വഴിയേ പോകുന്നവനെ പിടിച്ച് ജോലി കൊടുത്താലും ഇവറ്റകൾക്ക് കൊടുക്കരുത്

117

Shiji Babu

പരിചയത്തിൽ മീൻ വിൽപ്പന നടത്തുന്ന ഒരു ചേച്ചിയുണ്ട്.മൂത്തമകൾക്ക് പത്തും ഇളയ കുഞ്ഞിന് ഏഴും വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ച സ്ത്രീ.കേറിക്കിടക്കാൻ അടച്ചുറപ്പുള്ളൊരു വീട് പോലുമില്ലാതെ രണ്ടു പൊടികുഞ്ഞുങ്ങളുമായി ജീവിതം തള്ളിനീക്കാൻ മീൻ വില്പന മാത്രമായിരുന്നു ഏക വരുമാനം.അവർ അതിൽ നിന്ന് മിച്ചം പിടിച്ച്, മക്കളെ പഠിപ്പിച്ചു, ചെറുതാണെങ്കിലും ഒരു വീട് പണിതു. മൂത്ത മകളെ വിവാഹം കഴിപ്പിച്ചു, ഇളയ മകൾക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി കിട്ടി.അവളുടെ വിവാഹശേഷവും ചേച്ചി മീൻ വിൽപ്പന നടത്തുമായിരുന്നു..വിശ്രമിക്കാൻ കൂട്ടാക്കാതെ..അതിൽ അൽപ്പവും അഭിമാനക്ഷേതമില്ലാതെ അവർ ജോലി ചെയ്തു..
വല്ലപ്പോഴും കാണുമ്പോൾ ചിരിയോടെ വിശേഷങ്ങൾ ചോദിക്കും, പറയും..പിന്നെ മുട്ടിന് മുട്ടിനു ഫിഷ് സ്റ്റാളുകളും, സൂപ്പർ മാർക്കെറ്റുകളും ആയപ്പോൾ വീട് കേറി മീൻ വിൽക്കുന്നവരുടെ എണ്ണം കുറഞ്ഞു. ചേച്ചിയും വരാതായി.മക്കളെ പഠിപ്പിക്കുന്ന ടീച്ചറിന്റെ ഭർത്താവിന് ഫിഷ് സ്റ്റാളുണ്ട്.. നല്ല വിദ്യാഭ്യാസമുള്ള മിടുക്കനായ ചെറുപ്പക്കാരൻ.. ഒരു സ്വയം തൊഴിൽ ചെയ്തു അന്തസ്സായി ജീവിക്കുന്നു.പറഞ്ഞു വന്നത് ഏത് ജോലിക്കും അതിന്റെതായ മാന്യതയും അന്തസ്സുമുണ്ട് എന്നാണ്

സെക്രട്ടറിയേറ്റു പടിക്കൽ മണ്ണെണ്ണ ഒഴിക്കലും മഷികുപ്പി പ്രയോഗവും കഴിഞ്ഞു, സമരക്കാർ തിരഞ്ഞെടുത്ത സമരമുറയാണ് മീൻ വിൽപ്പന.ഇവരാണ് നാളെ കസേരയിൽ കേറിയിരുന്നു, സർക്കാരിന്റെ പക്ഷത്തു നിന്ന് അടിസ്ഥാന വർഗ്ഗത്തിന്റെ പ്രേശ്നങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത്..രണ്ടക്ഷരം പുസ്തകം നോക്കി കഷ്ടപ്പെട്ട് പഠിച്ചു എന്നാണ് പറയുന്നത്.ഇവറ്റോൾ പഠിച്ച ഒരു പുസ്തകത്തിലും വിയർത്തുണ്ടാക്കുന്ന അന്നത്തിന്റെ വിലയെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല. ഉണ്ടെങ്കിൽ, അതറിയാമായിരുന്നെങ്കിൽ ഇത്തരം പരിഹാസവേലകൾ കാണിക്കില്ലായിരുന്നു..സത്യമായും തോന്നുന്നത് ഇതാണ്..വഴിയേ പോകുന്നവനെ പിടിച്ച് ജോലി കൊടുത്താലും, വൈറ്റ് കോളർ ജോലിയുടെ പള പളപ്പിനെ കണ്ടു കണ്ണു മഞ്ഞളിച്ചു, അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതമാർഗ്ഗത്തെ പുച്ഛിച്ചു, നാണം കെട്ടതെന്ന് സമൂഹത്തോട് വിളിച്ചു പറയുന്ന ഇവറ്റകൾക്ക് കൊടുക്കരുത്.