മാസത്തിലൊരിക്കൽ ഉണ്ടാവുന്ന വേദന സഹിക്കാനാവാതെ വയറിൽ കൈവെക്കുന്ന പെൺകുട്ടികളെ നിങ്ങൾ ഡയപ്പെറിന്റെ പരസ്യം മുതൽ മാസമുറയെപ്പറ്റിയുള്ള ഫേസ്ബുക് പോസ്റ്റിൽ വരെ കണ്ടിട്ടുണ്ടാവും. എന്നാൽ വേദനാരഹിതമെങ്കിലും കൗമാരത്തിന്റെ തുടക്കത്തിൽ ദിനംപ്രതി ഉണ്ടാവുന്ന അപ്രതീക്ഷിത ലിംഗഉദ്ധാരണത്തെ അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ അനിയത്തിയിൽ നിന്നോ ഒളിക്കാൻ “വയറിനും ഇച്ചിരി കീഴെ” കൈ വെച്ചുമറക്കേണ്ടിവരുന്ന ആൺകുട്ടികളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടെങ്കിലും ഉണ്ടോ? ഉയർന്ന ലിംഗം കാഴ്ച്ചയിൽ നിന്നും മറക്കാനായി തുടക്കിടയിലേക്ക് ഒതുക്കേണ്ടി വരുന്നവനെപ്പറ്റി കേട്ടിട്ടുണ്ടോ ?
നീ എഴുന്നേറ്റാലേ ഞാൻ പോകുള്ളൂ എന്നും പറഞ്ഞ് പോസ്റ്റ് പോലെ നിൽക്കുന്ന അമ്മയെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കേണ്ടി വരുന്ന ഒരുത്തനെപറ്റി നിങ്ങൾക്ക് എന്തറിയാം? ഉറക്കത്തിൽ നനഞ്ഞുപൊയ ബർമുടയോ പുതപ്പോ കിടക്കവിരിയോ അമ്മ വരുംമുൻപേ വാഷിംഗ് മെഷീനിലേക്ക് തള്ളുന്ന ഒരുത്തനെ നിങ്ങൾ അടുത്തറിഞ്ഞിട്ടുണ്ടോ ? തുണ്ട് പടം കാണുന്നതിനിടയിലോ അല്പം അശ്ലീലം കലർന്ന ചാറ്റിനിടയിലോ കുളിക്കാനോ അത്താഴം കഴിക്കാനൊ വിളിച്ചാൽ കൊറച്ചു കഴിഞ്ഞു കഴിച്ചോളാം എന്ന് പറയുന്ന ഒരുത്തന്റെ ചിന്തകളെപ്പറ്റി നിങ്ങൾ ഓർത്തിട്ടുണ്ടോ? നിനക്കിപ്പോൾ സ്നേഹമൊക്കെ കുറഞ്ഞു പണ്ട് ഞാനല്ലേ നിന്നെ കുളിപ്പിച്ചിരുന്നേയെന്നോ, പണ്ട് ഒന്നിച്ചല്ലേ നമ്മൾ കിടന്നിരുന്നേയെന്നോ പറഞ്ഞ് പരിഭവിക്കുന്ന അമ്മമ്മയോട് അവൻ എന്ത് പറയാനാണ് ?
അവളെപറ്റി പറയണ്ട എന്നല്ല, ഇടക്കൊക്കെ അവനും ഇതുപോലെ എന്തെങ്കിലും ഉണ്ടാവുമെന്ന് മനസിലാക്കിക്കൊണ്ടുള്ള ഒരു കരുതൽ, അത് മതി അവന്. അവൾ തന്നെക്കാൾ ഇത്തരം സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നുണ്ടാവണം എന്ന ഉത്തമബോധ്യം അവനുണ്ട്.