അത്രമേൽ സെൻസിറ്റിവ് ആയിരിക്കുക എന്നതൊരു പോരായ്മയാണോ ?

0
375

ശിൽപ നിരവിൽപുഴ

ഇമോഷണലി വളരെ അധികം സെൻസിറ്റിവ് ആയ ഒരാളാണ് ഞാൻ എന്നിടക്ക് തോന്നാറുണ്ട്.
ഉദാഹരണത്തിന്, നിരന്തരം പോവുന്ന വഴിയിലോ ബസിലോ എന്നും കണ്ടു മുട്ടുന്ന ഒരു മനുഷ്യൻ. പേരെന്താണ് നാടേതാണ് യാതൊന്നുമറിയാത്ത ഏതോ ഒരു മനുഷ്യൻ. എല്ലാ ദിവസവും എന്നെ നോക്കി ചിരിക്കുന്ന ആ മനുഷ്യൻ ഒരൊറ്റ ദിവസം ചിരിക്കാതിരുന്നാൽ, അതല്ലെങ്കിൽ ഒരു ദിവസം അയാളെ കാണാതായാൽ അന്നത്തെ ദിവസം ഒന്നാകെ അത് ചിന്തിച്ചു വിഷമിക്കുന്ന തരത്തിലാണ് ഇടക്കെന്റെ മാനസികാവസ്ഥ.

കയ്യിലുള്ള കീ ചെയ്ൻ പിടിക്കും എന്നുറപ്പിച്ചു ചുമ്മാ മുകളിലോട്ട് എറിഞ്ഞത് തിരിച്ചു വീഴുമ്പോൾ കൈ തട്ടി താഴെ വീഴുന്നത്, ഒട്ടുമിഷ്ടമല്ലാത്ത ഒരു പാട്ട് ഉറക്കെ കേട്ടു പോവുന്നത്, കുളിക്കുമ്പോൾ ചെവിയ്ക്കുള്ളിൽ രണ്ടു തുള്ളി വെള്ളം അറിയാതെ കടന്നു പോവുന്നത്, അത്ര മേൽ നിസ്സാരമായ ഒരു കാര്യം പോലും ഒരു ദിവസം മുഴുവൻ എന്നെ അലോസരപ്പെടുത്തിയെന്നിരിക്കും.

അതേ പോലെ തന്നെയാണ് തിരിച്ചും. ഏറ്റവുമടുത്ത സുഹൃത്ത് ഒട്ടും പ്രതീക്ഷിക്കാതെ ഒരു സർപ്രൈസ് വിസിറ്റ് നൽകുന്നത്, കുറെയധികം കാലത്തിന് ശേഷം പണ്ടെപ്പോഴോ കണ്ടു മറന്ന മനുഷ്യർ ഒരു ഫോൺ കോളിന്റെയോ മെസേജിന്റെയോ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്, സോഫക്കരികിൽ ഞാനറിയാതെ ആരെങ്കിലുമൊരു ചോക്ലേറ്റോ, കിടക്കയിൽ വർണക്കടലാസിൽ പൊതിഞ്ഞൊരു നോവലോ കൊണ്ടു വന്ന് വക്കുന്നത്, അത് മാത്രം മതിയാവും ഹൃദയം തുറന്ന് ചിരിക്കാനും ആ ചിരി ഒരാഘോഷമാവാനും. കൂടെയുള്ളവരിലേക്കെല്ലാം പടരുന്ന ഒരനുഭൂതിയാണ് ഓരോ ചിരിയും സന്തോഷവും.

പറഞ്ഞു വന്നത് പക്ഷെ അതിനെ കുറിച്ചല്ല. അതായത് പെട്ടെന്ന് ചിരിക്കുന്ന, പെട്ടെന്ന് കരയുന്ന, ഞൊടിയിടയിൽ മൂഡ് സ്വിങ്ങുകൾക്ക് വിധേയമാവുന്ന മനുഷ്യർക്ക് ചിലപ്പോൾ ഒരു പ്രത്യേകത ഉണ്ട്. മറ്റ് മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞെന്നു വരും. വികാരങ്ങളാണ് അവരെ മുഴുവനായും കൈകാര്യം ചെയ്യുന്നത്. എളുപ്പത്തിൽ അവരുടെ കടിഞ്ഞാൺ കൈക്കലാക്കാനാവും. അത്തരത്തിൽ ഉള്ളൊരാൾ തന്നെയാണ് ഞാൻ.

മുമ്പൊക്കെ ചെയ്ത് കൊണ്ടിരുന്നത് സ്ഥിരം മോട്ടിവേഷനുകളിൽ പറയുന്നത് പോലെ,
കണ്ണാടിയിൽ നോക്കി നീ സൂപ്പറാണ് എന്ന് പറയുന്ന ലൈനിലുള്ള പരിപാടികളാണ്. ഇമോഷണലി വീക്ക് ആയ ഒരാളേ അല്ല എന്ന് സ്വയം ബോധ്യപ്പെടുത്തൽ. അത് കൊണ്ട് സത്യത്തിൽ യാതൊരുപകാരവുമില്ല എന്നതാണ് വാസ്തവം. തെറ്റ് തിരുത്തലിന്റെ ആദ്യ പടി തെറ്റാണ് ചെയ്തത് എന്നംഗീകരിക്കലാണ്. അത് പോലെ തന്നെയാണിവിടെയും. അത്രമേൽ സെൻസിറ്റിവ് ആയിരിക്കുക എന്നതൊരു പോരായ്മ ആണ് എന്ന് അംഗീകരിക്കാത്തിടത്തോളം എങ്ങനെയാണ് അതിനൊരു പരിഹാരം കണ്ടെത്താനാവുക.

ഈ അടുത്ത് അവിചാരിതമായി കണ്ടുമുട്ടിയ, മുമ്പ് കണ്ടിട്ടേ ഇല്ലാത്ത ഇനിയൊരിക്കലും കാണാൻ ഇടയില്ലാത്ത ഒരു മനുഷ്യൻ. കൂടി വന്നാൽ ഒരു മുപ്പത് മിനിറ്റ് സംസാരിച്ചു കാണും.
എങ്കിലുമത് തന്നൊരു പോസിറ്റിവ് എനർജി ഉണ്ട്. ജീവിതത്തിൽ ഇന്നേവരെ കിട്ടിയിട്ടില്ലാത്ത ഒന്ന്.
ഇതേ കാര്യമാണ് ആ മനുഷ്യനും പറഞ്ഞത്. Accept the reality എന്ന് മാത്രം. നൂറു ശതമാനം പെർഫെക്റ്റ് ആയ എല്ലാം തികഞ്ഞ മനുഷ്യർ ആരുമില്ല. പിന്നെന്തിനാണ് നിരന്തരം സ്വയം കബളിപ്പിക്കാൻ ശ്രമിക്കുന്നത്. ഇമോഷണലി ഇടക്കെങ്കിലും വീക്ക് ആണെന്നും, പെട്ടെന്ന് തന്നെ ഓണാവാനും ഓഫാവാനും പാകത്തിന് സെൻസിറ്റിവ് ആയ ആളാണെന്നും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതിലൊരു പ്രശ്നവുമില്ല.

നെഗറ്റിവിറ്റി പടർത്തുന്ന മനുഷ്യരിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും പരമാവധി വിട്ടു നിൽക്കുക എന്നതാണ് ആദ്യ പടി. സ്വയം ചെറുതാവുന്ന, self respectന് മുറിവേൽക്കുന്ന ഇടങ്ങളിൽ ചെന്നുപെടാതിരിക്കുക എന്നത് രണ്ടാം പടി. അത് ചെയ്ത് കഴിഞ്ഞാൽ തന്നെ കാര്യങ്ങളൊക്കെ ഏറെക്കുറെ ശരിയാവും. അതത്ര എളുപ്പമല്ല താനും. എങ്കിലും ഒന്ന് മാത്രം മനസിലാക്കുക,
സെൻസിറ്റിവ് ആയിരിക്കുക എന്നതൊരു കുറ്റമേ അല്ല. ഇമോഷണലി വീക്ക് ആവുക എന്നതിനർത്ഥം നിങ്ങൾക്ക് ബോൾഡ് ആയിരിക്കാനും അതിജീവിക്കാനും കഴിയുകയില്ല എന്നുമല്ല.
ഒന്നുമില്ലെങ്കിലും ഉള്ളുതുറന്നു ചിരിക്കാനും കരയാനും കഴിയുന്നത് ഒരനുഗ്രഹമല്ലേ..,ല്ലേ