ഡൽഹിയുടെ തെരുവിൽ ഈ നിമിഷവും പൊരുതിക്കൊണ്ടിരിക്കുന്നത് വെറും വിദ്യാർത്ഥികളല്ല, ആത്മാഭിമാനികളുടെ ഇന്ത്യയാണ്

1179

ഷിജു ദിവ്യ

പേടിപ്പെടുത്തുന്ന മണിക്കൂറുകളിലൂടെയാണ് കടന്ന് പോയത്. പോലീസ് ഇറങ്ങി തുടങ്ങിട്ടുണ്ട്. ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്. പഴ്സണലി സേഫ് ആണ്. എപ്പോഴാണ് ഇന്റർനെറ്റ് ബ്ലോക്കാവുക എന്ന് പറയാനാവില്ല.

ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും സുഹൃത്തുമായ ഫാഹിം ബറാമിയുടെ വാട്സ് ആപ്പ് മെസ്സേജ് വന്നു. ഒരേ സമയം ആശ്വാസവും ആശങ്കയും നിറഞ്ഞു. ജാമിയയിൽ തുടങ്ങിയത് അലിഗറിലും JNUവിലും തുടരുകയും പടരുകയും ചെയ്യുന്നുവെന്നാണ് വാർത്തകൾ. ലൈബ്രറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലീസ് തല്ലിത്തകർത്തു കഴിഞ്ഞത്രേ. പെൺകുട്ടികളുടെയടക്കം തല തല്ലിപ്പൊളിച്ച ചിത്രങ്ങൾ വന്നു നിറയുന്നത് കണ്ടു നിൽക്കാനാവുന്നില്ല.

JNU വിൽ കോണ്ടം വെന്റിംഗ് മെഷീൻ മാത്രം കാണുന്ന സവർണ്ണ മദ്ധ്യവർഗ്ഗ പൊതുബോധത്തിന് ഭാവി അൽഖ്വയിദകളെ അടവച്ചിരിക്കുന്ന ഇൻക്യുബേറ്ററാണ് ജാമിയയും അലിഗറും. സത്യാനന്തര കാലത്തെ മാദ്ധ്യമങ്ങൾ അക്രമാസക്തരായ വിദ്യാർത്ഥികളാണ് കലാപത്തിനുത്തരവാദികൾ എന്ന് വിധിയെഴുതും. മുസ്ലീം വിരുദ്ധതയും ഇടതു വിരുദ്ധതയും കൊണ്ട് മാത്രമല്ല , അസാമാന്യ സമരോത്സുക യൗവ്വനത്തെ പെറ്റു പോറ്റുന്ന കുറ്റത്താൽ സംഘി / സവർണ്ണ പൊതുബോധത്തിന്റെ കണ്ണിലെ കരടാണ് ഈ സർവ്വകലാശാലകൾ. അവരതിന്റെ ആണിക്കല്ലു പറിച്ചെടുക്കുമെന്ന് പല്ലുറുമ്മുന്നുണ്ടാവും.

സംവരണമെന്ന ഭരണഘടനാദത്ത നീതിക്കെതിരെ സമരം ചെയ്ത സവർണ്ണ മെഡിക്കോകൾക്കും അവശ്യ യോഗ്യതകളുണ്ടായിട്ടും മുസ്ലീമായതുകൊണ്ട് മാത്രം സംസ്കൃതാദ്ധ്യാപകനെ പുറത്താക്കാൻ സമരം ചെയ്ത ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കും നേരെ ഒരു പക്ഷിത്തൂവൽ പോലും വീഴില്ല. കാരണം അവർ ഭരണകൂടത്തിന്റെ ഓമനകളാണ് . ഡെൽഹിയുടെ തെരുവിൽ ഈ നിമിഷവും പൊരുതിക്കൊണ്ടിരിക്കുന്നത് വെറും വിദ്യാർത്ഥികളല്ല. ആത്മാഭിമാനികളുടെ ഇന്ത്യയാണ്.