Shijo Manuel
‘അക്ബർ സലീം അനാർക്കലി’ എന്ന തെലുഗ് ചിത്രത്തിൽ (1978) അക്ബറായി N.T.രാമറാവുവാണ് അഭിനയിച്ചത്. അക്ബറിന്റെ പുത്രൻ സലീം ആയി N T രാമറാവുവിന്റെ സ്വന്തം മകൻ ബാലകൃഷ്ണ വേഷമിട്ടപ്പോൾ അനാർക്കലിയായെത്തിയത് നമ്മുടെ സ്വന്തം ഉണ്ണിമേരിയായിരുന്നു. (ദീപ എന്ന പേരിലാണ് ഉണ്ണിമേരി അക്കാലത്ത് അന്യഭാഷാചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്).
‘അക്ബർ സലീം അനാർക്കലി’യുടെ പാട്ടുകളുമായി പുറത്തിറങ്ങിയ വിനൈൽ റെക്കോർഡിന്റെ കവർ (സ്ലീവ്) ഉണ്ണിമേരിയുടെ കളറിലും ബ്ലാക്ക് & വൈറ്റിലുമുള്ള ചിത്രങ്ങൾ കൊണ്ടുതന്നെ കാണാൻ വളരെ ഭംഗിയാണ്.
C. രാമചന്ദ്ര സംഗീതം നല്കിയ ‘അക്ബർ സലീം അനാർക്കലി’യിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയായത് കൊണ്ടാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ആ റെക്കോർഡ് കുറേ കഷ്ടപ്പെട്ട് ഞാൻ സ്വന്തമാക്കിയത്. റെക്കോർഡ് കിട്ടിയപ്പോൾ മാത്രമാണ് അതിലെ നായിക ഉണ്ണിമേരിയാണെന്നറിഞ്ഞത്. അപൂർവ്വം ചില മലയാളതാരങ്ങൾക്ക് മാത്രമാണ് മുഹമ്മദ് റാഫി പാടിയ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ‘അക്ബർ സലീം അനാർക്കലി’യിലെ ഒരു പാട്ട് റേഡിയോയിൽ കൊടുത്തുകൊണ്ട് ആ ഗാനരംഗത്ത് അഭിനയിച്ച ഓർമ്മകൾ ശ്രോതാക്കളോട് പങ്ക് വെയ്ക്കാമോ എന്ന് ചോദിച്ചുകൊണ്ട് ആ സമയത്ത് ഞാൻ ഉണ്ണിമേരിയെ ഫോൺ ചെയ്യുകയുണ്ടായി. ‘മുഹമ്മദ് റാഫി പാടിയതിനെക്കുറിച്ചൊന്നും അക്കാലത്തെനിക്കറിയില്ലായിരുന്നു’ എന്ന നിഷ്‌ക്കളങ്കമായ മറുപടിയിൽ ആ ഫോൺ സംഭാഷണം ഒതുങ്ങി.
ഒരാഴ്ച്ചയ്ക്ക് മുൻപ് ഞാൻ ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി കലൂർ ആസാദ് റോഡിൽ വച്ച് ഉണ്ണിമേരിയെ കാണുകയുണ്ടായി. ചൊവ്വാഴ്ച്ച കലൂർ സെന്റ്.ആൻറണിയുടെ ദേവാലയത്തിലെ നൊവേന കഴിഞ്ഞ് അവർ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അത്.ഒരു ധ്യാനത്തിലെന്നവണ്ണം ആരേയും ഗൗനിക്കാതെ അവർ നടന്നു നീങ്ങുന്നത് കണ്ണിൽ നിന്ന് മറയുവോളം അത്ഭുതത്തോടെയും ആദരവോടെയും ഞാൻ നോക്കി നിന്നു – മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അത്ര തന്നെ കഥാപാത്രങ്ങളായി പകർന്നാടിയ ഉണ്ണിമേരി എന്ന അഭിനേത്രിയ്ക്ക് എങ്ങിനെ ഇത്രയും നിസംഗതയോടെ നടന്നു പോകാൻ കഴിയുന്നു എന്നെനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അഭിനയം നിർത്തിയതിന് ശേഷം ഒരു അഭിമുഖം പോലും അവരുടേതായി എങ്ങും കണ്ടതായി ഓർക്കുന്നില്ല. അവർ എന്നും സന്തോഷവതിയായിരിക്കട്ടെ 🙏
*