Shijeesh U K
ഗുജറാത്ത് ഭൂകമ്പത്തിൻ്റെ ചെറിയൊരു അനുരണനം ഇങ്ങ് മദിരാശിയിലുമുണ്ടായി.ഫ്ലാറ്റിലെ ബാത്ത് റൂമിലായിരുന്നു ഹേമ. കുലുക്കത്തിൻ്റെ തീവ്രതയിൽ അവരന്ന് കാലു തെന്നിവീണു. രണ്ട് ദിവസം കഴിഞ്ഞ് ഇൻ്റർവ്യൂ ചെയ്യാൻ ഹേമയുടെ ഫ്ലാറ്റിലെത്തിയ മലയാള സിനിമാ പത്രപ്രവർത്തകൻ കാലിൽ ബാൻഡേജിട്ട നടിയെ കാണുന്നു. ഭൂകമ്പത്തിൻ്റെ കഥ ഹേമയിൽ നിന്ന് കേട്ട പത്രപ്രവർത്തകൻ
ഭൂകമ്പത്തിൽ മരിച്ചു പോയിരുന്നെങ്കിലോ എന്ന് ചോദിച്ചു.അന്നേരം ഹേമ പറഞ്ഞു:മരിക്കാൻ എനിക്ക് മടിയില്ല.പക്ഷെ അതിനു മുമ്പ് ഒരു സിനിമയില്ലെങ്കിലും നല്ലൊരു വേഷത്തിലഭിനയിക്കണം കഴിയുമെങ്കിൽ നല്ല നടിക്കുള്ള അവാർഡ് വാങ്ങിക്കണം…
തൊട്ടടുത്ത ദിവസം പക്ഷേ വയ്യാത്ത കാലും വെച്ച് ഹേമ നെല്ല്യാംമ്പതിയ്ക്ക് വണ്ടി കയറി.നടൻ രഘു സംവിധാനം ചെയ്യുന്ന ലൗവ് ലെറ്ററിൽ നായികയായി അഭിനയിക്കാൻ രേഷ്മയായിരുന്നു ആ സിനിമയിലെ മറ്റൊരു നായിക.സാരി ചുറ്റി വന്നാൽ അസ്സൽ മലയാളി മങ്കയായിരുന്നു ഹേമ. സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങാൻ കഴിയുന്ന മെയ്യഴകും അവർക്ക് സ്വന്തമായിരുന്നു.പക്ഷെ എവിടെയോ പിഴച്ചു.
കുറച്ചു മസാല ചിത്രങ്ങളല്ലാതെ മറ്റൊന്നും ഇന്ന് അവരുടെ അക്കൗണ്ടിലില്ല.
കർണാടകക്കാരിയാണ് ഹേമ. ക്യാപ്റ്റൻ എന്ന ചിത്രത്തിലൂടെ കന്നഡത്തിൽ തിളങ്ങിയ അവർ കിന്നാരത്തുമ്പികളിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. അങ്കിൾ ധർമ്മരാജൻ്റെ സംരക്ഷണവലയത്തിലായിരുന്നു അന്നവർ.തോട്ടം തൊഴിലാളി വിലാസിനിയുടെ മകൾ രേവു എന്ന കഥാപാത്രമായിരുന്നു കിന്നാരത്തുമ്പിയിൽ.സൻജു എന്ന തലശ്ശേരിക്കാരൻ ഹേമയുടെ നായകൻ.ശ്രീനിവാസൻ്റേയും വിനീതിൻ്റേയും അയൽക്കാരനാണ് സൻജു.ഒളിമ്പ്യൻ അന്തോണിയിൽ ഒരു വേഷം ചെയ്ത അവൻ ബഷീർ കഥകൾ എന്ന സീരീയലിലും നല്ലൊരു വേഷം ചെയ്തിരുന്നു. കിന്നാരത്തുമ്പികൾ വൻ വിജയമായി.പക്ഷെ അത്തരം സിനിമകളിൽ അഭിനയിക്കാൻ ഹേമയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. മലയാള സിനിമയിൽ നീല പടർന്ന കാലമായിരുന്നു അത്. വെള്ളിത്തിര ലൈംഗികത മാത്രം വിളമ്പിയ ആസുര കാലം.
നല്ല സിനിമകൾക്കു വേണ്ടിയുള്ള ഹേമയുടെ കാത്തിരിപ്പ് വിഫലമായി. എസ്പി ശങ്കറിൻ്റെ പ്രണയകാലത്ത് എന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രമായി അവർ ഗ്ലാമർ സിനിമകളിലേക്ക് തിരിച്ചു വന്നു. സത്താർ, മാള, കൊച്ചുപ്രേമൻ എന്നിവരൊക്കെ വേഷമിട്ട പ്രണയകാലത്ത് ഹിറ്റായി.മധുരത്തിലെ ചന്ദ്രി, മോഹച്ചെപ്പിലെ ദേവി, ഡയാനയിലെ തുളസി, താഴ്വരയിലെ കനകമ്മയുടെ അനിയത്തി, ലോലത്തിലെ ഗീത, പ്രേമസല്ലാപത്തിലെ അരുന്ധതി, ലാസ്യത്തിലെ ദേവു, മിസ് രതിയിലെ റീന എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളായി ഹേമ വന്നു പോയി…
കിന്നാരത്തുമ്പികൾക്കു ശേഷം കുട്ട്യേടത്തി വിലാസിനി ഹേമയുടെ അമ്മയായി വേഷമിട്ട ചിത്രമാണ് ജയൻ പൊതുവാളിൻ്റെ ഇന്ദ്രനീലക്കല്ല്. ഇന്ദ്രനീലക്കല്ലിൽ ഹേമക്കൊപ്പം അഭിനയിച്ച ശർമിലിയോട് ചോദിച്ചപ്പോൾ ഹേമയെക്കുറിച്ച് പറഞ്ഞതിങ്ങനെ:എനിക്കവൾ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു. കാണുമ്പോൾ ഒക്കെ എണീറ്റ് നിൽക്കും. മാഡം എന്നേ വിളിക്കൂ.പേര് വിളിച്ചാൽ മതിയെന്ന് ഒരിക്കൽ ഞാൻ അവളോട് പറഞ്ഞു. അന്നേരം ഹേമ പറഞ്ഞു. അപ്പടി വിളിക്കക്കൂടാത്, അമ്മാ നീങ്ക പെരിയ ആർട്ടിസ്റ്റ്.അത്ര സ്നേഹവും ബഹുമാനവും ആയിരുന്നു…
വരി വരിയായി ഇത്തരം ചിത്രങ്ങൾ ചെയ്യുമ്പോഴും നല്ലൊരു ആർട്ട് ഫിലിമിൽ അഭിനയിച്ച് മികച്ച നടിയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കാൻ ഹേമ കൊതിച്ചു.പക്ഷെ ,അതിനുള്ള അവസരം ആരും അവർക്ക് നൽകിയില്ല. ഒടുവിൽ സ്വന്തമായി സിനിമ നിർമ്മിയ്ക്കാൻ തീരുമാനിച്ചു.അഭിനയിച്ചു കിട്ടിയ പണമെല്ലാം ഹേമ പുതിയൊരു സംവിധായകനെ ഏൽപ്പിച്ചു. പടം ചെയ്യാമെന്നേറ്റ അയാൾ പക്ഷെ ആ കാശുമായി മുങ്ങി. നീലത്തരംഗം തീർന്നപ്പോൾ അതിലെ നായികമാർ പല വഴിക്ക് പിരിഞ്ഞു.. വലിയൊരു മുറിവ് മനസ്സിൽ പേറി അന്ന് പോയതാണ് ഹേമയും. പിന്നീടൊരു വിവരവുമില്ല….