മാധ്യമങ്ങൾ ബലിയാടുകളാക്കിയ രണ്ടുപേർ

65

Shiju

മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതയെ പ്രതിക്കൂട്ടിലാക്കിയ ISRO ചാരക്കേസില്‍, ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട മാധ്യമമാണ് മലയാള മനോരമ. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ വലിച്ചു താഴെയിടാൻ എ.കെ.ആന്റണി നയിച്ച “എ” ഗ്രൂപ്പിന് വേണ്ടി മനോരമ തിരക്കഥയും സംവിധാനവുമൊക്കെ നിര്‍വഹിച്ച ഒരു ക്രൈം ത്രില്ലറായിരുന്നു ചാരക്കേസ്. കോണ്‍ഗ്രസ് ഗ്രൂപ്പ് വ‍ഴക്കിന്‍റെയും അധികാര തര്‍ക്കത്തിന്‍റെയും ഭാഗമായി ഉടലെടുത്ത ചാരക്കേസിൽ ഉൾപ്പെട്ട് നമ്പി നാരായണനെ പോലുള്ള നിരപരാധികൾ ജയിലിലറകൾക്കുള്ളിൽ തള്ളപ്പെട്ടപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായത് ക്രയോജനിക് എഞ്ചിൻ പോലും തദ്ദേശീയമായി നിർമ്മിക്കാൻ പ്രാപ്തരായ ബഹിരാകാശ ശാസ്ത്രജ്ഞരെയായിരുന്നു.

പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ഭേദ്യം ചെയ്ത്‌ ജയിലിലടച്ച നമ്പി നാരായണനെ തീർത്തും നിരപരാധിയാണെന്ന് കണ്ട് സുപ്രീം കോടതി പിൽക്കാലത്ത് കുറ്റവിമുക്തനാക്കുകയുണ്ടായി. എന്നിട്ടും അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മുദ്ര കുത്തിയ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിന്റെ പേരിൽ ഒരു ഖേദം പോലും പ്രകടിപ്പിച്ചു കണ്ടില്ല! എന്നാൽ നമ്പി നാരായണനെന്ന പാവം മനുഷ്യനുൾപ്പെടെ നിരപരാധികളായ ആറുപേർ അനുഭവിച്ചു തീർത്ത കൊടിയ പീഡനങ്ങളും യാതനകളും അവഹേളനങ്ങളും സമൂഹത്തിൽ മനസാക്ഷിയുള്ളവരുടെ നെഞ്ചകത്തെ ഇപ്പോഴും ചുട്ടു പൊള്ളിക്കുന്നുണ്ട്. കെട്ടുകഥകളിലൂടെ തങ്ങൾ പടച്ചുണ്ടാക്കിയ ചാരക്കേസ് മൂലം കഴിവുറ്റ ശാസ്ത്രജ്ഞന്മാരുടെ ജീവിതം നശിപ്പിച്ച മാധ്യമങ്ങൾ കാലങ്ങൾക്ക് ഇപ്പുറം മറ്റൊരു നമ്പി നാരായണനെ പുനസൃഷ്ടിക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു. ചാരക്കേസെന്ന നെറികേടുകൊണ്ട് കരുണാകരനെ കുരുക്കിയവർ  പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പുകച്ചു പുറത്ത് ചാടിക്കാൻ കണ്ടെത്തിയ മറ്റൊരു നമ്പി നാരായണനായിരുന്നു മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ.

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട്, സ്വർണമടങ്ങിയ ബാഗ് വിട്ടുകാെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് ബി രാജൻ വെളിപ്പെടുത്തിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് വിഷയവുമായി ബന്ധമില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും NIA ശിവശങ്കറിനെ രണ്ടാം വട്ടം ചോദ്യം ചെയ്ത് വിടുന്നത് വരെ മാധ്യമങ്ങൾ നിറം പിടിപ്പിച്ച കെട്ടുകഥകൾ പൊടിപ്പും തൊങ്ങലും വെച്ച് ജനങ്ങളോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

NIA യുടെ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ ശിവശങ്കറെ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോൾ പ്രതിസന്ധിയിലായത് കേരളത്തിലെ മാധ്യമങ്ങളാണ്. പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്ത, NIA വിട്ടയച്ച ഒരാളെക്കുറിച്ച് ഇനിയും അപസർപ്പക കഥകൾ മെനയാൻ സ്പേസ് ഇല്ലാത്തത് കൊണ്ട് പറഞ്ഞതൊക്കെ പതിയെ വിഴുങ്ങുകയാണ് മാധ്യമങ്ങൾ. ആ ചുവടുമാറ്റം മാധ്യമ ഭാഷ്യങ്ങളിൽ ഇപ്പോൾ ദൃശ്യവുമാണ്. സ്വപ്നയ്ക്ക് വഴിവിട്ട ബന്ധങ്ങൾ ഉള്ളതറിഞ്ഞതു കൊണ്ടാണ് ശിവശങ്കർ കസ്റ്റംസിൽ വിളിക്കാതിരുന്നതെന്ന് NIA കരുതുന്നതായി മാധ്യമങ്ങൾ ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു!! സിനിമകളെപ്പോലും വെല്ലുന്ന കഥകളും കെട്ടുകഥകളുമൊക്കെ മെനഞ്ഞപമാനിച്ച മാധ്യമങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തെ ഇനി ഹരിശ്ചന്ദ്രനാക്കുമോയെന്ന് കണ്ടറിയണം.

ഇത്രയും നാൾ ശിവശങ്കറെ കുറിച്ച് എഴുതിയും പറഞ്ഞു പരത്തിയതുമായ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്ക് മാധ്യമങ്ങൾ എന്ത് പ്രായശ്ചിത്തമാണ് ചെയ്യുക? ഒരു കുടുംബ നാഥനാണ് എന്ന മാനുഷിക പരിഗണന പോലുമില്ലാതെ അദ്ദേഹത്തെ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനും മദ്യപാനിയും സ്ത്രീജിതനുമൊക്കെ ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗത്ത്‌ നിന്ന് തുടരെ തുടരെ ഉണ്ടായില്ലേ? മനുഷ്യസഹജമായ മര്യാദകൾ പോലും അദ്ദേഹത്തോട് ഇവർ കാണിച്ചില്ല. ആരുടെയൊക്കെയോ പുണ്യം കൊണ്ട് മാത്രം അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാഷ്ട്രീയ വിവാദങ്ങളിൽ ഏറ്റുപിടിച്ച് അന്തവും കുന്തവുമില്ലാത്ത അന്തിചർച്ചയും മറ്റും സംഘടിപ്പിച്ചു കൊണ്ട് വ്യക്തിഹത്യയും, പൈങ്കിളിവൽക്കരണവും വളച്ചൊടിക്കലുമൊക്കെ നടത്തുമ്പോൾ മാധ്യമ നൈതികത വല്ലാതെ കരിന്തിരി കത്തി കറുക്കുന്നുണ്ട്.