മതഭ്രാന്തിന്റെ മറ്റൊരു രൂപം മാത്രമാണ് ഈ അഭിഭാഷക! കെ.എസ്.ഭഗവാന് ഐക്യദാർഢ്യം

  153

  ഷിജിൽ വലിയവളപ്പിൽ

  കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം.
  അദ്ധ്യാപകനും എഴുത്തുകാരനും വിവർത്തകനുമായ കെ.എസ്.ഭഗവാനെ ബംഗളുരുവിലെ കോടതിവളപ്പിൽ വച്ച് മീര രാഘവേന്ദ്ര എന്ന വനിതാ അഡ്വക്കേറ്റ് മുഖത്ത് മഷി ഒഴിച്ചുകൊണ്ട് അക്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണ്. ജീവഭീഷണി നേരിടുന്ന,പോലീസ് സംരക്ഷണയിൽ കഴിയുന്ന ഒരു മനുഷ്യനെ കോടതിവളപ്പിൽവച്ച് ഒരു അഭിഭാഷക ഇത്തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചു എന്നത് ഗൗരവമുള്ള വിഷയമാണ്.താൻ അഭിഭാഷക എന്നത് രണ്ടാമത്തെ കാര്യമാണെന്നും താനൊരു ഹിന്ദു സ്ത്രീയാണെന്നും ഹിന്ദു ദൈവങ്ങളെയും മതത്തെയും വിമർശിക്കുന്ന കെ.എസ്.ഭഗവാനെപ്പോലുള്ളവർക്ക് ഇതൊരു താക്കീതാണെന്നും അതിന് എന്തു നടപടി നേരിടാനും തയ്യാറാണെന്ന് അലറിക്കൊണ്ടുമാണ് അവർ അദ്ദേഹത്തെ ആക്രമിച്ചത്.

  നാൽപ്പതോളം പുസ്തകങ്ങളുടെ രചയിതാവും കർണ്ണാടക സാഹിത്യ അക്കാദമി ജേതാവുമാണ് കെ.എസ്.ഭഗവാൻ. എം.എം.കൽബുർഗിയുടേയും ഗൗരിലങ്കേഷിന്റെയും ദാരുണമായ അരുംകൊലകൾക്ക് പിന്നിൽ പ്രവർത്തിച്ച ഹിന്ദുത്വ തീവ്രവാദികളുടെ മറ്റൊരു ലക്ഷ്യമായിരുന്നു കെ,എസ്.ഭഗവാനെ കൊലപ്പെടുത്തുക എന്നത്. നിരവധി തവണ തീവ്രഹിന്ദു സംഘടനകളിൽ നിന്ന് കടുത്ത ഭീഷണികൾ നേരിട്ട വ്യക്തിയാണ് അദ്ദേഹം.

  ”എന്തുകൊണ്ട് രാമക്ഷേത്രം ആവശ്യമില്ല?” എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഹിന്ദുത്വ സംഘടനകളും കർണ്ണാടക ബിജെപി ഭരണകൂടവും നടത്തിയത്. കർണ്ണാടകയിലെ വിദ്യാഭ്യാസമന്ത്രി എസ്.സുരേഷ് കുമാർ,അദ്ദേഹത്തിന്റെ പുസ്തകം ഗ്രന്ഥശാലകളിലും കലാലയങ്ങളിലും വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.പുസ്തകം ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തി എന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ കേസും നിലവിലുണ്ട്.

  ഇത്തരത്തിൽ മതവികാരങ്ങളുടെ അസഹിഷ്ണുതാ പ്രകടനങ്ങൾ നമ്മൾ പല തവണ കണ്ടതാണ്. സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും ആശയപരമായി വിമർശിക്കാനുമുള്ള ഭരണഘടനാ സ്വാതന്ത്ര്യം ദാരുണമായി വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യയിൽ കെ.എസ്.ഭഗവാനെപ്പോലുള്ള ധീരരായ എഴുത്തുകാർ നമ്മളിൽ ഒരാളാണ്.അവരോട് ആശയപരമായി സംവദിക്കാനോ അവരുടെ മതവിമര്ശനങ്ങൾ വസ്തുതാപരമായി ഖണ്ഡിക്കാനോ കഴിവില്ലാത്ത മതവികാരജീവികളുടെ മറ്റൊരു രൂപം മാത്രമാണ് ഈ വനിതാ അഭിഭാഷക! കെ.എസ്.ഭഗവാന് ഐക്യദാർഢ്യം.