സുകന്യയും സൂസന്നയും

0
195

Shijeesh U. K.

സുകന്യയും സൂസന്നയും

നഗരവധു! ഒരു അഭിസാരികയുടെ കഥയ്ക്ക് ഇത്രയും സിംപോളിക്കായി വേറൊരു പേരിടാൻ കഴിയില്ല.2000 ൽ കലാധരൻ ചിത്രം പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ കണ്ട പേര് സുകന്യ എന്നായിരുന്നു.സിനിമയിലെ കേന്ദ്രകഥാപാത്രം സുകന്യ എന്ന പ്രതികാര ദുർഗയായ പെൺകുട്ടിയാണ്.

ആക്ഷൻ വേഷത്തിൽ വാണി വിശ്വനാഥ് എത്തുന്ന ചിത്രത്തിന് സുകന്യയെന്ന പേരാവും കൂടുതൽ ചേരുക എന്ന് അദ്ദേഹം ചിന്തിച്ചിരിക്കണം.കേരളശബ്ദം വാരികയിൽ ഖണ്ഡശ പ്ര സിദ്ധീകരിച്ചിരുന്ന നഗര വധു എന്ന നോവലിന്റെ അനുകൽപ്പനമായിരുന്നു ചിത്രം..

ജീസികാരയ്ക്കലായിരുന്നു ആ നോവൽ എഴുതിയിരുന്നത്.തൊണ്ണൂറ്റി ഒമ്പത് മുതൽ രണ്ടായിരത്തി രണ്ട് വരെ യുള്ള പിരീഡിലാണ് വാണി വിശ്വനാഥ് മലയാളത്തിലെ ആക്ഷൻ ഹീറോയിനായി പുതിയ പരിവേഷം നേടുന്നത്.99 ൽ ഇൻഡിപെൻഡൻസിലും ക്യാപ്റ്റനിലും അടികൊടുക്കുന്ന കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ച് ഹിറ്റാക്കിയ വാണി ആ വർഷത്തെ ഓണച്ചിത്രം ജയിംസ് ബോണ്ടിൽ ഡയാന എന്ന വട്ടു പെണ്ണായും പ്രേക്ഷകനെ രസിപ്പിച്ചിരുന്നു.

ലോ ബജറ്റിൽ തീർന്ന ജയിംസ് ബോണ്ട് ബോക്സ് ഓഫീസിൽ പല്ലാവൂർ ദേവനാരായണനെയും വാഴുന്നോരെയും കടത്തിവെട്ടി മുന്നറിയതോടെ വാണി മലയാളത്തിലെ പുതിയ വിജയസൂത്രമായി മാറി.ഇന്ദ്രിയത്തിന്റെ സൂപ്പർഹിറ്റ് വിജയത്തോടെ 2000 ലും അവർ ചർച്ചാ വിഷയമായി.ഈ സാഹചര്യത്തിലാണ് സുകന്യയെന്ന ചിത്രവുമായി കലാധരൻ എത്തുന്നത്.തൊട്ടുപിറകെ ടി .വി ചന്ദ്രൻ വാണിയെ നായികയാക്കി സൂസന്ന എന്ന ആർട്ട് ഫിലിമും അനൗൺസ് ചെയ്തു.

സുകന്യയെപ്പോലെ സൂസന്നയും പുരുഷന്റെ ചതിയുടെ ബാക്കിപത്രമായി വേശ്യാവൃത്തിയിലേക്ക് എത്തിയവളാണ്.പേരിലും പ്രമേയത്തിലും ഏറെ സാമ്യമുള്ള രണ്ട് ചിത്രങ്ങൾ ഒരേ നായികയുമായി അങ്ങനെ ഷൂട്ടിംഗ് തുടർന്നു.ടി.എസ്.സജിയുടെ ഇന്ത്യാ ഗേറ്റും ടി.രാജന്റെ ഇവൾ ദ്രൗപതിയുമായിരുന്നു ഇതേ വർഷം വാണി കരാറൊപ്പിട്ട മറ്റു രണ്ട് ചിത്രങ്ങൾ.അവയും പെൺപ്രതികാര ദാഹത്തിന്റെ കഥ തന്നെ.ഭേരി എന്നൊരു ആർട്ട് ഫിലിമിൽക്കൂടി ആ വർഷം വാണി വേഷമിട്ടിരുന്നു.ആദ്യം പുറത്തിറങ്ങിയത് സൂസന്നയാണ്.2000 ഡിസമ്പറിൽ.

പ്രേക്ഷകരും നിരൂപകരും ഇഷ്ടപ്പെട്ട ചിത്രം പൊന്തൻമാടക്കുശേഷമുള്ള ചന്ദ്രന്റെ ക്ലാസിക് ഹിറ്റായി മാറി.വാണിക്ക് സഹനടിക്കുള്ള സ്റ്റേറ്റ് അവാർഡും സൂസന്ന നേടിക്കൊടുത്തു.മലയാളത്തിൽ ഇന്ദ്രിയത്തിന്റെ ക്ലൈമാക്സ് സീനിലാണ് വാണി ആദ്യമായി ഡബ്ബ് ചെയ്യുന്നത്.സൂസന്നയിൽ മുഴുവനായി അവർ തന്നെ ശബ്ദം പകർന്നു.മാണി സി കാപ്പൻ നിർമിച്ച സുകന്യ പിന്നീട് നോവലിന്റെ പേര് തന്നെ സ്വീകരിച്ച് നഗരവധു ആയി വെള്ളിത്തിരയിൽ എത്തി.

ജയകൃഷ്ണനായിരുന്നു നായകൻ. ചിത്രം പരാജയമായിരുന്നു.പക്ഷേ നഗരവധു എന്ന പേരിനോട് അന്നെന്തോ വലിയൊരു ആകർഷണമായിരുന്നു…ഉണ്ണിയാർച്ച, ഭാർഗവീ നിലയം, അഖില, ഹൃദയത്തിന്റെ ഉടമ തുടങ്ങി വളരെക്കുറച്ചു സിനിമകളിലേ വാണി തുടർന്നഭിനയിച്ചുള്ളൂ.ദി ഗ്യാംഗ് എന്ന ചിത്രത്തിൽ തന്റെ വില്ലനായി അഭിനയിച്ച ബാബുരാജിനെ സ്വന്തം ജീവിതത്തിൽ നായകനാക്കി 2003 ൽ അവർ വെള്ളിത്തിരയിൽ നിന്ന് താൽക്കാലികമായി വിടവാങ്ങി