ആയി പച്ചക്കറി വാങ്ങി ചില്ലറ വിൽപന നടത്താൻ തുടങ്ങി. എന്നാൽ പരിചയക്കുറവ് ഈ കച്ചവടം നഷ്ടത്തിലാണു കലാശിച്ചത്.
കൈത്താങ്ങായത്ത് വൈക്കം കായലിലെ കക്ക.
പിന്നീടാണ് വൈക്കം കായലിലിൽ സുലഭമായ കക്കയിലേക്ക് കണ്ണെത്തുന്നത്. ഇക്കാക്കമാർ നൽകിയ പിന്തുണയുടെ ബലത്തിൽ ഒരു പെട്ടി ഓട്ടോ സംഘടിപ്പിച്ചു. അങ്ങനെയാണ് കക്ക വിൽപന ആരംഭിച്ചത്. ഉച്ച തിരിയുമ്പോൾ ശരാശരി 60 കിലോ കക്കയുമായി അജ്മൽ വിൽപനയ്ക്ക് ഇറങ്ങും. വൈക്കം മുതൽ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ വരെ വിൽപന നടത്തി വൈകിട്ട് എട്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തും. ശരാശരി 800 രൂപയാണ് കക്ക വില്പനയിൽ നിന്നുുള്ള ലാഭം.
കൊറോണക്കാലം ആയതിനാൽ തന്നെ ആളുകളുടെ കയ്യിൽ പണം കുറവാണ്. അതിനാൽ അമിത ലാഭം മോഹിക്കാതെയാണ് വിൽപന. തന്റെ കക്ക വിൽപനയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിരവധി യുവാക്കൾ വരുമാനത്തിനായി സമാനമായ വഴികൾ സ്വീകരിച്ചതും അജ്മലിന് സന്തോഷം നൽകുന്നു. ‘‘കോവിഡ് കാലത്ത് അതിജീവിക്കുക എന്നതാണ് പ്രധാനം. വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരിക്കുന്നതിൽ അർഥമില്ല. ഈ ഒക്ടോബറിൽ എന്റെ വിവാഹമാണ്. ഇറ്റലിയിൽ പോകാനിരുന്ന വരൻ നാട്ടിൽ കക്ക വിൽക്കാൻ ഇറങ്ങുന്നത് അവർക്ക് കുറച്ചിലാകും എന്നു പലരും പറഞ്ഞു. എന്നാൽ വധുവും വീട്ടുകാരും ഇക്കാര്യത്തിൽ പൂർണ പിന്തുണയാണ് നൽകിയത്. ജോലി ഇല്ല എന്ന് പറഞ്ഞിരിക്കാൻ എളുപ്പമാണ്. ലഭ്യമായ അവസരങ്ങളെ ശരിയായി വിനിയോഗിക്കാൻ മടിയുള്ളവരാണ് അങ്ങനെ ചെയ്യുന്നത്’’– അജ്മൽ പറഞ്ഞു.
ഇറ്റലിയിൽ പോയി അവിടെ കുടുങ്ങിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് ബന്ധുക്കള്. അജ്മലും അത് ശരിവയ്ക്കുന്നു. എല്ലാം പഴയതു പോലെയാകുമ്പോൾ ജോലി ലഭിക്കും എന്ന ഉറപ്പ് നൽകികൊണ്ട് ഇറ്റലിയിലെ കമ്പനി അയയ്ച്ച ഇ–മെയില് അജ്മലിന്റെ പ്രതീക്ഷയാണ്.