ആദികവിയുടെ വംശാവലിയിൽ പിറന്ന പെൺകുട്ടീ നീ രാമരാജ്യത്തിൽ സഹിച്ച കാഠിന്യങ്ങളുടെ കണ്ണീരും ചോരയുമൊപ്പാൻ കഴിയാതെ ഈ നാടിൻ്റെ നീതിബോധം നിസ്സഹായമാവുന്നു

66

ഷിജു. ആർ

ബിരുദധാരിയായ, കലാകാരിയായ, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നമ്മുടെ ഹാഷ് ടാഗുകളിലിരുന്ന് നീതി ചോദിച്ച മനീഷ വാൽമീകിയെന്ന പെൺകുട്ടിയാണ് ഉറ്റവരും ഉടയവരുമില്ലാതെ, ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പട്ടടയിലെടുക്കപ്പെട്ടത്. മൃതദേഹത്തിനു വേണ്ടി ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും ബലം പ്രയോഗിച്ച് പോലീസ് അടക്കം ചെയ്യുകയായിരുന്നുവെന്നും ഉത്തരേന്ത്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Hathras Rape Case Manisha Valmiki's Latest News Update Who Was Kumari Manisha? Image & Wikiകന്നുകാലികൾക്ക് തീറ്റ തേടി അത്രയ്ക്ക് അകലെയല്ലാത്ത പാടത്തേക്ക് പോയ മനീഷ തിരിച്ചു വരാതായപ്പോൾ ബന്ധുക്കൾ അന്വേഷിച്ചു ചെല്ലുകയായിരുന്നു. അവരവളെ കണ്ടെത്തുമ്പോൾ നാവു പിഴുതെടുക്കപ്പെട്ട് , നട്ടെല്ല് തകർന്ന് പ്രാണനോട് മല്ലിടിച്ച് കിടക്കുകയായിരുന്നു അവൾ. രാമായണം പറഞ്ഞ ആദികവിയുടെ പരമ്പരയെന്ന് പുരാവൃത്തം പറയുന്ന ഒരു ഗോത്ര പാരമ്പര്യത്തിൻ്റെ ഇങ്ങേയറ്റത്ത് പിറന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയുടെ നാവു പറിക്കുന്ന നീതിയുടെ പേരാവുന്നു രാമരാജ്യം. നാല് ക്രിമിനലുകളുടെ കാമവെറിയുടെ ഭാഗമായ ഒരു ആക്രമണം മാത്രമെന്ന് കരുതുന്ന നിഷ്കളങ്കർ , നിർഭയ കേസിലെ പ്രതികളുടെ അഭിമുഖം കാണണം.

ജാതിദ്വേഷവും ദലിത് വിരോധവും വംശീയ വിദ്വേഷവും പുരുഷാധികാര സദാചാര ബോധവും ചേർന്ന് ആസൂത്രണം ചെയ്ത ഒരു ശുദ്ധീകരണ പ്രക്രിയയായി തങ്ങൾ നടത്തിയ കുറ്റകൃത്യത്തെ മനസ്സിലാക്കുകയും കുറ്റബോധത്തിൻ്റെ തരിമ്പുപോലുമില്ലാതെ അത് അഭിമാനത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നത് കേട്ടാൽ രക്തമുറഞ്ഞു പോവും. സദാചാര ബോധത്തിൽ തങ്ങൾക്കു വഴങ്ങാത്തതും ജന്മം കൊണ്ട് തങ്ങൾക്ക് വെറുക്കപ്പെട്ടവരുമായ സമൂഹങ്ങളെ ഒതുക്കാനുള്ള ആയുധങ്ങളിലൊന്നായി ആണത്ത ശരീരത്തെയും അധികാരം ഉപയോഗിക്കും. പ്രത്യക്ഷത്തിൽ ബലാൽക്കാരത്തിൽ പങ്കെടുക്കാത്ത അധികാരാഭിമുഖ്യമുള്ള മനുഷ്യരും അതിന് പരോക്ഷ പിന്തുണയുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്തും. നിർഭയ പ്രശ്നത്തിലും ഉന്നാവയിലെ ബാലികയെ കൊലപ്പെടുത്തിയതിലുമെല്ലാം നാം കണ്ട, ഒട്ടും ചെറുതല്ലാത്ത ഈ പരോക്ഷ സാധൂകരണം ഒരു പ്രത്യയശാസ്ത്ര ദൗത്യമാണ്.

manisha valmiki images Archives -പെൺകുട്ടികൾക്ക് നേരെ ഉത്തർ പ്രദേശിൽ ബലാൽക്കാരവും കൊലയും വർദ്ധിച്ചു വരുന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യുടെ വാർഷിക റിപ്പോർട്ട് പറയുന്നു. ആ കണക്ക് പ്രകാരം ഓരോ രണ്ട് മണിക്കൂറിലും ഒരു ബലാൽക്കാരക്കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. ഓരോ 90 മിനിറ്റിലും ഒരു കുട്ടി ആക്രമിക്കപ്പെടുന്നു. 2018ൽ 18 വയസ്സിന് താഴെയുള്ള 144 പെൺകുട്ടികൾ ബലാൽക്കാരം ചെയ്യപ്പെട്ടു. ഇതൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. അതിലുമേറെയാവും യഥാർത്ഥ്യങ്ങൾ. ചിത്രത്തിൽ കാണും പോലെ തൻ്റെ മകളെ സംസ്കരിക്കുന്നത് ചെറുക്കാൻ ശ്രമിച്ച അമ്മയോട് “നിങ്ങൾ നാടകം നിർത്ത്. ” എന്നാണത്രേ അധികൃതർ പറഞ്ഞത്. അക്രമാസക്ത കാമമല്ല, ഹിംസാതക അധികാരമാണ് മനീഷയെ ഇത്ര ദാരുണമായി ബലാൽക്കാരം ചെയ്തു കൊന്നത്. കാമം അധികാരത്തിൻ്റെ ഇന്ധനമായതാണ്. ആദികവിയുടെ വംശാവലിയിൽ പിറന്ന പെൺകുട്ടീ.നീ സഹിച്ച കാഠിന്യങ്ങളുടെ കണ്ണീരും ചോരയുമൊപ്പാൻ കഴിയാതെ ഈ നാടിൻ്റെ നീതിബോധം നിസ്സഹായമാവുന്നു.ഒരു പൂവ് നിൻ്റെ ഓർമ്മകളിൽ ഞാനും സമർപ്പിക്കുന്നു.
ഷിജു. ആർ