ഇഎംഎസ് ഭവനപദ്ധതിക്ക് അപേക്ഷ നൽകി കാത്തിരുന്നവനും കരഞ്ഞിട്ടുണ്ടാവും മംഗലശ്ശേരിത്തറവാട്‌ ജപ്തി ചെയ്യുന്ന രാവണപ്രഭുവിലെ രംഗം കണ്ടപ്പോൾ

64

ഷിജു ആർ

‘ഗുരുവായൂർ ആയിട്ടും കേശവനെപ്പോലെയുള്ള നമ്പൂതിരി യുവാക്കൾക്ക് ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷ പോലും ഓടിക്കേണ്ടി വരുന്നുണ്ട്.. ” വർഷങ്ങൾക്കു മുൻപ് തൊഴിലില്ലായ്മയെ കുറിച്ച് ഒരു വാരിക നൽകിയ ഫീച്ചറിൽ ഉണ്ടായിരുന്ന സചിത്ര പരാമർശം ആണിത്. ബിസിനസ്‌ തകർന്നതിനെ തുടർന്ന് ദാരിദ്ര്യം ആയി ജീവിതത്തിൽ ആദ്യമായി റേഷൻ അരി ഉപയോഗിച്ച കഥ പറഞ്ഞു കരഞ്ഞു പോയ കൂട്ടുകാരന്റെ അമ്മയുണ്ട്. റേഷൻ തള്ളിപ്പോയാൽ ഭൂകമ്പം ഉണ്ടാക്കുന്ന കുടുംബത്തിൽ നിന്നായിട്ടും കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി.

ഇ എം എസ് ഭവന പദ്ധതിക്ക് അപേക്ഷ നൽകി കാത്തിരുന്നവനും കരഞ്ഞിട്ടുണ്ടാവും മംഗലശ്ശേരിത്തറവാട്‌ ജപ്തി ചെയ്യുന്ന രാവണപ്രഭുവിലെ രംഗം കണ്ടപ്പോൾ.നിരന്തരശീലം നിങ്ങൾ അനുഭവിക്കുന്ന സാമൂഹ്യ വിവേചനത്തെയും ദാരിദ്ര്യത്തെയുമെല്ലാം നിത്യാഭ്യാസിയുടെ കയ്യിലെ ആനയാക്കും. അനുഭവിക്കുന്ന നിങ്ങൾക്കും കണ്ടു നിൽക്കുന്നവർക്കും.. അതുകൊണ്ടാണ് ആദ്യ ഉദാഹരണത്തിലെ കേശവന്റെ ദാരിദ്ര്യത്തെ അട്ടപ്പാടിയിലെ ആദിവാസി ഊരിലെ പട്ടിണി മരണത്തേക്കാൾ തീവ്രമായി നാം അനുഭവിക്കുന്നത്. സവർണന്റെ ദാരിദ്ര്യത്തിന് സമൂഹത്തിന്റെ സഹാനുഭൂതിയുടെ സംരക്ഷണ കവചം ഉള്ളപ്പോൾ ദളിതന്റെ ദാരിദ്ര്യത്തിന് പതിവ് കാഴ്ചയുടെ ഒരു നിർവികാരതയുണ്ട്.

ദാരിദ്ര്യ നിർമാർജ്ജനം അടിയന്തിര പ്രാധാന്യത്തോടെ ഭരണകൂടം ഇടപെടേണ്ട ഒരു വെല്ലുവിളി തന്നെയാണ്. പക്ഷേ, സംവരണം ഒരു ദാരിദ്ര്യനിർമാർജ്ജന പദ്ധതിയല്ല. സാമൂഹ്യനീതിയും ജനസംഖ്യാനുപാതിക അധികാര പങ്കാളിത്തവുമാണ് അതിന്റെ ഉദ്ദേശ്യം. സാമൂഹ്യ വിവേചനവും ദാരിദ്ര്യവും പല സന്ദർഭങ്ങളിലും ഒറ്റപ്പാത്രത്തിൽ ഉണ്ടും ഒരു പായിൽ ഉറങ്ങിയും പോവുന്നുവെങ്കിലും രണ്ടും ഒന്നല്ല. രണ്ടു തന്നെയാണ്.

ഒരു ഉദാഹരണം പറയാം. സാമാന്യം നല്ല പാട്ടം വരവ് ഉണ്ടായിരുന്ന കർഷക സമൂഹമായിരുന്ന, സമ്പന്നർ എന്നുതന്നെ വിളിക്കാവുന്ന തിരുവിതാംകൂർ നായന്മാർ എന്തിനാണ് തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗത്തിൽ പങ്കാളിത്തത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയത് ? അതാണല്ലോ മലയാളി മെമ്മോറിയൽ. വരുമാനം ആയിരുന്നില്ല, അതിന്റെ മുഖ്യലക്ഷ്യം. മറിച്ചു സമൂഹത്തിൽ അധികാര പങ്കാളിത്തവും അതുവഴി ലഭിക്കുന്ന സാമൂഹ്യാന്തസ്സും തന്നെയാണ്. മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിൽ രണ്ടു മുതലാളിമാരെ ഓർമ്മയില്ലേ ? ജഗതിയും ഒടുവിൽ ഉണ്ണികൃഷ്ണനും വേഷം ഇട്ടവർ, അതുപോലെ ചേട്ടൻ ബാവ അനിയൻ ബാവ.. സവർണരുടെ സ്വകാര്യ പരദൂഷണങ്ങളിൽ നിന്നും പിറവി കൊണ്ട ഒരു മിത്തിന്റെ കഥാപാത്ര ആവിഷ്കാരങ്ങളാണവ. പണമുള്ള അവർണ്ണനെ സംസ്കാരം ഇല്ലല്ലോ എന്ന് പരിഹസിച്ചു സംതൃപ്തി അടയുന്ന സവര്ണബോധത്തിന്റെ സൃഷ്ടി. (ഇവിടെ സംസ്കാരം എന്നതിന് ജാതി മേൽക്കോയ്മ നിർമ്മിച്ച മുൻവിധികാൾ, പെരുമാറ്റ മാതൃകകൾ എന്നു തന്നെയാണ് അർത്ഥം. അതുകൊണ്ടാണ് ദാരിദ്ര്യം കൊണ്ട് കളവു കാണിക്കേണ്ടി വരുമ്പോഴും മേല്പറഞ്ഞ സംസ്കാരത്തിന്റെ (ജാതി ) വക്താക്കളായ നായകന്മാർക്ക് അവരെ കബളിപ്പിച് അവരുടെ പെൺമക്കളുടെയും ഭാരിച്ച സമ്പത്തിന്റെയും ഉടമകളാവാൻ സാധിക്കുന്നത്.

ഇതൊരു സവർണ ഊഹം മാത്രമല്ല. സംസ്കാരവും ഒരു മൂലധനമാണ്. ഉല്പാദന ക്ഷമതയുള്ള മൂലധനം. ഉദാഹരണത്തിന്, ഒരു അഷ്ട വൈദ്യ പാരമ്പര്യമുള്ള കുടുംബത്തിൽ ഒരാൾ B.A.M.S എടുക്കുന്നു. അതെ ബാച്ചിൽ ഒരു തൊഴിലാളകുടുംബത്തിലെ ഒരു വിദ്യാർത്ഥിയും B.A.M.S എടുക്കുന്നു എന്ന് വയ്ക്കുക. രണ്ടാമത്തെ ആൾക്കാണ് അക്കാഡമിക് സ്കോർ കൂടുതലെങ്കിൽപോലും ആദ്യം പറഞ്ഞയാൾക്ക് തൊഴിൽ രംഗത്ത് ഒട്ടേറെ ആനുകൂല്യങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം പരമ്പരാഗതമായി അയാളുടെ വീട്ടിൽ ഉള്ളവർ അഭീമുഖീകരിച്ച കേസ് അനുഭവങ്ങൾ, റഫറൻസിനുള്ള കൃതികൾ, കുഞ്ഞുനാൾ മുതൽക്കേ ഇവയോടൊക്കെയുള്ള അടുപ്പം ഇതെല്ലാം ചേർന്നതാണ് അയാളുടെ സാംസ്‌കാരിക മൂലധനം. ഈ മൂലധനം അയാൾ സ്വായത്തമാക്കുന്നതിൽ കുടുംബം / ജാതി / തുടങ്ങി അനേകം ഘടകങ്ങളുടെ പരോക്ഷ സ്വാധീനമുണ്ട്. കേവലം മെറിറ്റ് മാനദണ്ഡമാക്കണമെന്നു പറയുന്ന സംവരണ വിരുദ്ധർ കാണാത്തതോ കണ്ടതായി നടിക്കാത്തതോ ആണ് ഈ സാംസ്‌കാരിക മൂലധനം.

മുന്നോക്കക്കാരിലെ ദരിദ്രവിഭാഗത്തെ സംവരണ പരിധിയിൽ കൊണ്ടു വരുന്നത് സംവരണം ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആണെന്നതിനെ അരയ്ക്കിട്ടുറപ്പിക്കും. പ്രത്യേകിച്ച് ദേവസ്വം പോലൊരു സവർണസംവരണ മേഖലയിൽ. ഒരു ദളിതൻ ശാന്തിയായതിൽ യോഗക്ഷേമ സഭയൊക്കെ പ്രതിഷേധം ഉയർത്തിയ സന്ദർഭത്തിൽ അതിനു വേറെയും മാനദണ്ഡം ഉണ്ട്.
സത്യത്തിൽ ആയിരക്കണക്കിന് കൊല്ലങ്ങളുടെ എങ്കിലും സംവരണത്തിന്റെ ദുരന്തത്തിൽ നിന്നും കരകയറാനാണ് നമ്മൾ പുതിയ സംവരണം നടപ്പാക്കിയത്. ക്ഷേത്രകാര്യങ്ങൾ, രാജ്യ ഭരണം, കച്ചവടം, വിദ്യാഭ്യാസം തുടങ്ങി സാമൂഹ്യ മേൽക്കോയ്‌മ ഉറപ്പിക്കുന്ന എല്ലാ ബൗദ്ധിക തൊഴിൽ മേഖലയിലും അയ്യായിരം വർഷം എങ്കിലുമായി ത്രൈവർണർക്ക് ഉറപ്പിച്ചു നിർത്തിയത് സംവരണമല്ലാതെ മറ്റെന്താണ് ? മൊത്തം ജനസംഖ്യയിൽ തുലോം തുച്ഛമായവർ ഇങ്ങനെ സാർവത്രിക സംവരണം വഴി ആയിരത്തണ്ടുകൾ കയ്യടക്കിവച്ച അധികാര വഴികളിൽ തങ്ങളിൽ പെടാത്തവർ അല്പമെങ്കിലും പങ്കാളിത്തത്തിൽ വരുമ്പോൾ അസ്വസ്ഥരാവുന്നത്. ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കാൻ ബാധ്യതപെട്ട ഭരണകൂടങ്ങൾ ഇത്തരം അസംബന്ധങ്ങൾക്ക് കുടപിടിച്ചു കൊടുക്കരുത്.

ഒരു ബസ്സിൽ ലേഡീസ് സീറ്റ്‌ റിസർവേഷൻ ഉണ്ട് എന്നു പറഞ്ഞാൽ അതിനർത്ഥം ബാക്കി സീറ്റുകൾ പുരുഷന്മാരുടേതാണെന്നോ അവിടെ സ്ത്രീകൾക്ക് ഇരുന്നു കൂടെന്നോ അല്ല., അവ പൊതു സീറ്റുകളാണ്. അതുപോലെ ദളിത്‌ കീഴാള, പിന്നാക്ക സംവരണം കഴിഞ്ഞു നമ്മുടെ തൊഴിലവസരങ്ങളിലെ അമ്പതുശതമാനം പൊതു ക്വോട്ട. അതിൽ പത്തു ശതമാനം മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് നൽകുന്നു എന്നു പറഞ്ഞാൽ ഫലത്തിൽ അത്‌ ജന്മം കൊണ്ട് പിന്നാക്കമായിട്ടും ബൗദ്ധികമായി മുന്നാക്കക്കാരായ പ്രതിഭകളുടെ അവസരമാണ് നിഷേധിക്കുക.

സംവരണം കൊണ്ട് ജാതി വിവേചനം അവസാനിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. തീർച്ചയായും ഇല്ല. പക്ഷേ, സാംസ്കാരികവും സാമൂഹ്യവുമായ ബോധവൽക്കരണവും പ്രക്ഷോഭങ്ങളും പോലെ പ്രധാനമാണ് അവസര സമത്വവും തുല്യനീതിയും ഉറപ്പിക്കുക എന്നത്. അതിനുള്ള മുന്നുപാധിയാണ് സംവരണം. അത്‌ എടുത്തു മാറ്റിയാൽ ഉള്ള അവസരം കൂടിയാണ് ഇല്ലാതാവുക . പൊതുമണ്ഡലത്തിൽ ഇപ്പോൾ ഉള്ള പരിമിതമായ കീഴാള സാന്നിദ്ധ്യത്തിൽ സംവരണം വലിയ പങ്കു വഹിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടു വരാനുള്ള നിയമ നിർമ്മാണമാണ് നടക്കേണ്ടത്. കേരളത്തിൽ സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂളിലെ അധ്യാപക / അനധ്യാപക ഒഴിവുകളിൽ പോലും ഇതുവരെ സംവരണ ക്രമം പാലിക്കാൻ നമുക്കായിട്ടില്ല. മൊത്തം സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും എണ്ണത്തിന്റെ സാമുദായികാനുപാതം കണക്കാക്കണം. അപ്പോൾ അറിയാം. എല്ലാ അവസരവും തട്ടിയെടുത്ത കീഴാളനും അവസരം നിഷേധിക്കപ്പെട്ട സവര്ണനും ഒരു മിത്ത് മാത്രമാണെന്ന്..
ജാതി ഹിന്ദുത്വഘടന വർണ്ണാശ്രമ ക്രമത്തിൽ അധിഷ്ഠിതമാണ്. ശൂദ്രർ വരെ ആണ് അത്‌ ഉൾക്കൊള്ളുന്നത്. അതിനപ്പുറം ഉള്ള അവർണ സമൂഹം അതിന്റെ വിശ്വാസ ക്രമമോ ആചാരങ്ങളോ പിൻപറ്റിയവർ അല്ല. ( അതിന് അവർക്ക് അവകാശം ഉണ്ടായിരുന്നില്ല. ) അവർ ആകെ അനുഭവിച്ചത് കടുത്ത അസ്പൃശ്യതയും അടിമത്തവും മാത്രമാണ്. അതുകൊണ്ട് അവർ സെമിറ്റിക് മതങ്ങൾ വന്നപ്പോൾ അവ സ്വീകരിച്ചത്. ബാക്കിയുള്ളവരെ ഹിന്ദുത്വയുടെ ഭാഗമാക്കിയത് ആധുനികതയാണ്. സത്യത്തിൽ മതം സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം അവരുടെ അസ്പൃശ്യത മാറിയില്ല. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഇതര മതസ്ഥർ ആയിപ്പോയി എന്ന കാരണം കൊണ്ടു മാത്രം കീഴാളർക്ക് നിഷേധിക്കുന്നത് ശരിയല്ല.