പ്രതിഭയുടെ കൂമ്പ് നുള്ളുന്ന ചലച്ചിത്ര പ്രവർത്തകരുടെ പണക്കൊതിയുടെ ഇരയാണ് പുഷ്പയും

0
398

🌿ഷിജീഷ് യു.കെ.

ലേഡീസ് ഹോസ്റ്റൽ ചലച്ചിത്ര പ്രേമികളെല്ലാം കണ്ടിരിക്കും. പ്രേംനസീറിൻ്റെയും ജയഭാരതിയുടെയും കഥാപാത്രങ്ങൾ പടത്തിൻ്റെ പേര്‌ കേൾക്കുമ്പോൾ ഓർമയിൽ തെളിയുന്നുമുണ്ടാവും.. ഹരിഹരൻ്റെ ആ ചിത്രത്തിലൂടെ ഒരു പുതുമുഖ നടി കൂടി രംഗത്തെത്തിയിരുന്നു- പുഷ്പ.

May be an illustration of 1 personവിസ്മൃതിയുടെ കരിമ്പടത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം താരങ്ങൾക്കിടയിൽ തന്നെ പുഷ്പയുടെ സ്ഥാനവും.ഓർമിക്കപ്പെടാത്തത് അവരുടെ കുറ്റം കൊണ്ട് മാത്രമല്ല. വളയത്തിനുള്ളിലൂടെ മാത്രം ചാടിച്ച് പ്രതിഭയുടെ കൂമ്പ് നുള്ളുന്ന ചലച്ചിത്ര പ്രവർത്തകരുടെ പണക്കൊതിയുടെ ഇരയാണ് പുഷ്പയെപ്പോലുള്ളവർ…
നടിയാകാൻ ആഗ്രഹിച്ച പെൺകുട്ടിയായിരുന്നില്ല പുഷ്പ. അമ്മയിൽ നിന്ന് ചെറുപ്രായത്തിലേ ചിലങ്കകളുടെ ആഴവും പരപ്പും അറിയാൻ തുടങ്ങിയ പുഷ്പയ്ക്ക് നർത്തകിയാവാനായിരുന്നു മോഹം.

പക്ഷേ ആടിനെ പച്ചില കാട്ടി മോഹിപ്പിക്കുന്നതുപോലെ ഇടയ്ക്കിടെ മുറിയൻ വേഷങ്ങൾ വച്ചുനീട്ടി സിനിമ അവരെ പ്രലോഭിപ്പിച്ചു. അതിൻ്റെ തുടക്കം ലേഡീസ് ഹോസ്റ്റലിലൂടെ ആയിരുന്നു. തമിഴിലും തെലുങ്കിലും എല്ലാം ഇക്കാലം പുഷ്പയ്ക്ക് ചില്ലറക്കഥാപാത്രങ്ങൾ തടഞ്ഞു. ഇടവേളയുണ്ടായി പിന്നീട് പുഷ്പയുടെ കരിയറിൽ. നൃത്തത്തിൽ അവർ ഒതുങ്ങി തെല്ലുകാലം. സിനിമ പക്ഷേ വിട്ടില്ല. തേർവാഴ്ച എന്ന സിനിമയിൽ അമ്മൂട്ടി എന്ന കഥാപാത്രത്തിലൂടെ പുഷ്പയെ തിരിച്ചു വിളിച്ചു..

തുടർന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പിടിച്ചത്രങ്ങൾ പുഷ്പയ്ക്ക് സ്വന്തമായി. മുത്തുച്ചിപ്പികൾ, കള്ളിയങ്കാട്ടുനീലി,കഴുകൻ, പമ്പരം, പുഴയൊഴുകും വഴി അങ്ങനെ ആ ധാര ഒഴുകി. റാണിചന്ദ്രയോട് നല്ല മുഖസാദൃശ്യമുണ്ടായിരുന്നു പുഷ്പയ്ക്ക്. റാണിയുടെ അപകടമരണത്തിന് ശേഷം സംവിധായകർ പുഷ്പയിൽ റാണിയുടെ ഡ്യൂപ്പ് എന്നൊരു സാധ്യത കണ്ടു.അങ്ങനെ 1976 മുതൽ രണ്ടു വർഷക്കാലം അവർക്ക് തിരക്കോട് തിരക്കായി മലയാളത്തിൽ….

ലഹരി പോലുള്ള സിനിമകളൊക്കെ പുഷ്പയുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് പൂർണതയിലെത്തിയത്. പയ്യെപ്പയ്യെ സിനിമ റാണിച്ചന്ദ്രയെ മറന്നു. പുതിയ റാണിമാർ വന്നു കൊണ്ടേയിരുന്നു…. അപ്പോൾ റാണിയുടെ ഡ്യൂപ്പിന് എന്തു പ്രസക്തി..! എങ്കിലും യവനികയിലെ നാടകനടി, നീയോ ഞാനോയിലെ രാക്കമ്മ, കിന്നാരത്തിലെ റീത്ത, കയത്തിലെ നാരായണി എന്നിങ്ങനെ ചില ഭേദപ്പെട്ട വേഷങ്ങളിലൂടെ മലയാളത്തിൽ ഓർമിക്കപ്പെടാൻ പുഷ്പയ്ക്കു കഴിഞ്ഞപ്പോൾ അവരുടെ മകൾ മോഹനയ്ക്ക് അത്രപോലും സ്പേസ് ഇവിടെ കിട്ടിയില്ല.തനിക്ക് നഷ്ടപ്പെട്ടത് മകൾ നേടുമെന്ന് ഈ അഭിനേത്രി മോഹിച്ചതും അങ്ങനെ വെറുതെയായി.