മയൂഖ ജോണി ബലാൽസംഗ പരാതി കൊടുത്ത കഥയുടെ പിന്നാമ്പുറങ്ങൾ ഞെട്ടിയ്ക്കുന്നതാണ്

0
435

മയൂഖ ജോണി ബലാൽസംഗ പരാതി കൊടുത്ത കഥയുടെ പിന്നാമ്പുറങ്ങൾ ഞെട്ടിയ്ക്കുന്നതാണ്. ഈ 21 ആം നൂറ്റാണ്ടിലും പ്രബുദ്ധ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്നു നിങ്ങൾ അതിശയിച്ചേക്കും.

Shiju Aachaandy എഴുതിയത്:

ഒമ്പതു വയസ്സുള്ള ഒരു കുട്ടി മുരിയാട് കൂടാരത്തിലുണ്ട്. ദൈവമാതാവാണ് എന്നാണു പറയുന്നത്. സാധാരണ വിശ്വാസികൾക്കൊന്നും ആ കുട്ടിയെ കാണാൻ അനുവാദമില്ല. പൊതുസദസ്സുകളിൽ കൊണ്ടുവരാറില്ല. വൻതുകകൾ സംഭാവനകൾ നൽകുന്നവർക്കു മാത്രം കാണാം. സ്കൂളിൽ വിടുന്നില്ല. സ്ഥാപകനായ സാർ ആദത്തിന്റെയും ഇണയായ സ്ത്രീ ഹവ്വയുടെയും പുനരവതാരങ്ങളാണെന്നും ഇവരിൽ നിന്ന് അവസാന മനുഷ്യനായ ദാവീദ് ജനിക്കുമെന്നും ആയിരുന്നു പ്രചാരണം. തുടർന്ന് ലോകാവസാന നടപടിക്രമങ്ങൾ ആരംഭിക്കും. ജനിച്ചപ്പോൾ പെൺകുഞ്ഞായി. അതോടെ ചെറിയ മാറ്റം വരുത്തി, ജനിച്ചത് ദൈവമാതാവാണ് എന്നാക്കി. ദാവീദ് പിന്നാലെ വന്നോളുമെന്നായി. അതിനു ശേഷം, സാറു സ്ട്രോക്ക് വന്നു മരിച്ചതോടെയാണ് കാര്യങ്ങൾ കുഴമറിഞ്ഞത്.

ഈ കുട്ടിയുടെ അമ്മയായ സ്ത്രീയാണ് പിന്നെ കാര്യങ്ങൾ ഏറ്റെടുത്തത്. അവർ നിയമപരമായി സാറിന്റെ ഭാര്യയല്ല. പുള്ളിയുടെ നിയമപരമായ കുടുംബം ഇവിടെ ചേർന്നിട്ടില്ല. ഇതൊരു ട്രസ്റ്റായിരുന്നു. ട്രസ്റ്റിന്റെ ചെയർമാനും ട്രസ്റ്റിമാരും ഉൾപ്പെടെയുള്ളവരെ ഈ സ്ത്രീയുടെ നേതൃത്വത്തിൽ പുറത്താക്കി. അവർ പുറത്തു പോകാനും തയ്യാറായിരുന്നു. കാരണം സാറിന്റെ മരണത്തോടെ അവരുടെ വിശ്വാസം തകർന്നിരുന്നു. ട്രസ്റ്റിന്റെ അധികാരമുണ്ടായിരുന്നതുകൊണ്ട് അവർക്കു വില പേശാനും തങ്ങളുടെ സ്വത്തുക്കൾ കുറെയൊക്കെ വീണ്ടെടുക്കാനും പറ്റി.

ഏകദേശം പതിനയ്യായിരത്തോളം ആളുകളാണ് ഇതിലുള്ളത്. എണ്ണൂറോളം കുടുംബങ്ങൾ ഇവിടെ വന്ന് താമസിക്കുന്നു. ബാക്കിയുള്ളവർ അവരവരുടെ വീടുകളിൽ. പക്ഷേ അവരുടെയും ആത്യന്തികാഭിലാഷം ഈ ആസ്ഥാനമന്ദിരത്തിനരികിൽ വന്നു താമസിക്കുക എന്നതാണ്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും കഴിയുന്നത്ര എല്ലാ വിശ്വാസികളും ഇവിടെയെത്തണമെന്നുമുണ്ട്.

ഈ സെക്ടിൽ ചേർന്നതിനെ തുടർന്ന്, ഇവിടേക്കു താമസം മാറ്റാനായി ഒരു കോടി രൂപയ്ക്ക് സ്ഥലവും വീടും വിറ്റു എന്നു കരുതുക. 25 ലക്ഷത്തിന് മുരിയാട് വീടോ ഫ്ലാറ്റോ വാങ്ങുന്നു. ബാക്കി പണം സഭയിൽ കൊടുക്കുന്നു. ഇതിനു രേഖയൊന്നുമില്ല. സമ്പത്ത് കാഴ്ചയായി നൽകുകയാണ്. സ്വർണവും ഇങ്ങനെ കാഴ്ച വയ്ക്കുന്നു. ഒരു പള്ളിയിൽ നിന്ന് അംഗത്വം ഉപേക്ഷിച്ചു പോകുന്ന ഒരാൾ അവിടെ നേർച്ചയിട്ട കാശ് തിരിച്ചു ചോദിച്ചാൽ കിട്ടുമോ? അതിൽ പോലീസിനെന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതു തന്നെയാണ് ഇവിടെയും ഇതു വിട്ടുപോകുന്നവർ നേരിടുന്ന പ്രശ്നം. നേർച്ചയിട്ടിരിക്കുന്നത് കോടികളാണ്, പവനുകളാണ് എന്നു മാത്രം.

കോടിക്കണക്കിനു രൂപയും കിലോ കണക്കിനു സ്വർണവും ഇവിടെ കുന്നുകൂടിയിട്ടുണ്ട്. ഇങ്ങോട്ടു താമസിക്കാൻ വരാത്തവരും അവരുടെ വരുമാനത്തിന്റെയും സ്വത്തിന്റെയും നല്ലൊരു ഭാഗം ഇവിടെ കൊടുക്കുന്നുണ്ട്. ഈ വിഭാഗത്തിലെ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. പക്ഷേ പഠനകാര്യങ്ങളിൽ താത്പര്യമില്ല. ലോകം അവസാനിച്ചേക്കും എന്നതുകൊണ്ട് പഠിക്കേണ്ട കാര്യമില്ല. പോരാത്തതിന് ദിവസം എട്ടു മണിക്കൂർ പ്രാർത്ഥനയുണ്ട്. അതു നിരീക്ഷിക്കാൻ ആനിമേറ്റർമാരുമുണ്ട്. സ്കൂളിൽ വിടുന്നത് സർക്കാരിന്റെയോ മറ്റോ ഇടപെടൽ ഒഴിവാക്കാനുള്ള തന്ത്രമാകാം.

പൊതൂവെ മുതിർന്നവരുടെയും സമീപനം ഇതാണ്. കാര്യമായ ജോലിയോ സമ്പാദ്യമോ ലക്ഷ്യം വയ്ക്കുന്നില്ല. ജീവിച്ചു പോകണം എന്നേയുള്ളൂ. എന്നാൽ, പൊതുസമൂഹത്തിൽ ഇവരിതു സമ്മതിക്കില്ല. ജോലിയും ബിസിനസും ഒക്കെ ചെയ്യുന്നതായി അഭിനയിക്കുന്നു എന്നു വേണമെങ്കിൽ പറയാം. സഭാംഗങ്ങളായ ചെറുപ്പക്കാർ വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാകാതിരിക്കാൻ നോക്കുന്നു. അവസാന മനുഷ്യൻ എപ്പോൾ വേണമെങ്കിലും ജനിക്കാമല്ലോ. അതിനു ശേഷം ജനിക്കുന്നവരൊന്നും മനുഷ്യരല്ല, പിശാചിന്റെ സന്തതികളാണ്. പിശാചിന്റെ സന്തതികൾ തങ്ങൾക്കുണ്ടാകാതിരിക്കാനാണ് യുവദമ്പതിമാരുടെ ശ്രമം. അബോർഷനുകളും ഇക്കാരണത്താൽ നടക്കുന്നുണ്ട്.

സാർ മരിച്ചപ്പോൾ അത് അംഗീകരിക്കാനാകാതെ മൂന്നു ദിവസം മോർച്ചറിയിൽ വച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പുള്ളി ഉയിർത്തെഴുന്നേറ്റു എന്നാണു പ്രചാരണം. കോവിഡ് വന്നപ്പോൾ നന്ദി പറഞ്ഞുകൊണ്ടുള്ള പ്രാർത്ഥനകളായിരുന്നു കൂടാരത്തിൽ. പുറത്തുള്ള പിശാചിന്റെ സന്തതികളെ ദൈവം ശിക്ഷിക്കുന്നു എന്നായിരുന്നു പറച്ചിൽ. എന്നാൽ കൂടാരത്തിനകത്തും കോവിഡ് വന്നു. മതിയായ ചികിത്സ നൽകാതെ ഒരു സ്ത്രീ മരിച്ചെന്നും ആ കുടുംബം കാര്യം ബോദ്ധ്യപ്പെട്ട് പുറത്തു വരികയാണെന്നും കേട്ടു.

കൂടാരത്തിൽ നടത്തുന്ന പ്രസംഗങ്ങളുടെ വിഷയങ്ങളോ മറ്റു വിശേഷങ്ങളോ ഇവർ പുറത്തു പറയില്ല. എല്ലാം ദൈവികരഹസ്യങ്ങളാണെന്നും മുത്തുകൾ പന്നികൾക്കു വിതറരുതെന്നുമാണ് പ്രമാണം. അതിനാൽ പുറത്തു പറയാവുന്ന കാര്യങ്ങൾ, പറയാവുന്ന ഭാഷയിൽ മാത്രം പുറത്തു പറയുന്നു. തങ്ങളിൽ പെടാത്തവരെല്ലാം പിശാചിന്റെ ഭാഗമാണെന്ന ഉറച്ച അഭിപ്രായം ഉള്ളവരാണ്. ഇതാണു കുടുംബങ്ങൾ കലങ്ങാൻ ഒരു പ്രധാന കാരണം. സൈബർ വിംഗ് ഉണ്ട്. പി ആർ വീഡിയോകൾ ഇറക്കുന്നുണ്ട്. ഇവർക്കെതിരെ പോസ്റ്റുകളിട്ടാൽ കൂട്ട റിപ്പോർട്ടിംഗ് നടത്തി പൂട്ടിക്കുന്ന പരിപാടിയുണ്ടെന്നു മുന്നറിയിപ്പു കിട്ടിയിട്ടുണ്ട്. നോക്കാം.

പി എസ് –
ഈ സ്ഥലം കേരളത്തിലാണ്, ഇതു നടക്കുന്നത് ഇപ്പോൾ (2021 ജൂലൈ) ആണ്, ഇതു കഥയല്ല.