ഇയാളുടെ ആദ്യ സിനിമ കണ്ട് അയ്യേ എന്ന് കളിയാക്കി ചിരിച്ചത് ഇന്നും ഓർമയുണ്ട്
പിന്നീട് തിരിച്ചുവന്ന് ചാപ്പാ കുരിശും, 22 ഫീമെയിൽ കോട്ടയവും, ഡയമണ്ട് നെക്ലേസും അങ്ങനെയങ്ങനെ. ഇതയാൾ തന്നെയാണോ എന്നതിശയിപ്പിക്കും വിധത്തിൽ എത്രയെത്ര കഥാപാത്രങ്ങൾ…!
145 total views

ശിൽപ നിരവിൽപുഴ
ഇയാളുടെ ആദ്യ സിനിമ കണ്ട് അയ്യേ എന്ന് കളിയാക്കി ചിരിച്ചത് ഇന്നും ഓർമയുണ്ട്.
പിന്നീട് തിരിച്ചുവന്ന് ചാപ്പാ കുരിശും, 22 ഫീമെയിൽ കോട്ടയവും, ഡയമണ്ട് നെക്ലേസും അങ്ങനെയങ്ങനെ. ഇതയാൾ തന്നെയാണോ എന്നതിശയിപ്പിക്കും വിധത്തിൽ എത്രയെത്ര കഥാപാത്രങ്ങൾ…!
ഡയമണ്ട് നെക്ലേസ് പോലെ ഇത്രയേറെ തവണ ആസ്വദിച്ചു കണ്ട മറ്റൊരു മലയാള സിനിമ ഓർമയിൽ വരുന്നില്ല. ആത്യന്തികമായി മനുഷ്യൻ സ്വാർത്ഥനാണെന്നും മുഖം മൂടി അഴിഞ്ഞുവീഴുന്ന ഒരു നിമിഷം വരുമെന്നും എങ്കിലുമയാൾക്കു വേണ്ടിയും നന്മയുടെ നേരിയൊരു പാത തുറന്നു തരാൻ ദൈവത്തിന്റെ രൂപത്തിൽ ഒരു മനുഷ്യൻ വരുമെന്നും അരുൺ ഇടക്കിടക്ക് ഓർമിപ്പിക്കാറുണ്ട്. ഓരോ തവണ കാണുമ്പോഴും “പൂവെല്ലാം ദൂരെ യാത്രയായി” എന്ന പാട്ടിൽ അയാൾക്കൊപ്പം ഞാനും കരയാറുണ്ട്.
22 ഫീമെയിൽ കോട്ടയം കണ്ട് കുറേ കാലം ചുറ്റുമുള്ള ആണുങ്ങളെ (#notallmen☺️) പേടിയോടെയും വെറുപ്പോടെയും മാത്രമേ എനിക്ക് നോക്കിക്കാണാൻ സാധിച്ചിരുന്നുള്ളൂ. സിറിൽ, നിങ്ങൾ ചെയ്ത ചതിക്ക് ഞാൻ മനസുകൊണ്ടൊരായിരം വട്ടം നിങ്ങളെ കൊന്നു കളഞ്ഞിട്ടുണ്ട്. അതൊരു കഥാപാത്രമാണ്, ഫഹദല്ല എന്ന് മറന്ന് പോവാറുണ്ട്.ഒരിന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥ് തൻ്റെ ഉള്ളിലെ പ്രണയത്തെ കെട്ടുപൊട്ടിച്ചഴിച്ചുവിട്ട് ഓമന കോമള താമരപൂവേ എന്ന താളത്തിനൊത്ത് ചുവടുവക്കുമ്പോൾ ഐറിനോട് എനിക്കും പറഞ്ഞറിയിക്കാനാവാത്ത സ്നേഹം തോന്നിയിട്ടുണ്ട്.
തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടെന്റെ മാല പൊട്ടിച്ചു പോയ ഒരുവനോട് തോന്നുന്ന എല്ലാ ദേഷ്യവും അമർഷവും അയാളോട് ഞാൻ മനസ്സിൽ കൂട്ടിവച്ചിട്ടുണ്ട്. സിനിമ കണ്ട് കുറേ ദിവസത്തേക്ക് മഹേഷിന്റെ പ്രതികാരത്തിന്റെ ചൂട് കൊണ്ടാവാം ഇടക്കൊക്കെ ചെരുപ്പിടാത്ത കാല് നിലത്തു തൊടുമ്പോൾ പൊള്ളാറുണ്ട്.എന്റെ സങ്കൽപ്പത്തിലെ പ്രണയനായകനെന്നും ബാംഗ്ലൂർ ഡെയ്സിലെ ശിവയുടെ മുഖമാണ്. മരിച്ചുപോയൊരു സ്നേഹം അയാളിലെ കൊതിപ്പിക്കുന്ന കാമുകനെ കവർന്നെടുത്തു കൊണ്ടുപോയത്, അതേ സ്നേഹം മറ്റൊരാളുടെ രൂപത്തിൽ അയാളെ വീണ്ടെടുക്കുന്നത് കണ്ട് ഒരുപാട് തവണ ആ മനുഷ്യനെ ആരാധിച്ചിട്ടുണ്ട്. അന്നയെ റസൂല് നോക്കും പോലെ കണ്ണിൽ പ്രണയം കാത്തു സൂക്ഷിക്കുന്ന ഒരുവന് വേണ്ടി കാത്തിരുന്നിട്ടുണ്ട്.
സിബിക്കൊപ്പം അറിയാത്ത ഏതോ നിധി തേടി ഭയപ്പെടുത്തുന്നൊരു കൊടും കാട്ടിലേക്ക് കാർബൺ എന്നും കൂട്ടിക്കൊണ്ടുപോവാറുണ്ട്. ജോജി കണ്ടു തീർന്നപ്പോൾ മേലാസകലമുണ്ടായൊരു മരവിപ്പ് കുറേ ദിവസത്തേക്ക് മാറിയിട്ടില്ല. ബേബിമോളെ തന്റെ തല ചരിച്ചു വച്ചു തുറിച്ചു നോക്കി കള്ളച്ചിരിയോടെ നോക്കുന്ന സൈക്കോ ഷമ്മി ഹീറോ അല്ലെങ്കിലും ഫഹദ് എന്നും പ്രിയപ്പെട്ട ഹീറോ ആയിരുന്നു.
കഴിഞ്ഞു പോയ തലമുറയെ കുറിച്ചറിയില്ല, എങ്കിലും ഈ തലമുറ ഫഹദിനെയും അയാളുടെ കഥാപാത്രങ്ങളെയും ഒരു കാലത്തവരെ വിസ്മയിപ്പിച്ച മനോഹരമായ സിനിമകളുടെ രൂപത്തിൽ മനസിൽ സൂക്ഷിക്കുമെന്ന് തന്നെയാണ് വിശ്വാസം.
അയാളുടെ അഭിനയമികവിനെ കുറിച്ച് പറയാനല്ല, അതിനപ്പുറത്തേക്ക് ചുറ്റുമുള്ള മനുഷ്യർ മുഴുവൻ കളിയാക്കി ചിരിച്ച് കഴിവില്ലാത്തവനെന്ന് മുദ്ര കുത്തിയിടത്തു നിന്ന് വീണുപോവാതെ വർഷങ്ങൾക്കിപ്പുറം അതേ മനുഷ്യരെ കൊണ്ട് ആരാധനയോടെ നോക്കിക്കാണാൻ പ്രേരിപ്പിച്ച അയാളുടെ നിശ്ചയദാർഢ്യത്തെ കുറിച്ച് പറയാൻ ആണിഷ്ടം. പൊതുബോധം കല്പിച്ചു വച്ച സൗന്ദര്യ സങ്കല്പങ്ങളുടെ ചട്ടക്കൂടിൽ നിന്ന് മാറിനിന്ന് കൊണ്ട് തന്നെ ഒരു വലിയ വിഭാഗം മനുഷ്യരുടെ ഇടയിലേക്ക് നായകനായി നിങ്ങൾ വളർന്നുവന്നത് ഇടക്കെങ്കിലും കുറെയധികം പേർക്ക് പ്രചോദനമാവുന്നുണ്ട്, തീർച്ച..!🙂
എന്റെ ഉള്ളിലുള്ള പ്രണയവും വിരഹവും പ്രതികാരവും വേദനയുമൊക്കെ ഒരു കഥയായി സങ്കല്പിക്കുമ്പോൾ അതിലൊരിക്കൽ പോലും ഫഹദിന്റെ മുഖം ഉണ്ടാവാതിരുന്നിട്ടില്ല, സത്യം..
Happy bday Fahad..😍😍😍😍😍
Nb : തീർത്തും വ്യക്തിപരമായ അഭിപ്രായം
146 total views, 1 views today
