തെലുങ്കിലെ ഗ്ലാമർ ഭയന്ന് മലയാള സിനിമയിലെത്തിയ വിജയവാഡക്കാരി രാഗിണി

0
197

Shijeesh U. K.

തെലുങ്കിലെ ഗ്ലാമർ ഭയന്ന് മലയാള സിനിമയിലെത്തിയ വിജയവാഡക്കാരിയാണ് ജയരാഗിണി എന്ന രാഗിണി. ശാരദയ്ക്ക് കിട്ടിയതുപോലുള്ള നട്ടെല്ലുള്ള കഥാപാത്രങ്ങളായിരുന്നു രാഗിണിയുടെ ഉന്നം.മലയാളത്തിൽ ഹരിഹരന്റെ സംസ്കാരത്തിലൂടെ അഭിനയത്തുടക്കം കുറിച്ച രാഗിണി എം.ടിയുടെ വാരിക്കുഴിയിലെ സുഭദ്രത്തമ്പുരാട്ടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

May be an image of 1 person and hairപക്ഷേ വാരിക്കുഴിയിൽ ശുഭ അവതരിപ്പിച്ച സ്ത്രീ കഥാപാത്രത്തിനായിരുന്നു മുഖ്യത്വം.ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലെ ജാനകി എന്ന അഭിസാരികയുടെ വേഷത്തിൽ പക്ഷേ അവർ ശ്രദ്ധിക്കപ്പെട്ടു.പിന്നീടെന്തുകൊണ്ടോ കച്ചവട ചിത്രങ്ങളിലെ മുറിയൻ കഥാപാത്രങ്ങളിൽ രാഗിണി ഒതുങ്ങി.

ആഗ്രഹം, വരൻമാരെ ആവശ്യമുണ്ട്, റോംഗ് നമ്പർ- അങ്ങനെ കുറേ സിനിമകൾ വന്നു പോയി.പിന്നീട് അത്തരം വേഷങ്ങളും രാഗിണിയെത്തേടി എത്താതായി.അങ്ങനെ ഒരിക്കൽ ഭയന്ന ഗ്ലാമറിന്റെ മുൾക്കിരീടം തന്നെ അവർ തലയിൽച്ചൂടി.ചന്ദ്രകുമാറിന്റെ രതിഭാവത്തിൽ സെലീന എന്ന കഥാപാത്രമായി അഭിലാഷയ്ക്കൊപ്പം രാഗിണി നിറഞ്ഞുനിന്നു.

തത്ത എന്നായിരുന്നു അഭിലാഷയുടെ കഥാപാത്രത്തിന്റെ പേര്.നടി ലളിതശ്രീ നിർമിച്ച കൗമാരസ്വപ്നങ്ങളിലും രാഗിണിയുടെ കഥാപാത്രം രതിയുടെ അലുക്കും നൂലും പിടിപ്പിച്ചതു തന്നെ.എന്തുകൊണ്ടോ ആ ട്രന്റിന് അവർ അധികം നിന്നുകൊടുത്തില്ല. അല്പം വില്ലത്തരവും ഹാസ്യവും മിക്സ് ചെയ്ത സ്വഭാവവേഷങ്ങളിലേക്ക് അവർ കൂടുവിട്ടു കൂടുമാറി.

കമ്മീഷണറിലെ അച്ചാമ്മ വർഗീസ് ആണ് ആ നിരയിൽ രാഗിണിയുടെ മാസ്റ്റർ വേഷം.സന്താനഗോപാലം, ഗോളാന്തരവാർത്ത ,സ്നേഹസാഗരം എന്നീ ചിത്രങ്ങളിലൂടെ രാഗിണിയുടെ തന്മയത്വമാർന്ന നർമ്മഭാവങ്ങൾ സത്യൻ അന്തിക്കാടും നന്നായി ചൂഷണം ചെയ്തു.ഭരതന്റെ വെങ്കലത്തിലും മാളയുടെ രണ്ടാം ഭാര്യയായി രാഗിണി മികച്ചു നിന്നു.

കുസൃതിക്കാറ്റിലെ ചിന്നമ്മയാണ് രാഗിണിയുടെ അവസാന കഥാപാത്രങ്ങളിലൊന്ന്.
തെലുങ്കാനയിലേക്ക് രാഗിണി തിരിച്ചു പോയെന്നും കേരളത്തിൽ തന്നെയുണ്ടെന്നും പറഞ്ഞു കേൾക്കുന്നു.രാഗിണി നല്ല നടിയായിരുന്നു. ബ്രഹ്മക്ഷേത്രം എന്ന തെലുങ്ക് ചിത്രത്തിൽ ഗിരീഷ് കർണാടിനൊപ്പം ഒരു ബ്രാഹ്മണ സ്ത്രീയായി അവർ നൽകിയ പ്രകടനം മാത്രം മതി അത് സാക്ഷ്യപ്പെടുത്താൻ