കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

താടി ചരിതം

Shiju Devassy

ആൺകുട്ടിയിൽ നിന്നും പുരുഷനിലേക്ക് ശരീരം പാകപ്പെടുന്ന കാലം. സ്വരം താഴ്ത്തി പറഞ്ഞാലും മറ്റുള്ളവർക്ക് കേൾക്കുമ്പോൾ അരോചകമാകുന്ന ശബ്ദമായി എന്നിലെ കൗമാരക്കാരനെ പ്രകൃതി മാറ്റിയെടുത്തപ്പോൾ സ്വകാര്യം പറയേണ്ടുന്ന ഘട്ടങ്ങളിൽ മാത്രം ഞാൻ ആ ശബ്ദത്തെ വെറുത്തു. മറ്റുള്ള സമയമെല്ലാം പൗരുഷത്തിന്റെ നല്ല അടയാളമായി ഞാൻ എന്റെ ശബ്ദത്തെ അവസരത്തിലും അനവസരത്തിലും ആഘോഷിച്ചു.എണ്ണമയമാർന്ന കവിളിൽ എണ്ണം പറഞ്ഞ മുഖക്കുരുക്കൾ പ്രത്യക്ഷപ്പെട്ടപ്പോൾ, ശരീരത്തിനൊപ്പം മനസിലും മോഹങ്ങൾ പൊട്ടി മുളയ്ക്കാൻ തുടങ്ങി. പല്ലുന്തിയത് മറച്ചു വെയ്ക്കാൻ പരാജയപ്പെട്ട മേൽച്ചുണ്ടിന് മീതെ പൊടിമീശ പൊട്ടി മുളയ്ക്കാൻ തുടങ്ങിയപ്പോൾ ആ രോമ വളർച്ചയ്ക്ക് വേഗതയുണ്ടാകാതിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു.

പക്ഷേ,എ. ആർ. റഹ്‌മാന്റെ സംഗീതവും ഊർമിള മണ്ഡോൽക്കറിന്റെ നൃത്തവും ചേർന്ന് അത്ഭുതം തീർത്ത ” രംഗീലയിൽ “കട്ടിയുള്ള മീശയും കട്ടിയുള്ള ശബ്ദവും ഉണ്ടായിട്ടും ജാക്കി ഷ്‌റോഫിനെ പ്രേമിക്കാതെ ആ സിനിമയിലെ നായിക ആമീർ ഖാനെ പ്രണയിച്ചപ്പോൾ, താടി രോമങ്ങൾ വളരാതെ വളർച്ചയുടെ ആദ്യത്തെ മൂന്നാം നാളിലെ പച്ച നിറത്തിൽ തന്നെ നിശ്ചലമായെങ്കിൽ എന്നാശിച്ചു. കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു.

ആ സിനിമ കണ്ടിറങ്ങിയ കട്ടി താടിയുള്ളവർ കുറേ നാൾ കറുത്ത താടിയെ, പുൽച്ചെടി വെട്ടിയൊതുക്കുന്നത് പോലെ വളർച്ചയെ പിറകോട്ട് വലിച്ച് കാലത്തിന്റെ മാറ്റത്തിനോടൊപ്പം നടന്നു. വിറയ്ക്കുന്ന കൈ വിരലുകളിൽ ഇളകിയാടിയ കത്രികയുമായി ഞാനെന്റെ താടി രോമങ്ങളുടെ വളർച്ചകളെ പരാജിതമാക്കി..അഞ്ചു വർഷം കഴിഞ്ഞപ്പോൾ പിന്നെ മറ്റൊരു ഹിന്ദി സിനിമ വന്നു.ഇന്ത്യാ -പാക്കിസ്ഥാൻ അതിർത്തിയിലെ കഥ പറഞ്ഞ പ്രണയ സിനിമ,അഭിഷേക് ബച്ചന്റേയും -കരീന കപൂറിന്റെയും നായക -നായികമാരായിട്ടുള്ള അരങ്ങേറ്റ സിനിമയായിരുന്നു.

തൊട്ടാൽ ചോര തെറിക്കുമെന്ന് തോന്നിപ്പിച്ച നിഷ്കളങ്ക മുഖം കണ്ടാൽ നായകനേക്കാൾ വേഗത്തിൽ കാണികൾക്ക് പ്രേമം തോന്നുന്നതായിരുന്നു നായികയുടെ മുഖ ഭാവം.മീശയും താടി രോമങ്ങളും കൂടാതെ നെഞ്ചിലെ രോമമടക്കം വടിച്ചു കൊണ്ട് മസ്സിൽ വീർപ്പിച്ചു മാത്രം പൗരുഷം കാട്ടി നടന്ന ബോളിവുഡ് നായക നിരയിലേക്ക് വെട്ടിയൊതുക്കിയ കുഞ്ഞൻ താടിയുമായി സാക്ഷാൽ അമിതാഭ് ബച്ചന്റെ മകൻ കടന്നു വന്നപ്പോൾ എന്നിലെ താടി പ്രേമിയും പഴയ താടി സങ്കല്പം വെടിഞ്ഞു.

അച്ഛന്റെ ശബ്ദം കിട്ടിയ മകന് അഭിനയത്തിലെ അച്ഛന്റെ കഴിവ് കിട്ടിയോയെന്നൊന്നും നോക്കാതെ ആ പുതു നായകനെ ഞാനും ഇഷ്ടപ്പെട്ടു.കരീന കപൂറിന് പ്രേമം തോന്നിയ നായകനോട് എന്നിലെ താടി പ്രേമിക്കും ആരാധന മൂത്തു.കുറേ നാൾ അത്‌ പോലെ താടി വെച്ച് നടന്നവൻ ഭ്രാന്ത് മൂത്ത് ഒരു അവധി ദിവസം “റെഫ്യൂജി “യിലെ നായക വേഷം കെട്ടിയാടി നിർവൃതി പൂണ്ടു.കാലം അവിടെ നിന്നും രണ്ട് പതിറ്റാണ്ടുകൾ മുന്നോട്ട് പോയി. ജോലിയുടെ ഭാഗമായി പിന്നെ കുറെ വർഷം മുഖം നിത്യേന പൂർണമായും “വൃത്തിയാക്കി “നടന്നു..പുറത്ത് ഇറങ്ങാൻ കഴിയാത്ത അടച്ചിരിപ്പ് കാലത്ത് ഇന്നിപ്പോൾ, പഴയ കടം വീട്ടാനെന്ന പോലെ താടി മുഖത്ത് കൂട് കൂട്ടുന്നു.പുറത്തിറങ്ങാനാകാത്ത കാലമായതിനാൽ ഞാനും ആ വളർച്ച ആസ്വദിച്ചു. കറുപ്പ് നിറങ്ങളിൽ കൂട് കൂട്ടപ്പെട്ട ആ മുഖത്തിൽ അങ്ങിങ്ങായി മാറാല പോലെ വെള്ളി വർണ്ണങ്ങൾ പ്രത്യക്ഷപ്പെട്ടത് കാണുമ്പോൾ സ്വയം ആശ്വസിക്കാൻ ഞാൻ എന്നോട് തന്നെ പല ആവർത്തി അത്‌ ഭാഗ്യ നരയെന്ന് കള്ളം പറയും…. അപ്പോഴെല്ലാം മാറാല പിടിക്കാത്ത ഓർമ്മകളുടെ സജീവതകളിൽ നിന്നും എന്നിലെ പഴയ കൗമാരക്കാരന്റെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ ഉയരും ..

പിന്നിട്ട കാലങ്ങളിൽ പച്ചയും കറുത്തതുമായ താടിയും ഏറ്റവും ഒടുവിൽ വെള്ള നിറത്തിലെ നീണ്ട താടിയടക്കം പലവിധത്തിലുള്ള താടിയുടെ അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ, മോഹക്കുരുക്കൾക്ക് സുരക്ഷയൊരുക്കി കാവലാളായി നിൽക്കുന്ന പച്ച നിറത്തിലെ ദൃഡ്ഢമാർന്ന കുറ്റി താടിയും,അതിനേക്കാൾ നേർത്തു വലുതായ ആ കറുത്ത കുഞ്ഞൻ താടിയും പോലെ മറ്റൊന്നും അവനെ ഇത്രയും മോഹിപ്പിച്ചിട്ടില്ല. അതിന് കാരണം ആ നടന്മാരോടുള്ള ആരാധനയാണോ, അതോ നടിമാരോടുള്ള ആരാധനയാണോ എന്നതിന് ഇന്നും അവന് ഉത്തരം കിട്ടിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.