ഇത് തെളിയിച്ചാൽ നോബൽ പ്രൈസ് ലഭിക്കും, അതുകൊണ്ട് ശ്രമിക്കാതിരിക്കരുത്

  157

  ഒരു ഹോമിയോക്കാരൻ നടത്തിയ പഠനത്തിൽ ഹോമിയോ കഴിച്ചവർക്ക് കോവിഡ് പ്രതിരോധ ബാധ കുറഞ്ഞു എന്ന് കണ്ടെത്തിയത്രേ..അതാണ് കേരളത്തിലെ ആരോഗ്യമന്ത്രി പത്രക്കാരോട് ഘോഷിക്കുന്നത്. അല്ലയോ മന്ത്രി ഇങ്ങനെയാണോ ശാസ്ത്രീയമായ രീതി എന്ന് ഏതെങ്കിലും ഉപദേശകാരോട് ഒന്ന് ചോദിച്ചു കൂടെ? സാമൂഹ്യ ദ്രോഹം എന്നല്ലാതെ വേറൊന്നും പറയാനില്ല

   

  ഷിജിൽ വലിയവളപ്പിൽ

  “ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് പെട്ടെന്ന് ഭേദമായെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ.” വാർത്ത. ഇത് തെളിയിച്ചാൽ നോബൽ പ്രൈസ് ലഭിക്കും. അതുകൊണ്ട് ശ്രമിക്കാതിരിക്കരുത്. കോവിഡിന് ആയുഷ് വകുപ്പ് അവകാശപ്പെടുന്നതുപോലെ എന്തെങ്കിലും പ്രതിരോധ മരുന്ന് നൽകുന്നതിൽ ശാസ്ത്രീയത ഇല്ല എന്ന് മുൻപ് എഴുതിയിരുന്നു. അന്ന് അത്യാവശ്യം പൊങ്കാല ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അഭിപ്രായം അതുതന്നെ. ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് വിയോജിപ്പ് അറിയിക്കുന്നു. മറ്റൊരു കാര്യം കൂടിയുണ്ട്.എൺപതിനായിരത്തിലധികം രോഗികളെ ചികിത്സിച്ചത് കേരളത്തിലെ ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രികളാണ്, ആധുനിക വൈദ്യശാസ്ത്രം ആണ്. ഇതിൽ എത്ര ശതമാനം പേർ ആയുഷ് പ്രതിരോധം സ്വീകരിച്ചു എന്ന് ഒരു പഠനം നടത്താൻ, അവർക്ക് സ്വീകരിക്കാത്തവരുമായി എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നോ എന്നുള്ള വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ പിന്നെ പറയുന്നതിൽ ഒരർത്ഥവുമില്ല എന്നറിയാം. ജനങ്ങൾ സ്വാഭാവികമായും ജനപ്രതിനിധികളെയും മന്ത്രിമാരെയും ആണ് വിശ്വസിക്കുക. വെറുമൊരു സോഷ്യൽ മീഡിയ പ്രൊഫൈലിന് അതിനപ്പുറം വിശ്വാസ്യത ഒന്നുമില്ല.എങ്കിലും ഒരിക്കൽ കൂടി അഭിപ്രായം രേഖപ്പെടുത്തുന്നു. ആർക്കും എൻറെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.ടീച്ചർ ഹോമിയോ മരുന്ന് കഴിച്ചവർ എന്നേ പറഞ്ഞിട്ടുള്ളൂ ഫലം കൊണ്ടാണന്ന് പറഞ്ഞിട്ടില്ല . എഫക്റ്റ് ഉണ്ടങ്കിൽ അല്ലേ സൈഡ് എഫ്ക്റ്റ് ഉള്ളൂ.


  Suseel Kumar P

  ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ കോവിഡ് വരാതിരിക്കുകയോ അല്ലെങ്കിൽ വന്നവർക്ക് രോഗം വേഗത്തിൽ ഭേദമാകുകയോ ചെയ്യുകയാണെങ്കിൽ അത് ഏറ്റവും സ്വാഗതാർഹമായ ഒരു കാര്യം തന്നെയാണ്. വിശേഷിച്ചും ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹാണിമാന്റെ നാട്ടിൽ പോലും പഠനം നടത്തി ഫലം പുറത്തുവിടും മുമ്പ് കേരളത്തിൽ ഇത്തരമൊരു പഠനം നടത്തിയ ഹോമിയോപ്പതി ഡി. എം. ഒയും അത് പത്രസമ്മേളനത്തിൽ പുറത്തുവിട്ട ആരോഗ്യമന്ത്രിയും ഏറെ അഭിനന്ദനം അർഹിക്കുന്നു.
  ഇനി താഴെ പറയുന്ന കാര്യങ്ങൾക്കുൽക്കു കൂടി വ്യക്തമായ ഉത്തരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
  1. ആകെ എത്രപേരിലാണ് പഠനം നടത്തിയത്?
  2. അതിൽ ഹോമിയോ പ്രതിരോധ മരുന്ന് നൽകിയവർ എത്ര? നൽകാത്തവർ എത്ര?
  3. ഹോമിയോ പ്രതിരോധമരുന്ന് നൽകിയവരിൽ എത്രപേർക്ക് രോഗാണുബാധ ഉണ്ടാക്കി? അവരിൽ എത്രപേർക്ക് രോഗം വന്നു? എത്രപേർക്ക് വന്നില്ല. വന്നവരിൽ എത്രപേക്ക് നാലുദിവസം കൊണ്ട് നെഗറ്റീവ് ആയി?
  4. ഹോമിയോ പ്രതിരോധമരുന്ന് നൽകാത്തവരിൽ
  എത്രപേർക്ക് രോഗാണുബാധ ഉണ്ടാക്കി? അവരിൽ എത്രപേർക്ക് രോഗം വന്നു? എത്രപേർക്ക് വന്നില്ല? വന്നവരിൽ എത്രപേക്ക് നാലുദിവസം കൊണ്ട് നെഗറ്റീവ് ആയി?
  5. ഈ പരീക്ഷണങ്ങൾ ഹോമിയോ ഡി എം ഒ യും സിനിമാ സംവിധായകനുമായ വ്യക്തിയല്ലാതെ മറ്റാരെല്ലാം ആവർത്തിച്ച് ഫലം സ്ഥിരീകരിച്ചു?
  ജനങ്ങളിലെക്ക് ഉത്തരവാദിത്വത്തോടെ ഒരു വിവരം എത്തിക്കും മുമ്പ് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ പരിശോധിച്ചിരിക്കുമെന്ന് തീർച്ച. അതുകൂടി പുറത്തുവിടാത്ത പക്ഷം പന്തളം നഗരസഭാധ്യക്ഷ ഇറക്കിയ ഹോമിയോ അനുഭവസാക്ഷ്യത്തിനപ്പുറം വില ആരോഗ്യമന്ത്രിയുടെ പ്രസ്താവനക്ക് നൽകാൻ കഴിയില്ല. അത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരിക്കുന്ന ശൈലജ ടീച്ചറെപോലൊരു വ്യക്തിക്കു ഒട്ടും ഭൂഷണമായിരിക്കില്ല.


  Karthik Hariharan

  ലോക നേതാക്കൾ മുഴുവനും ഞങ്ങൾ ഇപ്പൊ തേങ്ങയുടയ്ക്കും, അല്ല വാക്‌സിൻ കണ്ടുപിടിക്കും എന്ന് വീമ്പിളക്കി കോവിഡ് പ്രതിരോധത്തിൽ പരാജയപെട്ടു മുഖം രക്ഷിക്കാനായി ജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ കൊടുക്കുന്ന സമയത്താണ് WHO പറഞ്ഞത് ആ തേങ്ങയുടയ്ക്കൽ അടുത്തെങ്ങും നടക്കാത്ത കാര്യമാണ്, അതിനൊക്കെ പല കടമ്പകളുണ്ട്, എല്ലാം കടക്കണം, മനുഷ്യ നന്മയെ കരുതി ശാസ്ത്രീയാടിത്തറ ഇല്ലാത്ത ഒന്നും അംഗീകരിക്കാനാവില്ല എന്നത്. ഇതിനിടയിലാണ് ശാസ്ത്രീയമായ കോവിഡ് പ്രതിരോധത്തിന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നമ്മുടെ സംസ്ഥാനത്തിന്റെ തന്നെ ആരോഗ്യമന്ത്രിയുടെ ഇത്തരത്തിൽ ഉള്ള ഒരു ശാസ്ത്രീയാടിത്തറയും ഇല്ലാത്ത പ്രസ്താവനകൾ. ഇത് പയറ്റി തെളിഞ്ഞ കാര്യമാണെങ്കിൽ എല്ലാർക്കും പറഞ്ഞു കൊടുക്കരുതോ, കുറച്ചു ജീവനുകൾ എങ്കിലും രക്ഷപെടുമായിരുന്നില്ലേ എന്നീ ചോദ്യങ്ങൾക്ക് ഒരു പ്രസക്തിയുമില്ല എന്ന് മനസിലായി. സംസ്ഥാന ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മോഡേൺ മെഡിസിൻ മാത്രം കൈകാര്യം ചെയ്യുന്ന ആളല്ല, ആയുഷ് വകുപ്പും കൈകാര്യം ചെയ്യുന്നവരാണ്, അതുകൊണ്ട് മാത്രം അവയെ തള്ളി പറയാൻ പറ്റില്ല എന്ന് പണ്ടാരോ അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. നല്ലത്, പക്ഷെ ഒന്നുകിൽ ആ പ്രശസ്ത ഡിഎംഒ നടത്തിയ പഠനങ്ങളുടെ തെളിവുകൾ നിരത്തണം എന്നിട്ട് ലോകത്തിനു കൂടെ ഉപകാരമാവും വിധം പ്രചാരണം കൊടുക്കണം. അല്ലെങ്കിൽ ഒരു ശാസ്ത്രീയ പിൻബലവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രമിക്കണം എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.