‘കൈയെത്തും ദൂരത്തി’ലൂടെ ഫാസിൽ ഒരു ഫഹദിനെയല്ല രണ്ടു ഫഹദിനെയാണ് അവതരിപ്പിച്ചത്
2002 ൽ ഫാസിൽ ‘കൈയെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെ ’ഫഹദ്’ എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ
169 total views, 1 views today

Shijo Manuel
2002 ൽ ഫാസിൽ ‘കൈയെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെ ’ഫഹദ്’ എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു – നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും.
ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.
‘കൈയ്യെത്തും ദൂരത്ത്’ ഒരു പരാജയചിത്രമായാണ് കണക്കാക്കുന്നതെങ്കിലും S.രമേശൻ നായരും ഔസേപ്പച്ചനും ചേർന്നൊരുക്കിയ ഗാനങ്ങൾ ജനപ്രീതി നേടിയിരുന്നു. അതിൽ ‘പൂവേ ഒരു മഴമുത്തം’ എന്ന ഗാനം സുജാതയോടൊപ്പം ആലപിച്ചുകൊണ്ടാണ് ഫഹദ് പിന്നണിഗാനരംഗത്തേയ്ക്ക് കടന്നുവരുന്നത്.
ഗാനത്തിന്റെ പല്ലവിയിലും അതിന്റെ ആവർത്തനങ്ങളിലും മാത്രമാണ് സുജാതയുടെ സ്വരമുള്ളത്. രണ്ട് ചരണങ്ങളും ഫഹദ് ഒറ്റയ്ക്കാണ് പാടിയിരിക്കുന്നത്. പക്ഷേ, പാട്ടിന്റെ തുടക്കത്തിൽ നായകന്റെ കൂട്ടുകാർക്കായി ഓരോ വരി മാത്രം പാടിയ ഫ്രാങ്കോ, ബിജു (ബിജു നാരായണൻ എന്ന് ചില ഡാറ്റാബേസുകളിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്) എന്നിവരുടെയും പേരുകൾ ചേർത്ത് ഗായകരുടെ ക്രെഡിറ്റിൽ നാല് പേരുകൾ വന്നപ്പോൾ ഫഹദിന് കിട്ടേണ്ടിയിരുന്ന ക്രെഡിറ്റ് കിട്ടിയില്ല എന്നതാണ് വാസ്തവം.
ഫഹദ് പിന്നീട് പാടിയ ചിത്രങ്ങളും പാട്ടുകളുമെല്ലാം വിരലിലെണ്ണാവുന്നവയാണെങ്കിലും അവയൊക്കെ ആ കാലത്ത് ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയവയായിരുന്നു.
പാടുന്ന വീണ – ഫോർ ദ പീപ്പിൾ (With Ramavarma)
മലർക്കിളിയിണയുടെ – സ്വപ്നക്കൂട് (With Madhu Balakrishnan & Sunil)
രാക്കടൽ കടഞ്ഞെടുത്ത – കല്യാണരാമൻ (With Sujatha)
വർണ്ണ മയിൽപ്പീലി പോലെ – വജ്രം (With Sujatha)
വാലന്റൈൻ വാലന്റൈൻ – യൂത്ത് ഫെസ്റ്റിവൽ (With Chitra Iyer)
നായിക നീ – വിസ്മയത്തുമ്പത്ത് (With Ganga)
മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞു – ചതിക്കാത്ത ചന്തു
ഇതിൽ ഫഹദ് സോളോ പാടിയിരിക്കുന്നത് ‘ചതിക്കാത്ത ചന്തു’വിലെ ‘മിന്നാമിനുങ്ങേ’ എന്ന ഗാനം മാത്രമാണ്. പക്ഷേ സിനിമയിൽ ആകട്ടെ അതിലെ ഏതാനും ഭാഗം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ ’’കല്യാണരാമനി’ലെ ‘രാക്കടൽ കടഞ്ഞെടുത്ത’ എന്ന പാട്ട് യേശുദാസ് പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ ഫഹദ് പാടിയതാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
യുവഗായകരുടെ വലിയൊരു നിര സജീവമായി നിറഞ്ഞു നിന്ന ആ കാലഘട്ടത്തിൽ ഫഹദിന് കിട്ടിയ അവസരങ്ങൾ അത്ര നിസ്സാരമായിരുന്നില്ല. എങ്കിലും ജീവിതവും പഠനവും ദുബൈയിലായിരുന്ന ഫഹദിന് നാട്ടിലെ അവസരങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാനും കഴിഞ്ഞില്ല. പിന്നണിഗാനരംഗത്ത് അക്കാലത്തുണ്ടായിരുന്ന ചില പ്രവണതകളും ‘ശുപാർശകൾ കൊണ്ടു മാത്രം പിന്നണിരംഗത്തെത്തിയ പണക്കാരനായ ഡോക്ടർ വിദ്യാർത്ഥി’യെന്ന ചിലരുടെ പരാമർശത്തിന്റെ വിഷമതകളും അക്കാലത്ത് ഫഹദ് എന്നോട് പങ്ക് വെച്ചിരുന്നു.
‘സ്വന്തം’ എന്ന ആൽബത്തിന്റെ ആദ്യപതിപ്പുകളിൽ ഫഹദ് പാടിയ ഒരു പാട്ട് പിന്നീടു വന്ന റിലീസുകളിൽ മറ്റൊരു ഗായകന്റെ സ്വരത്തിലാണ് കേൾക്കാൻ കഴിയുക. ‘എബ്രാഹം & ലിങ്കൺ’ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ പാട്ടും മറ്റൊരാൾ പാടിയാണ് പുറത്ത് വന്നത്.
പുതിയ പാട്ടുകാർക്ക് ഇത്തരം അനുഭവങ്ങൾ പുത്തരിയല്ല. പക്ഷേ ദുബൈയിൽ നിന്നും ട്രാക്ക് പാടുവാനായി മാത്രം ക്ലാസ്സുകൾ മാറ്റിവച്ച് വരേണ്ടതില്ലെന്ന് ഫഹദിനും തോന്നിക്കാണണം.
പിന്നീട് 2012ൽ ‘കൊച്ചി’ എന്നൊരു സിനിമയിൽക്കൂടി മാത്രമാണ് ഫഹദ് പാടിയത്.
ഇപ്പോൾ ഫഹദ്, ഡോ.ഫഹദ് മുഹമ്മദ് ആയി ഇംഗ്ലണ്ടിലെ Birmingham ൽ ഡോക്ടറായി സേവനമനുഷ്ഠിച്ച് കുടുംബസമേതം സുഖമായി കഴിയുന്നു.
170 total views, 2 views today
