Shiju aachandy

സ്കെച്ച് ആർടിസ്റ്റ് : ഹാൻഡ്സ് ദാറ്റ് സീ എന്ന സിനിമ കണ്ടു. ബലാത്സംഗത്തിനിരയാകുന്ന യുവതി പ്രതിയുടെ മുഖം ചിത്രകാരനു വിവരിച്ചു കൊടുക്കുന്നു. അതനുസരിച്ചു വരച്ച ചിത്രം നോക്കി പോലീസ് ആളെ പിടികൂടുന്നു. യുവതി പക്ഷേ അന്ധയാണ്! പിടികൂടിയ ആളെ മറ്റുള്ളവർക്കൊപ്പം ചേർത്ത് യുവതിക്കു മുമ്പിൽ പോലീസ് തിരിച്ചറിയൽ പരേഡു നടത്തുന്നു. തന്റെ കൈകൾ മുഖങ്ങളിൽ പരതി യുവതി, ഓരോരുത്തരേയും കാണുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിയുന്നു. അതോടെ അയാൾ തന്നെയാണു പ്രതിയെന്ന് പോലീസിനും ചിത്രകാരനും പ്രോസിക്യൂട്ടർക്കുമെല്ലാം തികച്ചും ബോധ്യപ്പെടുന്നു. അയാളെ ശിക്ഷിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.

കേസ് കോടതിമുറിയിലെത്തി. കൈയുറയും കോണ്ടവുമെല്ലാം ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് മറ്റു തെളിവുകൾ ഒന്നും കേസിൽ അവശേഷിക്കുന്നില്ല. കോണ്ടത്തിലെ കെമിക്കലും മറ്റും പ്രതിഭാഗം അഭിഭാഷകന്റെ മിടുക്കിനു മുമ്പിൽ ആവിയായി. ഏകദൃക്സാക്ഷിയും ഇരയുമായ യുവതിയെ വിചാരണക്കെത്തിക്കാൻ പ്രോസിക്യൂഷൻ നിർബന്ധിതമാകുന്നു. കണ്ണില്ലാത്ത സാക്ഷി! അവരുടെ വിവരണം എങ്ങനെ ശരിയാകും? അതുപയോഗിച്ച് എന്തു ചിത്രം വരക്കും? വരച്ചാൽ വല്ല സാമ്യവും ഉണ്ടാകുമോ? ഈ നിർണായകപ്രശ്നം പ്രതിഭാഗം വക്കീൽ ഉന്നയിക്കുന്നു.

അതു തെളിയിക്കാൻ പ്രോസിക്യൂഷൻ യുവതിയെയും ചിത്രകാരനെയും ആശ്രയിക്കുന്നു. കോടതിമുറിയിലെ ഡെമോ എന്ന അത്യന്തം നാടകീയമായ രംഗം അരങ്ങേറുന്നു. തെരുവിൽ നിന്നു കോടതിമുറിയിലേക്കു വിളിച്ചുകൊണ്ടുവരുന്ന ഒരു മനുഷ്യനെ ആ യുവതി ‘കൈകൾ കൊണ്ടു കാണുകയും’ ചിത്രകാരനു വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. മുപ്പതു സെക്കന്റിനുള്ളിൽ വേണമിത്. കേട്ടതനുസരിച്ചു ചിത്രകാരൻ വരക്കുന്നു. ശരിക്കും ആ മനുഷ്യനെ നോക്കി വരച്ചതുപോലുള്ള ഒരു ചിത്രം. കോടതിക്കും മറ്റെല്ലാവർക്കും സത്യം ബോധ്യപ്പെടുന്നു.

സാധാരണഗതിയിൽ, ഇത്തരം കേസുകളിൽ പ്രതിയെ പോലീസിനുറപ്പുണ്ടെങ്കിൽ, മറ്റു തെളിവുകളൊന്നും കിട്ടാനില്ലെങ്കിൽ, മുടിയോ മറ്റോ ക്രൈം സീനിൽ കൊണ്ടുപോയി ഇട്ടിട്ട്, അതെടുപ്പിച്ച്, ഡി എൻ എ ടെസ്റ്റു നടത്തി തെളിവുണ്ടാക്കി പ്രതിയെ കോടതിയിൽ പൂട്ടും എന്നാണു കേട്ടിട്ടുള്ളത്. സിനിമയായതുകൊണ്ട് പോലീസിന് അതൊന്നും ചെയ്യാൻ പറ്റില്ല, കഥാപാത്രങ്ങൾക്ക് എന്ത് അത്ഭുതം വേണമെങ്കിലും ചെയ്യുകയുമാകാം. കഥ എപ്പോഴും കഥ തന്നെ, ചോദ്യങ്ങൾ പാടില്ല.

ഭയാനകമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ പ്രതിയെ ഓർമ്മവച്ചു വിവരിച്ചുകൊടുത്ത യുവതിയും അത് ആവിഷ്കരിച്ച ചിത്രകാരനുമാണ് ഈ സിനിമയിലെ നായകസ്ഥാനത്തു വരുന്നത്. വനിതാപ്രോസിക്യൂട്ടറും പിന്തുണയുമായി കൂടെയുള്ള യുവതിയുടെ ഭർത്താവും പ്രതിഭാഗം അഭിഭാഷകനുമെല്ലാം നല്ല കഥാപാത്രസൃഷ്ടികളാണ്.ഈ പോരാട്ടത്തിൽ തനിക്കൊപ്പം നിന്നു വിജയിപ്പിച്ച ചിത്രകാരനെ തന്റെ കൈകൾ കൊണ്ടു കണ്ട്, ആ മുഖം ഹൃദയത്തിൽ പതിപ്പിച്ച്, നന്ദി പറഞ്ഞ്, തന്റെ പങ്കാളിക്കൊപ്പം പുതിയൊരു ജീവിതത്തിലേക്ക് നടന്നു പോകുകയാണ് ഒടുവിൽ ആ യുവതി.

You May Also Like

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ “നല്ല നിലാവുള്ള രാത്രി” ഒഫീഷ്യൽ ടീസർ

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി…

ഗ്ലാമർ പ്രദർശനം, ചിരി, നൃത്തം -വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ ട്രെയ്‌ലർ

ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം…

പാൽതൂ ജാൻവറിൽ സ്റ്റെഫി എന്ന കഥാപാത്രം എന്ത്‌ ഭംഗിയായായാണ് മനുഷ്യരോട് ഇടപഴകുന്നത്

Tinku Johnson സഹായകരമാകുമെങ്കിൽ മനുഷ്യരോട് നമ്മൾ പേഷ്യന്സ് കാട്ടേണ്ടതുണ്ട്.പലപ്പോഴും മനുഷ്യർക്ക്‌ മനുഷ്യരെ ആവശ്യമുണ്ടെന്നത് തന്നെയാണ് കാര്യം!ചിലപ്പോഴൊക്കെ…

ഫാൻസിനു പോലും പ്രതീക്ഷ ഇല്ലാതെ നിന്നൊരു സിനിമ.. പ്രൊമോഷന്റെ പിൻബലത്തിൽ ആദ്യ ദിവസം തന്നെ സിനിമ കാണണം എന്നൊരു തോന്നൽ പലർക്കും നൽകി കഴിഞ്ഞിട്ടുണ്ട്

രാഗീത് ആർ ബാലൻ ഒറ്റൊരാഴ്ച കൊണ്ട് നേര് സിനിമയുടെ അണിയറ പ്രവർത്തകർ നൽകുന്ന നൽകികൊണ്ടിരിക്കുന്ന പ്രൊമോഷൻ…