Featured
ഒരു പെണ്ണിന്റെ ഫെയ്സ്ബുക്ക് ടൈംലൈനും ഇൻബോക്സും നിങ്ങളുടെ സ്വഭാവദൂഷ്യം പരിഹരിക്കാൻ ഉള്ള ദുർഗുണ പരിഹാര പാഠശാല അല്ല
ട്ടും മൈനോറിറ്റി അല്ലാത്ത ഒരുകൂട്ടം മനുഷ്യരോടാണ് സംസാരിക്കുന്നത്. ഒരാളുടെ സ്വകാര്യതയെ നിങ്ങളിനി എന്ന് തൊട്ടാണ് ബഹുമാനിക്കാൻ പഠിക്കുക?
177 total views

ഒട്ടും മൈനോറിറ്റി അല്ലാത്ത ഒരുകൂട്ടം മനുഷ്യരോടാണ് സംസാരിക്കുന്നത്. ഒരാളുടെ സ്വകാര്യതയെ നിങ്ങളിനി എന്ന് തൊട്ടാണ് ബഹുമാനിക്കാൻ പഠിക്കുക? ഒരു മനുഷ്യന്റെ ജീവിതത്തിലേക്കുള്ള അനാവശ്യമായ ഒളിഞ്ഞുനോട്ടങ്ങളും കൈകടത്തലുകളും നിങ്ങളിനി എന്നാണ് അവസാനിപ്പിക്കുക?
ഒന്നാദ്യം മനസിലാക്കണം.., ഒന്നോ രണ്ടോ പോട്ടെ, പത്തു മെസേജിനും മറുപടി ഇല്ലാതിരിക്കുന്നതിന് കാരണം.., ഒന്നുകിൽ ആ വ്യക്തിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ലാത്തത് കൊണ്ടാവാം.
അതുമല്ലെങ്കിൽ അയാളുടെ മാനസികാവസ്ഥ ഒരു സംസാരത്തിന് ചേരുന്നതല്ലായിരിക്കാം.
ഇനി അതുമല്ലെങ്കിൽ നിങ്ങളുടെ മെസേജിന് ചേർന്നൊരു മറുപടി അയാളുടെ പക്കൽ ഇല്ലാത്തതായിരിക്കാം. ഇതിൽ ഏതായാലും തുടർന്ന് സംസാരിക്കാതിരിക്കുക എന്നതൊരു മിനിമം മര്യാദ ആണ്.
തീർത്തും അപരിചിതനായ/അപരിചിതയായ ഏതൊരു വ്യക്തിയുടെയും ഇൻബോക്സിൽ നിന്ന് നിങ്ങളാഗ്രഹിക്കുന്ന സ്നേഹവും സൗഹൃദവും ഞൊടിയിടയിൽ കൊയ്തെടുക്കാം എന്ന് കരുതുന്നത് വിവരക്കേടാണ്. നട്ടുച്ചക്കും നട്ടപ്പാതിരക്കും നിരന്തരം അനുവാദമില്ലാതെ കോൾ ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ, ഹലോ ഹായ് എന്നൊഴുക്കി വിടുമ്പോൾ മറുവശത്ത് നിങ്ങളോട് സംവദിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തി ഏത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നിങ്ങളെ പോലെ തന്നെ കരയുന്ന, ചിരിക്കുന്ന, വെറുക്കുന്ന, പശ്ചാത്തപിക്കുന്ന വികാരവും വിവേകവുമുള്ള ഒരു മനുഷ്യജീവിയാണ് മറുവശത്തും എന്നാദ്യം തിരിച്ചറിയണം.
നിങ്ങൾക്ക് ഒരുപക്ഷേ ഊഹിക്കാൻ പോലും കഴിയാത്ത അത്രയും വന്യമായ പോരാട്ടങ്ങൾ ആയിരിക്കാം അവർ അനുദിനം പൊരുതി ജയിക്കുന്നത്. നിങ്ങളുടെ ചിന്താധാരയുടെ ഏഴയലത്ത് പോലും എത്താത്ത അത്രയും ഭീകരമായ സാഹചര്യങ്ങളിലാവാം അവർ നിരന്തരം ജീവിച്ചു കൊണ്ടിരിക്കുന്നത്.
സഹജീവിയോടുള്ള ബഹുമാനം മാത്രം (അതിനപ്പുറമൊന്നുമില്ല) നൽകി അവരെ ജീവിക്കാൻ അനുവദിച്ചേക്കണം.
ചുമ്മാ വെറുതെ ഇരിക്കുമ്പോൾ പെണ്ണിന്റെ പേരിൽ ഒരക്കൗണ്ട് തുടങ്ങണം. പ്രൊഫൈൽ പിക്ചറായി ഒരു പൂവോ പൂമ്പാറ്റയോ അതുമല്ലെങ്കിൽ ശാലീന സുന്ദരിയായ ഒരു സെലിബ്രറ്റിയുടെ ഫോട്ടോയോ ഇട്ടു നോക്കുക. ഇനി റാന്റമായി നാലഞ്ചു പോസ്റ്റ് ഷെയർ ചെയ്ത് നോക്കുക. പിന്നെ നിങ്ങളുടെ മെസഞ്ചർ ഇൻബോക്സ് പൂവണിഞ്ഞോളും. രാവിലെ മുതൽ രാത്രി വരെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചു നിങ്ങളുടെ അച്ഛനമ്മമാരെക്കാൾ ആവലാതി ആയിരിക്കും അവർക്ക്. നിങ്ങൾക്ക് ഉടുക്കാനുള്ള വസ്ത്രങ്ങളുടെ ലഭ്യതയെ കുറിച്ചു പോലും അവർ ആശങ്കപ്പെടും. ഒരിക്കൽ പോലും നിങ്ങളെ ഒറ്റയ്ക്ക് വിടാൻ കൂട്ടാക്കാത്ത സ്നേഹം വാരിവിതറുന്ന മനുഷ്യരുണ്ടാവും അവിടെ.
അവിടെ ഇതാണ് അവസ്ഥ എങ്കിൽ ഒന്നാലോചിച്ചു നോക്കണം. അത്യാവശ്യം തുറന്നെഴുതുന്ന, സ്വന്തം ഫോട്ടോ കവർ പിക്കും പ്രൊഫൈൽ പിക്കും ആയി അപ്ലോഡ് ചെയ്യുന്ന, നിലപാടുകൾ വ്യക്തമാക്കുന്ന,
രാഷ്ട്രീയ അവബോധമുള്ള, സിനിമയെ കുറിച്ചും സംഗീതത്തെ കുറിച്ചും സ്പോർട്സിനെ കുറിച്ചും വാചാലരാവുന്ന, തങ്ങൾ കണ്ട സ്വപ്നങ്ങളെന്തെന്ന് വിളിച്ചു പറയാൻ ഒരുക്കമായ, കൂടെ ഉള്ളവരെ താങ്ങും തണലും കൊടുത്തു ചേർത്തുനിർത്തുന്ന, അതിനെ കുറിച്ചു നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ ഇൻബോക്സിൽ എന്തായിരിക്കും അവസ്ഥ.
നിങ്ങളുടെ തരം താണ കോംപ്ലക്സുകളും ഫ്രസ്ട്രേഷനുകളും കെട്ടഴിച്ചു വിടാനുള്ള വേദി അല്ല ഒരു പെണ്ണിന്റെയും ടൈംലൈനും കമന്റ് ബോക്സും ഇൻബോക്സും എന്ന് ദയവ് ചെയ്ത് മനസിലാക്കണം.
പരിധി വിട്ട് അലോസരപ്പെടുത്തുന്ന മെസേജുകൾ അയക്കുന്നവരെ ബ്ലോക്ക് ചെയ്യുകയാണെങ്കിൽ ഒരു ദിവസം ശരാശരി എത്ര പേരെ ബ്ലോക്ക് ചെയ്യേണ്ടി വരുമെന്ന് ഒന്ന് ഊഹിച്ചു നോക്കാമോ?
അവർ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നത് നിങ്ങളെ പേടിച്ചിട്ടല്ല. നിങ്ങളുടെ നിലവാരമില്ലാത്ത ചവറുകൾക്ക് മറുപടി തരാനും നിങ്ങളെ ഉപദേശിച്ചു നന്നാക്കാനും സമയമില്ലാത്തത് കൊണ്ടാണ്. നിരന്തരം അവർ നിശബ്ദമായി എത്രയോ വിപ്ലവങ്ങൾക്ക് തയ്യാറെടുക്കുന്നുണ്ട്. അതിനിടയിൽ കരടുപോലെ വന്നെത്തുന്ന ആയിരങ്ങളിൽ ഒന്നായ നിങ്ങൾക്ക് വേണ്ടി അമൂല്യമായ ഒരു നിമിഷം പോലും പാഴാക്കാൻ ഒരുക്കമല്ലാത്തത് കൊണ്ടാണ്.
ഇനി ബ്ലോക്ക് ചെയ്താൽ തന്നെ ഉടനടി ഫെയ്ക്കുകളുടെ മേളമാണ്. മുഖപടമണിഞ്ഞു വരുന്ന ഊളകൾക്ക് പ്രോത്സാഹനമാവേണ്ട എന്ന് കരുതിയാവണം നിങ്ങളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് വരുന്ന മെസേജുകൾ ഇടക്കെങ്കിലും സഹിച്ചു വിട്ടുകളയുന്നത്. സീൻ ആക്കി വിട്ട പത്തും ഇരുപതും മെസേജുകൾ എന്നെങ്കിലും മറുപടി തരാൻ വേണ്ടി കാത്തുവച്ചതാണെന്നു കരുതാൻ മാത്രം നിഷ്കളങ്കരാണോ നിങ്ങൾ? വായിക്കാനായിരിക്കില്ല, കുന്നുകൂടി കിടക്കുന്ന നോട്ടിഫിക്കേഷൻ ക്ലിയർ ചെയ്യാൻ സ്ക്രീനിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഓപ്പൺ ചെയ്തു വിട്ടതാവാം നിങ്ങൾ പറയുന്ന സീൻ മെസേജുകൾ ഒക്കെയും. കട്ട് ചെയ്യപ്പെടുന്ന ഫോൺ കോളുകൾ ഒന്നും കൈ തട്ടി സംഭവിച്ചു പോയ അബദ്ധങ്ങളല്ല. സ്വയം വേണ്ട എന്നു വച്ചവ തന്നെയാണ്.
നിങ്ങളെനിക്ക് മെസേജ് ചെയ്യേണ്ടതില്ല എന്ന ഡയലോഗിനായി നിങ്ങളെന്തിനാണീ കാത്തിരിക്കുന്നത്? മറുപടി ഇല്ലാതിരിക്കലും അതിന് തുല്യമാണെന്ന് മനസിലാക്കാൻ എന്തിനാണിത്ര അസഹിഷ്ണുത. ഇനി തീരുമാനം മാറുകയാണെങ്കിൽ ഒരു മെസേജുമായോ കോളുമായോ തിരികെ വരാൻ അവർക്കൊരു മടിയും കാണില്ല.മുറതെറ്റാതെ ഉള്ള ഗുഡ് മോർണിങ്ങും ഗുഡ് ആഫ്റ്റർ നൂണും ഗുഡ് നൈറ്റും അവരുടെ മനസുമാറ്റുമെന്നു നിങ്ങൾ വൃഥാ മോഹിക്കുകയാണ്, വേറൊന്നുമില്ല.
ഒരു മനുഷ്യന്റെ ഇൻബോക്സിൽ വരുന്ന മെസേജുകൾ പ്രദർശിപ്പിക്കുന്നത് ഒട്ടും ന്യായമല്ലെന്നു വാദിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അതൊരിക്കലും അവിടെ എന്ത് വേണമെങ്കിലും വിളിച്ചു പറയാൻ നിങ്ങൾക്കെഴുതി തരുന്ന ലൈസൻസ് അല്ല എന്നാദ്യം മനസിലാക്കണം. നട്ടപ്പാതിരക്ക് പന്ത്രണ്ട് മണിക്ക് ഉറക്കമൊന്നുമില്ലേ എന്നയക്കാൻ തുടങ്ങുമ്പോൾ ഉറങ്ങിക്കൊണ്ടാണോ നിങ്ങൾ മെസേജ് അയക്കുന്നത് എന്നൊന്നാലോചിച്ചു നോക്കണം. നിങ്ങളെ പോലെ ഇഷ്ടമുള്ളപ്പോൾ ഓപ്പൺ ചെയ്യാനുള്ള സ്വാതന്ത്ര്യം ഫെയ്സ്ബുക്ക് അവർക്കും കൊടുത്തിട്ടുണ്ട്. ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം അവർക്ക് സ്വയം നോക്കാൻ അറിയാം. നിങ്ങളുടെ യാതൊരു സഹായവും ആവശ്യമില്ല.
വീണ്ടും പറയുകയാണ്, ഒരു പെണ്ണിന്റെയും (ആണിന്റെയും) ഫെയ്സ്ബുക്ക് ടൈംലൈനും ഇൻബോക്സും നിങ്ങളുടെ സ്വഭാവദൂഷ്യം പരിഹരിക്കാൻ ഉള്ള ദുർഗുണ പരിഹാര പാഠശാല അല്ല.
അവർ അവരെ വരച്ചുകാട്ടാനും അവർക്ക് പറയാനുള്ളത് തുറന്നു പറയാനും നെയ്തെടുത്ത സുന്ദരമായൊരിടം മാത്രമാണ്. ദയവ് ചെയ്ത്, അനുവാദമില്ലാതെ അതിലേക്ക് വീണ്ടും വീണ്ടും കടന്നു ചെന്ന് സ്വയം അപഹാസ്യരാവരുത്. സൗഹൃദങ്ങൾക്ക് അതിന്റേതായ മാന്യത ഉണ്ട്. അല്ലെങ്കിൽ തന്നെ അവർ ഇതെത്ര കണ്ടിരിക്കുന്നു.എത്ര പഴകി തഴമ്പിച്ചതാണിതൊക്കെയും. ഇത് നിങ്ങളോടുള്ളതാണ്,
നിങ്ങളോട് മാത്രം..😊
178 total views, 1 views today