കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതല പോലീസിനെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിന്റെ ഗുണഫലം വ്യക്തമാകുന്നത്

0
83

Shiju

എറണാകുളം ജില്ലയിൽ ഏറെ ആശങ്ക സൃഷ്ടിച്ച ക്ലസ്റ്ററുകളിൽ ഒന്നായ ചെല്ലാനത്തിന്റെ അതിർത്തി പ്രദേശമായ അന്ധകാരനഴി ബീച്ച് ആണ് രംഗം. ജില്ലാതല അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അതി രാവിലെ പട്രോളിംഗിന് എത്തിയ പട്ടണക്കാട് സ്റ്റേഷനിലെ പോലീസുകാർ കണ്ടത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ട് അന്ധകാരനഴി ബീച്ചിൽ മൽസ്യലേലം നടത്തുന്നതായിരുന്നു.

പോലീസിനെ കണ്ടതും ബീച്ചിൽ നിന്നുകൊണ്ട് ലേലത്തിൽ പങ്കെടുത്തവർ നാലുപാടും ചിതറിയോടി. നിയമം ലംഘിച്ച് സംഘം ചേര്‍ന്നാൽ രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടുന്ന തരത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിക്കുക കൂടി ചെയ്തതോടെ പിന്നീട് മൽസ്യലേലം നടത്താൻ ആരും ഇതേവരെ ധൈര്യപ്പെട്ടിട്ടില്ല. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതല പോലീസിനെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിന്റെ ഗുണഫലം വ്യക്തമാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ച്‌ ഗുരുതര സാഹചര്യം നിലനിൽക്കുന്ന ചേർത്തലയിലെ പട്ടണക്കാട് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശത്താണ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന വിധത്തിൽ മൽസ്യലേല നടപടികളുമായി ചിലർ മുന്നോട്ട് പോയത്! ഹാർബറുകളിലും, ലാൻഡിംഗ് സെന്ററുകളിലും, കടപ്പുറത്തും മല്‍സ്യലേലം ആരംഭിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നു. പോലീസ് അല്ലാതെ ആരോഗ്യ പ്രവർത്തകരോ ഹെൽത്ത് ഇൻസ്‌പെക്ടർമാരോ ആണ് മല്‍സ്യലേലം തടയുന്നതിന് വേണ്ടി ശ്രമിച്ചിരുന്നതെങ്കിൽ അത് പ്രാവർത്തികമാകുമായിരുന്നില്ല.

കാര്യം പൊലീസിന് പണി കുറച്ചു കൂടുമെങ്കിലും കോവിഡ് പ്രതിരോധത്തിൽ പോലീസിന്റെ ഇടപെടൽ ഉണ്ടാവുന്നതോടെ കൊറോണയെ താമസംവിനാ കീഴ്പ്പെടുത്താനാകും. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാൽ സൗമ്യമായ പെരുമാറ്റമായിരിക്കില്ല പോലീസിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുകയെന്ന് സ്പഷ്ടമാണ്. ആ ഭയം ഉപയോഗിച്ച് തന്നെ സാമൂഹിക ആരോഗ്യത്തിന് ഹിതകരമല്ലാത്ത അരുതാത്ത പ്രവണതകളെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവും.

സമ്പർക്ക ലിസ്റ്റ് തയ്യാറാക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണെങ്കിൽ കോവിഡ് ബാധിതനായ വ്യക്തി തന്റെ യാത്രാ വിവരങ്ങൾ കൈമാറാൻ മടിക്കില്ല. ഇനി ആ വ്യക്തിയുടെ വിവരണങ്ങളിൽ കൃത്യതയില്ലെങ്കിൽ 5 മിനിറ്റ് കൊണ്ട് അയാളുടെ ടവർ ലൊക്കേഷൻ എടുക്കാൻ പൊലീസിന് പറ്റും. അതോടെ കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൊളിയും. ആരോഗ്യ പ്രവർത്തകരെ കുറച്ചു കാണുകയല്ല, എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ അവർ അഭിമുഖീകരിച്ചിട്ടില്ലാത്തത് ചില സന്ദർഭത്തിലെങ്കിലും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

24 മണിക്കൂറിനുള്ളിൽ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കണമെന്ന് പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടാൽ 24 മിനിറ്റ് കൊണ്ട് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അത്‌ തയാറാക്കിയിരിക്കും. പോലീസ് വകുപ്പിലെ പ്രവർത്തന ശൈലി അതാണ്‌. മാത്രമല്ല, ഓരോ ദിവസവും പോലീസ് ചാർജ്ജ് ചെയ്യുന്ന കേസുകളുടെ എണ്ണമെടുത്താൽ സംസ്ഥാനത്ത് വലിയ തോതിൽ പ്രോട്ടോക്കോൾ ലംഘനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തളർന്നു തുടങ്ങി.. ഇനിയും താമസിച്ചാൽ ഒന്നും ഫലപ്രദമായി ചെയ്യാനാവാത്ത അവസ്ഥ വരും.. സംസ്ഥാനത്ത് ‘പോലീസ് രാജ്’ എന്നൊക്കെയുള്ള പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്, ദുരൂഹപരമാണ്. കോവിഡ് പ്രതിരോധത്തിന്റെ ചുമതല പോലീസിനെ ഏൽപ്പിക്കാനുള്ള സുചിന്തിത തീരുമാനവുമായി മുഖ്യമന്ത്രി മുന്നോട്ട് തന്നെ പോകണം.
ഒരുമിക്കാം നാടിനായി.. 💕💕💕💪