Shiji Victor എഴുതുന്നു

കല്ലട ബസ്സിൽ നടന്ന പോലെയുള്ളതോ, അതിലും മോശമായതോ ആയ കാര്യങ്ങൾ ഒരുപാടു ബസുകളിൽ നടക്കുന്നുണ്ട്…

നാലഞ്ചു മാസം മുൻപ് എനിക്കുണ്ടായ ഒരനുഭവം ഇവിടെ ഓർക്കുകയാണ്… കഴിഞ്ഞ ആഗസ്റ്റിൽ കുടജാധ്രി മൂകാംബിക രണ്ടുദിവസത്തെ trip കഴിഞ്ഞു തിരിച്ചു വരാനായി ഓൺലൈനിൽ വൈകുന്നേരം 4 മണിക്കുള്ള “ശ്രീ ദുർഗ്ഗാമ്പ ട്രാവൽസ്” ബസ് ബുക്ക്‌ ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ ഞങ്ങൾ ആറു പേരുണ്ടായിരുന്നു. സ്ലീപ്പർ ഒരു ടിക്കറ്റിനു 900 രൂപ.

ബസ് കയറേണ്ട സ്ഥലം കൊല്ലൂർ ബസ്സ്റ്റാൻഡ് ആണ് രേഖപ്പെടുത്തിയിരുന്നത്… കൃത്യാ സമയത്തു അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് ബസ് പുറപ്പെടുന്നത് നാൽപ്പതു കിലോമീറ്റർ അപ്പുറമുള്ള കുന്ദാപുരയിൽ നിന്നും ആണന്ന്…
അവരുടെ നമ്പറിൽ വിളിച്ചപ്പോൾ, അവിടെ നിന്നും അവരുടെ ലോക്കൽ സർവീസ് ബസുണ്ട്, അതിൽ കയറിവന്നോളൂ ന്നും , അതിൽ ടിക്കറ്റ് എടുക്കേണ്ട എന്നും പറഞ്ഞു.. എല്ലാവരും നല്ല ക്ഷീണിതർ ആയിരുന്നതിനാൽ ബസിൽ കയറിയാൽ ഉടനെ ഉറങ്ങാം എന്നാണ് കരുതിയിരുന്നത്…

Shiji Victor
Shiji Victor

വേറെ മാർഗ്ഗം ഇല്ലാത്തതു കൊണ്ടു അവരുടെ ലോക്കൽ ബസിൽ കയറി, കുന്ദാപുര എത്തിയപ്പോൾ ബസ് പുറപ്പെടാൻ നിൽക്കുന്നു. ഞങ്ങളെ കൂടാതെ വേറെയും ആളുകൾ ലോക്കൽ ബസിൽ ഉണ്ടായിരുന്നു.. കൊല്ലൂരിൽ നിന്നാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക്‌ ചെയ്തത്… അവിടെ വരില്ലങ്കിൽ ആദ്യമേ പറയണം എന്ന് കൂടെയുള്ളവർ പറഞ്ഞപ്പോൾ നിങ്ങൾ വേണമെങ്കിൽ കയറിയാൽ മതി എന്നായി ബസിലെ സ്റ്റാഫ്‌..

ഒരു കുപ്പി വെള്ളം വാങ്ങണം, ഒന്നു മൂത്രമൊഴിക്കണം എന്ന് പറഞ്ഞപ്പോൾ ബസ് പുറപ്പെടുകയാണ് എന്നായി അവർ. ഉഡുപ്പി ഉൾപ്പെടെ പല സ്റ്റോപ്പിലും ബസ് നിർത്തി ആളെ കയറ്റിയെങ്കിലും മൂത്രമൊഴിക്കാൻ ഇറങ്ങാൻ അവർ അനുവദിച്ചില്ല. ആളെ കയറിയാൽ ബസ് പോകും ഇറങ്ങിയാൽ ഞങൾ wait ചെയ്യില്ല എന്നും അവർ പറഞ്ഞു…

മംഗലാപുരം എത്തിയപ്പോൾ ഞങ്ങൾ രണ്ടു സ്ത്രീകൾ വെള്ളം വാങ്ങിക്കാൻ ഡ്രൈവറോട് പറഞ്ഞു പുറത്തിറങ്ങി. .. ആളുകയറി തീർന്നാൽ ഉടനെ പുറപ്പെടും അതിനുള്ളിൽ വാങ്ങിച്ചു വരണം എന്നായി അയാൾ

ആളുകൾ കയറിയ ഉടനെ ബസ് പുറപ്പെട്ടു,.. മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്ന ബസിൽ, ഡ്രൈവർ ഞങ്ങളെ കാണുന്നുണ്ടായിരുന്നു…ഞങ്ങൾ
ആകെ പേടിച്ചു പോയി,രാത്രി സമയം.. അപരിചിതമായ സ്ഥലം.. കൂടെയുള്ളവരെ വിളിക്കാൻ മൊബൈൽ ഫോൺ ബസിലും ആണ്.

ഞങ്ങളുടെ ബഹളം കേട്ട് ആ നാട്ടിലെ ആളുകൾ പുറകെ ഓടി , കൈ കൊണ്ടു ബസ്സിന്റെ ബോഡിയിൽ അടിച്ചു ശബ്ദം ഉണ്ടാക്കിയപ്പോൾ ആണ് സീറ്റിൽ മയങ്ങിപ്പോയ കൂടെയുള്ളവർ ശ്രദ്ധിക്കുന്നത്,… ഞങ്ങൾ ബസിന്റെ പുറകെ ഓടുന്നത് കണ്ട അവർ പെട്ടന്ന് ചെന്നു ഡ്രൈവറോട് ബഹളം വെച്ചപ്പോൾ ആണ് അയാൾ ബസ് നിർത്തിയത്.

ബസ് നിർത്തിയതിന്റെ തൊട്ടടുത്തുള്ള കടയിൽ നിന്നും ആയിരുന്നു ഞങ്ങൾ വെള്ളം വാങ്ങിയത് , ഡ്രൈവർ ഞങ്ങളെ കാണുന്നുമുണ്ടായിരുന്നു.. എന്നിട്ടും എന്തോ പക വീട്ടും പോലെയാണ് അയാൾ പെരുമാറിയത്….

മൂത്രശങ്ക കടുത്തപ്പോൾ പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും, പല സ്ഥലത്തും ബസ് നിർത്തിയെങ്കിലും മൂത്രമൊഴിക്കാൻ ഇറങ്ങാൻ അവർ സമ്മതിച്ചില്ല. കാസർഗോഡ് ഡിന്നർ കഴിക്കാൻ നിർത്തും എന്നും അവിടെ മൂത്രമൊഴിക്കാം എന്നും പറഞ്ഞു .. വേദന സഹിച്ചു പിടിച്ചു നിന്നു… അല്ലാതെ എന്ത് ചെയ്യാൻ…

കാസർഗോഡ് നല്ല തിരക്കുള്ള ഹോട്ടൽ ആണ്… കുറേ ബസുകൾ നിർത്തിയിട്ടുണ്ട്..
പതിനഞ്ചു മിനിറ്റിൽ ബസ് പുറപ്പെടും വേഗം കഴിച്ചു കയറാൻ അവരുടെ ആജ്ഞ.

ഡ്രൈവറും ക്ളീനറും ഹോട്ടലിൽ ഇരുന്നപ്പോഴേക്കും അവർക്കുള്ള ഭക്ഷണം ഉടനെ കൊടുത്തു.( സ്ഥിരം ആളുകളെല്ലേ )

യാത്രക്കാർക്കുള്ള ഭക്ഷണം പിന്നെയും കഴിഞ്ഞാണ് കിട്ടിയത്. ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴേക്കും ഡ്രൈവർ ബസ് എടുത്തു. ഹോട്ടലിലെ വെയിറ്റരോട് കാര്യം പറഞ്ഞപ്പോൾ അയാൾ ഞങ്ങൾ കയറാനുള്ള കാര്യം ഡ്രൈവറോട് പറഞ്ഞു. എന്തോ വൈരാഗ്യം തീർക്കുന്ന പോലെ ബസ് പാർക്കിങ്ങിൽ നിന്നും എടുത്തു റോഡിൽ കുറച്ചു ദൂരേക്ക്‌ മാറ്റിയിട്ടു.
നല്ല മഴയും കൊണ്ടു ചെളിയിലൂടെ ഞങ്ങൾ ഓടി ബസിൽ കയറി.

Image may contain: outdoorഇതിനിടയിൽ കണ്ണൂർ നു തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ആളുകൾ കയറാൻ ഉണ്ടായിട്ടും ഡ്രൈവർ വണ്ടി നിർത്തിയില്ല,.. കണ്ണൂരിൽ നിർത്തിയ വണ്ടിയുടെ മുന്നിൽ പാർട്ടിക്കാർ ആണെന്ന് തോന്നുന്നു വണ്ടി തടഞ്ഞിട്ടു മുൻപേയുള്ള ആളുകൾ വന്നു കയറ്റിയിട്ടു പോയാൽ മതിയെന്ന് പറഞ്ഞു അരമണിക്കൂർ വണ്ടി പിടിച്ചു വച്ചു..

ബസിൽ നല്ല കുലുക്കവും ഇടക്കുള്ള ഈ ബഹളങ്ങളും കാരണം ഉറങ്ങാൻ ഒട്ടും പറ്റിയില്ല. സീറ്റിൽ നല്ല മൂട്ട കടിയും… കൂടെയുള്ളയാൾക്കു വീണ്ടും മൂത്ര ശങ്ക, കോഴിക്കോടും കോട്ടക്കലും വണ്ടി നിർത്തിയപ്പോൾ അവരോടു ചോദിച്ചെങ്കിലും അനുവദിച്ചില്ല.

സഹിച്ചു പിടിച്ച് വീണ്ടും യാത്ര… തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം വണ്ടി നിർത്തി വണ്ടിയിൽ ഉണ്ടായിരുന്ന കുറച്ചു കടലാസ് പെട്ടികൾ മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയായിരുന്നു, അവിടെ സമയം എടുക്കുന്നത് കണ്ടപ്പോൾ ഡ്രൈവറോട് അനുവാദം ചോദിച്ചു ടോൾ പ്ലാസയിലെ ടോയ്ലറ്റ് ൽ പോയി, വളരെ പെട്ടന്ന് തന്നെ പുറത്തു ഇറങ്ങിയെങ്കിലും ബസ് മുന്നോട്ടു നീങ്ങുന്നു. തിരക്കുള്ള ഹൈവേയിലൂടെ ഓടി റോഡ് മുറിച്ചു കടന്നു ബസിനു പുറകേയോടി കയറിയപ്പോൾ ഡ്രൈവർ കളിയാക്കി ചിരിക്കുന്നു. പറ്റുന്ന ഭാഷയിൽ കയർത്തു സംസാരിചെങ്കിലും അവർക്ക് ഒരു കുലുക്കവും ഇല്ല…

Ekm എംജി റോഡിൽ ആണ് ഡ്രോപ്പിംഗ് ലൊക്കേഷൻ കൊടുത്തിരുന്നത്…. അത് കൊണ്ടു തന്നെ സ്കൂട്ടർ അവിടെയാണ് പാർക്ക് ചെയ്തിരുന്നത്.
ഇടപ്പള്ളി എത്തിയപ്പോൾ അവർ പറഞ്ഞു എംജി റോഡ് പോകില്ല ബസ് ലേറ്റ് ആണ് എന്ന്, ഇവിടെയോ വൈറ്റിലയോ ഇറങ്ങണമെന്ന് .

അങ്ങനെ ഇടപ്പള്ളിയിൽ ഇറങ്ങി മെട്രോ പിടിച്ചു എംജി റോഡ് എത്തി, സ്കൂട്ടർ എടുത്തു, പള്ളി മുക്ക് എത്തിയപ്പോൾ അതെ ബസ് വൈറ്റില കടവന്ത്ര വഴി എംജി റോഡിലേക്ക് വരുന്നു ..

ഇവരുടെ പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല,..മദ്യ ലഹരിയിൽ ആണോ അതോ സാഡിസം ആണോ?

സ്ഥിരമായി പലസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാൻ… നല്ല ബസ് ഡ്രൈവർമാരെയും ക്‌ളീനർമാരെയും ഒരുപാട് കണ്ടിട്ടുണ്ട്.. അവരിൽ നിന്നെല്ലാം വളരെ നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്…. പക്ഷെ ഇതുപോലുള്ള ക്രിമിനലുകളും ഒരുപാടുണ്ട് എന്നുള്ളതും സത്യമാണ്….

ഇങ്ങനെ….ജീവിതത്തിൽ ഒരിക്കലും മറക്കാത്ത, നരകയാത്ര തന്നതിന് ദുർഗാമ്പ ട്രാവലിനെ ഒരിക്കലും മറക്കില്ല… 😡

Shiji Victor

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.